ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും തുക കൃത്യമായി വിതരണം ചെയ്യാതെ പെന്‍ഷന്‍കാരെ ബുദ്ധിമുട്ടിലാക്കി കേന്ദ്രസര്‍ക്കാര്‍. വിഷു, റംസാൻ ആഘോഷ കാലയളവിൽ അനുവദിച്ച രണ്ട് ഗഡു ക്ഷേമ പെൻഷനിൽ കേന്ദ്ര വിഹിതം ക്യത്യമായി ലഭിക്കാത്തതു മൂലം 400 മുതൽ 1000 രൂപ വരെയാണ് 6.88 ലക്ഷത്തോളം പെൻഷൻകാർക്ക് കുറയുന്നത്. ഈ വിഹിതം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്.
എന്നാൽ, കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ മുടക്കുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും പെൻഷൻക്കാർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ മുൻകൂറായി പണം അനുവദിച്ചിരുന്നു. കേന്ദ്ര സർക്കാർ വിഹിതം വിതരണം ചെയ്യേണ്ട പിഎഫ്എംഎസ് അധികൃതർക്ക് തുക കൈമാറിയിട്ടും പലർക്കും രണ്ട് ഗഡു കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ല. സാങ്കേതിക തകരാറിന്റെ പേര് പറഞ്ഞ് സംസ്ഥാനം നൽകിയ തുകയും കേന്ദ്രം മുടക്കുകയാണെന്നാണ് പെൻഷൻകാരുടെ ആക്ഷേപം.
കഴിഞ്ഞമാസം വിതരണം പൂർത്തിയാക്കിയ ഒരു ഗഡു പെൻഷനിലും ഇതേ പ്രശ്നമുണ്ടായി. മാർച്ച് 15ന് കേരളം കൈമാറിയ തുക മൂന്നാഴ്ച കഴിഞ്ഞിട്ടും മുഴുവൻ പേർക്കും വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ അധികൃതർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന്റെ പി എഫ് എം എസ് പബ്ലിക് ഫിനാൻസ് മാനേജുമെന്റ് സിസ്റ്റം ( പി എഫ് എം എസ്) എന്ന നെറ്റ് വർക്ക് വഴി ആക്കണമെന്ന നിർദേശം വന്നു. ഇതനുസരിച്ച് കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാൽ, സംസ്ഥാനം മുന്‍കൂറായി തുക നല്‍കിയിട്ടും കേന്ദ്ര സർക്കാർ വിഹിതം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ, വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനങ്ങൾക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് 6.88 ലക്ഷം പേർക്ക് കേന്ദ്ര സഹായം ലഭിക്കുന്നത്. ഇത് കൃത്യമായി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തന്നെ തുകയും നൽകുന്നത്. തുടർന്ന് റീഇമ്പേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുന്നതും. ഇത്തരത്തിൽ 2021 ജനുവരി മുതൽ സംസ്ഥാനം നൽകിയ കേന്ദ്ര വിഹിതം കുടിശികയായിരുന്നു. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടതിന്റെ ഭാഗമായി 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിനുശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല.
English Summary: Welfare Pension: Denies central share even as state pays
You may also like this video