Site iconSite icon Janayugom Online

യാത്രാക്ലേശമില്ലാതെ പുതുവർഷത്തെ വരവേൽക്കാം; കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകള്‍ പുലർച്ചെ വരെ

പുതുവത്സരാഘോഷങ്ങൾക്കായി നഗരത്തിലേക്കെത്തുന്ന ജനത്തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ, വാട്ടർ മെട്രോ, ഫീഡർ ബസ് സർവീസുകളിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡിസംബർ 31ന് അർധരാത്രിക്ക് ശേഷവും യാത്രക്കാർക്ക് സർവീസുകൾ ലഭ്യമാകും. കൊച്ചി മെട്രോ ട്രെയിനുകൾ പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30ന് പുറപ്പെടും. തിരക്ക് കണക്കിലെടുത്ത് ഇടപ്പള്ളി സ്റ്റേഷനിൽ നിന്ന് രണ്ട് ഭാഗത്തേക്കുമുള്ള അവസാന സർവീസുകൾ പുലർച്ചെ രണ്ട് മണിക്ക് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

വാട്ടർ മെട്രോ റൂട്ടുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡിസംബർ 31ന് രാത്രി 7 മണിയോടെ പതിവ് സർവീസുകൾ അവസാനിക്കുമെങ്കിലും, ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ 4 മണി വരെ ഹൈക്കോർട്ട്-മട്ടാഞ്ചേരി, ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടുകളിൽ പ്രത്യേക സർവീസുകൾ ഉണ്ടാകും. ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുന്നവർക്കായി വൈപ്പിൻ‑ഹൈക്കോർട്ട് റൂട്ടിലും, ഹൈക്കോർട്ട്-എം.ജി റോഡ് സർക്കുലർ റൂട്ടിലും ഇലക്ട്രിക് ഫീഡർ ബസുകൾ പുലർച്ചെ 4 മണി വരെ ലഭ്യമാകും. മെട്രോ, റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഈ അധിക സർവീസുകൾ ഏറെ സഹായകമാകും.

Exit mobile version