വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തെ കുറ്റപ്പെടുത്തി പഠനങ്ങളും ലേഖനങ്ങളും തയ്യാറാക്കാന്‍ കൂലി എഴുത്തുകാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വഴി പരിസ്ഥിതി മന്ത്രാലയം നടത്തിയ ശ്രമങ്ങൾ സംബന്ധിച്ച വാർത്ത ‘ദി ന്യൂസ് മിനിറ്റ്’ പുറത്തു വിട്ടു.
കേരള സർക്കാരിന്റെ നയങ്ങളാണ് ദുരന്തത്തിനു കാരണമെന്ന് സ്ഥാപിച്ചെടുക്കുന്ന തരത്തിൽ ലേഖനങ്ങളെഴുതാൻ മേഖലയിലെ മൂന്ന് പേരുമായാണ് പിഐബി ബന്ധപ്പെട്ടത്. റിപ്പോര്‍ട്ടില്‍ എന്തൊക്കെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം തന്നെ എഴുത്തുകാരോട് നിഷ്കർഷിക്കുന്നു. ‘വയനാട് ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ’ എന്ന പേരിൽ ആവശ്യമായ പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് വേഡ് ഡോക്യുമെന്റ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന രീതിയില്‍ എഴുതാന്‍ തയ്യാറുള്ളവർക്ക് നല്‍കും.
ഉരുൾപൊട്ടലുണ്ടാകാനുള്ള കാരണം ക്വാറികൾ അനുവദിക്കുന്നതില്‍ സംസ്ഥാന സർക്കാർ പിന്തുടരുന്ന നയങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ ഉതകുന്ന വ്യാജ വിവരങ്ങള്‍ നിറച്ച് ലേഖനങ്ങള്‍ എഴുതാന്‍ നിർദേശമുണ്ട്. ഇതിനായി ക്വാറികളുടെ എണ്ണവും ഉരുൾപൊട്ടലുകളുടെ എണ്ണവും താരതമ്യം ചെയ്യാൻ നിർദേശിക്കുന്നു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികളുടെ എണ്ണം, 2018ലെ പ്രളയത്തിനുശേഷം ക്വാറികളുടെ എണ്ണം വർധിച്ചത് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും നിബന്ധനകളുണ്ട്.
ഉരുൾപൊട്ടലിന് ക്വാറികൾ കാരണമെന്ന വാദം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതിനാൽ ശാസ്ത്രജ്ഞർ ഇത്തരം ലേഖനങ്ങളെഴുതാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കൂലിയെഴുത്തിനുള്ള ശ്രമം നടത്തുന്നത്. പിഐബിക്ക് സ്വന്തം നിലയ്ക്ക് ഇത് ചെയ്യാനാവാത്തതുകൊണ്ടാണ് പരിസ്ഥിതി മന്ത്രാലയം തന്നെ വ്യാജ വാര്‍ത്താ നിര്‍മ്മിതിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
അപകട ലഘൂകരണ ഭൂപടം (റിസ്ക് റിഡക്ഷൻ മാപ്പ്) തയ്യാറാക്കുന്നതിൽ കേന്ദ്ര ഖനന മന്ത്രാലയം വരുത്തിയ വീഴ്ച വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരമൊരു ഭൂപടം കേന്ദ്രം പുറത്തിറക്കിയാൽ മാത്രമേ അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ആ പ്രദേശത്ത് നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർക്ക് വിവേചനാധികാരമുണ്ടെങ്കിലും സ്ഥിരമായി നിയന്ത്രണം കൊണ്ടുവരാൻ സാധിക്കില്ല.
ദേശീയ ദുരന്തനിവാരണ അതോറിട്ടി പറയുന്നതനുസരിച്ച് അപകട ലഘൂകരണ ഭൂപടം തയ്യാറാക്കാനുള്ള അധികാരം കേന്ദ്ര ഖനന വകുപ്പിനാണ്. കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള വീഴ്ച മറയ്ക്കാനും പിഐബി വഴിയുളള നീക്കത്തിന് പിന്നിലുണ്ട്. കേരളത്തിലെ ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ സംബന്ധിച്ച രേഖകൾ സർക്കാർ വകുപ്പുകളിൽ നിന്ന് ചോർത്തി നൽകാന്‍ ആശ്രയിക്കേണ്ടവരുടെ ഫോൺ വിവരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ കക്ഷി രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് മോഡി സര്‍ക്കാരും ബിജെപിയും. ദുരന്തത്തിന്റെ രണ്ടാംനാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാനത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.
English Summary: Wayanad tragedy: Center hires writers to write articles blaming Kerala
You may also like this video