Site iconSite icon Janayugom Online

വയനാട് പുനരധിവാസം വേഗത്തിലാക്കും; പദ്ധതിയുടെ ചെലവ് 750 കോടി

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. പുനരധിവാസത്തിനുള്ള കരട് പദ്ധതി ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയാണ് കരട് അവതരിപ്പിച്ചത്. ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കുന്നതും ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ ചര്‍ച്ച നടത്തും. പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കും. വിഷയത്തിലുള്ള തീരുമാനങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. 

രണ്ട് ടൗണ്‍ഷിപ്പുകൾ ഒറ്റഘട്ടമായി നിര്‍മ്മിക്കാനാണ് ധാരണ. രണ്ട് പ്രദേശങ്ങളിലായിട്ടായിരിക്കും ഈ ടൗൺഷിപ്പുകൾ നിർമ്മിക്കുക. ഏകദേശം 750 കോടിയാണ് ചെലവായി കണക്കാക്കുന്നത്. 1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാവുക. പദ്ധതി രേഖയില്‍ സ്‌പോണ്‍സര്‍മാരുടെ ലിസ്റ്റ് ഉള്‍പ്പെടുത്തും. 50 വീടുകള്‍ക്കു മുകളില്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്‌പോണ്‍സര്‍മാരായി പരിഗണിക്കുമെന്നും തത്വത്തില്‍ തീരുമാനമായി. ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിയമതടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും ധാരണയായി. 

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ഞായറാഴ്ചയായ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി ചേര്‍ന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ആദ്യ ഘട്ട ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ലിസ്റ്റില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാന്‍ 15 ദിവസം അനുവദിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലോ വെള്ളാര്‍മല വില്ലേജ് ഓഫിസിലോ വൈത്തിരി താലൂക്ക് ഓഫിസിലോ സബ്കളക്ടറുടെ മെയിലിലോ പരാതി നല്‍കാം. മേപ്പാടി ഗ്രാമപഞ്ചായത്തിലും, വെള്ളാര്‍മല വില്ലേജിലും ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇവിടെ പ്രത്യേക ഹെല്‍പ്പ് ഡെസ്കുകള്‍ 15 ദിവസം പ്രവര്‍ത്തിക്കും. പരാതികള്‍ ഹെല്‍പ് ഡെസ്കിലും നല്‍കാം. 15 ദിവസം കഴിഞ്ഞാല്‍ സബ് കളക്ടര്‍ റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥ സംഘത്തോടൊപ്പം നേരിട്ട് ആക്ഷേപം ഉന്നയിച്ചവരുടെ സ്ഥലം പരിശോധിച്ച് ആ ലിസ്റ്റ് കരട് തയ്യാറാക്കി ഡി‍ഡിഎംഎ അന്തിമമായി പരിശോധിച്ച് ജനുവരി പകുതിയോടെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ലിസ്റ്റ് പുറത്തിറക്കി ഏതാനും ദിവസങ്ങള്‍ക്കകം രണ്ടാമത്തെ ലിസ്റ്റ് കൂടി പുറത്തിറക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ നേരത്തെ അറിയിച്ചിരുന്നു. 

Exit mobile version