അതിജീവനപോരാട്ടത്തിന്റെ ലോകമാതൃകയായി വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിന് സജ്ജം. കൽപറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ മാർച്ചിന് ഒന്നിന് നടക്കുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. വീടെന്ന സ്വപന സാക്ഷത്ക്കാരത്തിലേക്ക് സർക്കാർ കൈപ്പടിച്ചുയർത്തുമ്പോൾ 178 കുടുംബങ്ങൾക്ക് ഏഴ് സെന്റ് ഭൂമിയുടെ പട്ടയം മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് കൈമാറും. ടൗൺഷിപ്പിൽ വീട് സ്വന്തമാക്കുന്നതിന് നറുക്കെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു.
ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടമായ മുണ്ടക്കൈ ഗവ എൽപി സ്കൂൾ, വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളാർമല വില്ലേജ്, വെറ്റിറിനറി പോളി ക്ലിനിക്, അങ്കണവാടി എന്നിവ മേപ്പാടി ഗ്രാമപഞ്ചായത്തിൽ തന്നെ നിർമ്മിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുകയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ 13 പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലേജ് പരിസരത്ത് കണ്ടെത്തിയ അഞ്ച് ഏക്കർ ഭൂമി റവന്യു വകുപ്പ്ഏറ്റെടുത്തിട്ടുണ്ട്. ഭൂമിയുടെ പട്ടയം മുഖ്യമന്ത്രി ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഗുണഭോക്താക്കൾക്ക്കൈമാറും. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടൗൺഷിപ്പ് മാതൃകയിലാണ് പുതിയ വില്ലേജിലും പുനരധിവാസം സജ്ജമാക്കുന്നത്. ടൗൺഷിപ്പിൽ വീട്, സാമ്പത്തിക സഹായം എന്നിവ വേണ്ടെന്ന് പറഞ്ഞവരും സാമ്പത്തിക സഹായം മാത്രം മതിയെന്ന് പറഞ്ഞവരും നിലവിൽ ടൗൺഷിപ്പിലേക്ക് വരാൻ സന്നദ്ധത അറിയിച്ചതായും കളക്ടർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന ദിവസം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതർക്ക് മാർച്ച് ഒന്നിന് ഏൽസ്റ്റണിൽ നടക്കുന്ന ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം വാഹന സൗകര്യ ഒരുക്കും. പട്ടയം ലഭിക്കുന്ന ഗുണഭോക്താക്കൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിക്കും. ഉദ്ഘാടന വേദിയോട് ചേർന്ന് മെഡിക്കൽ ടീമിന്റെ സേവനവും ഉറപ്പാക്കും. ദുരന്ത മേഖലയിൽ ശാസ്ത്രീയ പഠനങ്ങൾ നടത്താനെത്തുന്നവർക്ക് അവസരമൊരുക്കും.
ഏഴ് സെന്റ് സ്ഥലത്തിന്റെ പട്ടയം അനുവദിച്ച ഉത്തരവ്, വൈദ്യുതി-കുടിവെള്ളം-റേഷൻ കാർഡ് കണക്ഷനുകൾ, വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ എന്നിവയ്ക്കുള്ള നടപടികളും പൂർത്തിയാക്കി. വൈദ്യുതി-കുടിവെള്ള കണക്ഷനുകളുടെ ജൂൺ മാസം വരെയുള്ള തുക സർക്കാർ അടയ്ക്കും. മൂന്ന് മാസത്തിന് ശേഷം കണക്ഷനുകൾ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റി സ്ഥാപിക്കും.
ഗുണഭോക്താക്കൾക്ക് പട്ടയവും ഉടമസ്ഥാവകാശവും കൈമാറാൻ 20 കൗണ്ടറുകൾ റവന്യു വകുപ്പ് സജ്ജീകരിക്കും. ഗുണഭോക്താക്കൾ അന്നേദിവസം അസൽ ആധാർ കാർഡും കളക്ടറേറ്റിൽ നിന്നും നൽകിയ ടോക്കൺ നമ്പറും കൈയിൽ കരുതണം. വീടിന്റെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം, വൈദ്യുതി-കുടിവെള്ള കണക്ഷൻ എന്നിവ അടങ്ങിയ രേഖ കൈമാറും. വീടിന്റെ ഉടമസ്ഥാവകാശം കല്പറ്റ നഗരസഭയാണ് നൽകുക. ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളിലെ വൈദ്യുതി-കുടിവെള്ള കണക്ഷൻ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിക്കുക. ടൗൺഷിപ്പിൽ നിർമ്മിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂർത്തീകരിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്ഷൻ മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രം കൈമാറുമെന്നും ഡി ആർ മേഘശ്രീ അറിയിച്ചു.
വയനാട് ടൗൺഷിപ്പ് സജ്ജം

