Site iconSite icon Janayugom Online

വയനാട് ദുരന്തം; ഡിഎൻഎ പരിശോധനയിലൂടെ 36 പേരെ തിരിച്ചറിഞ്ഞു

വയനാട് ദുരന്തത്തിൽ ഡിഎൻഎ പരിശോധനയിലൂടെ 36 പേരെ തിരിച്ചറിഞ്ഞു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളിൽ നിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീര ഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉൾപ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങൾ ഉൾപ്പെടെ 36പേരെ തിരിച്ചറിഞ്ഞത്. കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും കളക്ടർ പറഞ്ഞു. 

അതേസമയം, മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായി. 728 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നത്. ഇവരെ സർക്കാർ ക്വാർട്ടേഴ്‌സുകൾ, സർക്കാർ സ്‌പോൺസർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയ വാടകവീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്കാണ് മാറ്റിതാമസിപ്പിച്ചത്. ഫർണിച്ചർ കിറ്റ്, ഷെൽട്ടർ കിറ്റ്, കിച്ചൺ കിറ്റ്, ക്ലീനിങ് കിറ്റ്, പേഴ്‌സണൽ ഹൈജീൻ കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് എന്നിവയുൾപ്പെടെയാണ് ബാക്ക് ടു ഹോം കിറ്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ദുരന്തബാധിതരായ കുടുംബത്തിലെ തൊഴിൽരഹിതരായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം പരമാവധി രണ്ട് പേർക്ക് പ്രതിമാസം 18000 രൂപ വീതം ധനസഹായവും സർക്കാർ നൽകും.

Exit mobile version