ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ പ്രയോജനം അർഹരായ എല്ലാവർക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിത ബോധവത്കരണം നടപ്പാക്കണമെന്ന് സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്. സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്ന സഹജീവനം പദ്ധതി ഇതിൽ ഏറെ ശ്രദ്ധേയമാണ്. ഇത്തരം പദ്ധതികളെക്കുറിച്ച് എല്ലാ ഭിന്നശേഷിക്കാരെയും അറിയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ അനിവാര്യമാണ്. ജില്ലാ പഞ്ചായത്ത് ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമായി നിർവഹിക്കുന്നുണ്ട്. ശാരീരിക പരിമിതികളെ അതിജീവിക്കുന്നതിന് സഹായകമായ നൂതന സാങ്കേതിക വിദ്യയുടെ പിൻബലമുള്ള ഉപകരണങ്ങൾ ഭിന്നശേഷിക്കാർക്ക് നൽകാൻ സാധിക്കുന്നത് വലിയ നേട്ടമാണ്. ഭിന്നശേഷി സൗഹൃദാന്തരീക്ഷത്തിൽ കേരളത്തെ രാജ്യത്ത് എറ്റവും മുന്നിലെത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം-മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. വനിതകൾക്ക് മന്ത്രിയും പുരുഷൻമാർക്ക് എച്ച് സലാം എം എൽ എയും സ്കൂട്ടറുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ എ അലക്സാണ്ടർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവും സാമൂഹ്യ നീതി വകുപ്പ് അഡീഷണൽ ഡയറക്ടർ എസ് ജലജയും മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി എസ് താഹ, എ ശോഭ, വത്സല ടീച്ചർ, എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ ഒ അബീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2021–22ലെ വാർഷിക പദ്ധതി വിഹിതം വിനിയോഗിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേനയാണ് പദ്ധതി നിർവ്വഹണം നടത്തിയത്.