മുണ്ടക്കൈ ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേരളത്തിനുള്ള കേന്ദ്ര ധനസഹായം ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉറപ്പ് നൽകിയതായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് അറിയിച്ചു.
ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധനസഹായം പ്രത്യേക പാക്കേജായി അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ച വളരെ പ്രതീക്ഷ നൽകുന്നതാണെന്നും കെ വി തോമസ് പറഞ്ഞു.
വിഷയത്തില്‍ കേന്ദ്ര സർക്കാരിന്റെ തീരുമാനം സമയബന്ധിതമായി തന്നെ ഉണ്ടാകുമെന്നാണ് സൂചനയെന്നും തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സാങ്കേതിക തടസ്സങ്ങൾ ഒന്നും തന്നെയില്ലെന്നാണ് കരുതുന്നതെന്നും പ്രൊഫ. കെവി തോമസ് പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് കേരളം നൽകിയിട്ടുള്ള ഫയലുകൾ മന്ത്രി പരിശോധിച്ചിട്ടുണ്ട്.
കേന്ദ്രസംഘം ചൂരൽമലയിലെത്തി നടത്തിയ പരിശോധനയുടെ റിപ്പോർട്ടും കേന്ദ്ര ധനകാര്യസമിതിയുടെ പരിശോധനയിലാണെന്നും എന്നാൽ, എത്ര തുക നൽകും എന്നതുസംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും കെവി തോമസ് പറഞ്ഞു.