Site icon Janayugom Online

കലകളെ പ്രോത്സാഹിപ്പിച്ച് കലാകാരന്മാരെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാന്‍

ജനകീയകലകളെ നിലനിര്‍ത്തി കൊണ്ട് തന്നെ എല്ലാ കലാകാരന്മാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കലകളെ പ്രോത്സാഹിപ്പിക്കുമെന്നും കലാകാരന്‍മാരെ സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള സംഗീത നാടക അക്കാദമിയുടെ 2020ലെ പുരസ്‌കാര സമര്‍പ്പണം തൃശൂര്‍ കെ ടി മുഹമ്മദ് സ്മാരക തിയറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കലകളെ സംരക്ഷിക്കാന്‍ ശ്രമമുണ്ടാകണം. ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണുള്ളത്. കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂട്ടായ പരിശ്രമവും ഉണ്ടാകണം. കലയില്‍ കാലിക പ്രസക്തിക്ക് മുന്‍ഗണന നല്‍കും. കലാരംഗത്തെ അക്കാദമിക സംവിധാനങ്ങളില്‍ ഇനിയും കാലികമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് അക്കാദമികളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതുംകൂടി വായിക്കു: അഴീക്കല്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

കലയോടൊപ്പം മലയാള ഭാഷയും സംരക്ഷിക്കപ്പെടണം. ഇതിനായി പുതിയ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകും. മലയാളം ഭരണഭാഷയാക്കിയിട്ടും അതിനോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനം മാറണമെന്നും മന്ത്രി വ്യക്തമാക്കി. ആശങ്കാകുലരായ പാരമ്പര്യകലാകാരന്മാരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവരുടെ കലകളുടെ പ്രദര്‍ശനത്തിനും വരുമാനത്തിനുമായി അന്തര്‍ദേശീയ നിലവാരമുള്ള സംവിധാനം ഒരുക്കും. ഉത്സവപ്പറമ്പുകളില്‍ വിവിധ കലകളെ പ്രോത്സാഹിപ്പിക്കുന്ന രീതി സര്‍ക്കാര്‍ ആവിഷ്‌കരിക്കും. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ കലകളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു കേന്ദ്രം സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതുംകൂടി വായിക്കു: അവശരായ കലാകാരന്മാരെ ഏറ്റെടുത്തു സംരക്ഷിക്കുന്നതിന് സംരക്ഷണ കേന്ദ്രം ആരംഭിക്കും: മന്ത്രി സജി ചെറിയാന്‍

കേരള സംഗീത നാടക അക്കാദമിയുടെ പരിധിയില്‍പ്പെടുന്ന കലാമേഖലകളില്‍ അതുല്യസംഭാവന നല്‍കിയ കലാകാരന്‍മാര്‍ക്കുള്ള 2020 ലെ ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാരങ്ങള്‍ എന്നിവ ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു. വിവിധ കലാരംഗത്ത് സംഭാവനകള്‍ നല്‍കിയ 17 പേര്‍ക്കാണ് മന്ത്രി അവാര്‍ഡ് നല്‍കിയത്. വിവിധ കലാരംഗത്ത് സംഭാവനകള്‍ നല്‍കിയ 19 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങളും സമര്‍പ്പിച്ചു.100 ദിനം — 100 പുസ്തകം — പുസ്തകക്കാലം എന്ന നാമധേയത്തിലുള്ള കേരള സംഗീത നാടക അക്കാദമിയുടെ ബൃഹത്തായ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന നൂറ് പുസ്തകങ്ങളില്‍ ആദ്യത്തെ നാല് പുസ്തകങ്ങള്‍ മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. ഇതോടൊപ്പം ആര്‍ക്കൈവ്‌സ്, ഡിജിറ്റല്‍ ലൈബ്രറി, മ്യൂസിയം, പൈതൃക മതില്‍ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത ആമുഖ പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പി.വി ബാലന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി, അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ ഫ്രാന്‍സിസ് ടി മാവേലിക്കര, അഡ്വ.വി.ഡി.പ്രേമപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
eng­lish summary;We will pro­tect the artists by pro­mot­ing the arts: Min­is­ter Saji Cherian
you may also like this video;

Exit mobile version