ഊര്‍ജ, ഭക്ഷ്യ മേഖലകളിലെ പ്രതിസന്ധികളും പണപ്പെരുപ്പവും തുടരുന്നതിനാല്‍ ഈ വര്‍ഷം തന്നെ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായേക്കുമെന്ന് ലോക സാമ്പത്തിക ഫോറം ഉച്ചകോടി (ഡബ്ല്യുഇഎഫ്) സര്‍വേ. ഉച്ചകോടിയുടെ ഭാഗമായി ഐഎംഎഫ് അടക്കം രാജ്യാന്തര ഏജൻസികളിൽനിന്നുള്ള മുതിർന്ന 22 സാമ്പത്തിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചാണ് സര്‍വേ നടത്തിയത്. ബിസിനസ് മേഖലയിലെ ചെലവ് ചുരുക്കല്‍ വ്യാപകമാകും. പ്രമുഖ ടെക് കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനകം ചെലവ് ചുരുക്കലിലേക്ക് കടന്നുകഴിഞ്ഞു. പണപ്പെരുപ്പം കുറയുമെന്നും കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം മാന്ദ്യം ഉണ്ടാകുമെന്ന് സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു.
പണപ്പെരുപ്പത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണ് സാമ്പത്തിക വിദഗ്ധർ പൊതുവേ പങ്കുവയ്ക്കുന്നത്. മൂന്നിലൊന്നു പേർ ഇതിനോടു യോജിച്ചില്ല. ഉക്രെയ്ൻ യുദ്ധമടക്കമുള്ള സംഘർഷങ്ങൾ ആഗോള സമ്പദ്ഘടനയെ സ്വാധീനിക്കുന്നത് തുടരും. ഊർജപ്രതിസന്ധി മൂലം യൂറോപ്പിലെ വളർച്ചാ നിരക്ക് ദുർബലമായി തുടരുമെന്ന കാര്യത്തിൽ പൊതുഅഭിപ്രായമാണുള്ളത്. യുഎസിലെ വളർച്ചാ നിരക്കും മോശമായി തുടരുമെന്ന് 91 ശതമാനം പേരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ദക്ഷിണേഷ്യയിലെ ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങള്‍ നേട്ടമുണ്ടാക്കുമെന്നും സര്‍വെയില്‍ പറയുന്നു.
ചൈനയില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് ഉല്പാദനവും വിതരണ ശൃംഖലകളും കേന്ദ്രീകരിക്കുന്നതാണ് ഈ നേട്ടത്തിന് കാരണമാകുകയെന്നാണ് സര്‍വേയില്‍ പറയുന്നത്. അതേസമയം നേരത്തെ ഐഎംഎഫിന്റെ മാന്ദ്യ പ്രവചനത്തില്‍ നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പറഞ്ഞിരുന്നത്. ലോകത്തെ സാമ്പത്തിക, രാഷ്ട്രീയ വിദഗ്ധർ ഒത്തുചേരുന്ന ഏറ്റവും വലിയ സമ്മേളനമാണ് ലോക സാമ്പത്തിക ഫോറം ഉച്ചകോടി. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ഉച്ചകോടി 20ന് സമാപിക്കും. ലോക നേതാക്കളും വ്യാപാര, അക്കാദമിക മേഖലകളിലെ പ്രമുഖരും സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യും.
English Summary: WEF warns of global recession
You may also like this video