പശ്ചിമേഷ്യന്‍ സംഘര്‍ഷം ഊര്‍ജ പ്രതിസന്ധിക്ക് പുറമേ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഗള്‍ഫില്‍ നിന്ന് പണം അയയ്ക്കുന്നതിനും തടസമാകുന്നു. ഇത് രാജയത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുകയും ഡോളറിനെതിരെ 92.46 എന്ന റെക്കോർഡ് താഴ്ചയിലേക്ക് വീണ രൂപയുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്യും.
പശ്ചിമേഷ്യയിൽ ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാർ തൊഴിലെടുക്കുന്നുണ്ട്. ഇവരില്‍ പലരും കുടുംബമായാണ് താമസിക്കുന്നത്. യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാര്‍ തദ്ദേശീയ ജനസംഖ്യയെക്കാൾ കൂടുതലാണ്. ഇന്ത്യൻ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യമില്ലാത്തവരാണ്. ഇവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് കിട്ടുന്ന വരുമാനം നാട്ടിലുള്ള കുടുംബങ്ങളെ സഹായിക്കാൻ അയയ്ക്കുന്നു. ഇതിന് നികുതി കൊടുക്കേണ്ട. കേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഈ പണമയയ്ക്കൽ ജീവിതമാർഗവും സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുമാണ്.
പ്രവാസി ഇന്ത്യക്കാർ 2010–11‑ൽ അയച്ചത് 55.6 ബില്യൺ ഡോളറായിരുന്നു. 2024–25‑ൽ ഇത് 135.4 ബില്യൺ ഡോളറായി ഉയര്‍ന്നു. 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 3.5% ആയിരുന്നു ഇത്. ആർബിഐയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, മുൻ വർഷത്തെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 64.7 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ, ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ പണമയയ്ക്കൽ 73 ബില്യൺ ഡോളറായി ഉയർന്നു.
രാജ്യത്തിന് വേണ്ട ഊർജത്തിന്റെ ഭൂരിഭാഗത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ഉയർന്ന വ്യാപാര കമ്മി നേരിടുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വിദേശ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ പ്രവാസികളുടെ വരുമാനം ഒരു പ്രധാന സ്രോതസ്സായി തുടരുന്നു. ‘മിക്ക വർഷങ്ങളിലും പ്രവാസികള്‍ അയയ്ക്കുന്ന പണം മൊത്തത്തിലുള്ള വിദേശനിക്ഷേപത്തേക്കാള്‍ കൂടുതലാണ്. പുറത്തു നിന്നുള്ള ഫണ്ടിങ്ങിന്റെ ഒരു പ്രധാന സ്രോതസ് എന്ന നിലയിൽ പ്രവാസി വരുമാനം പ്രാധാനമാണെന്ന്’ ഈ വർഷം ആദ്യം പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പ്രവാസി വരുമാനം ചരിത്രപരമായി ഏറ്റവും കൂടുതലുള്ളത് ഗൾഫ് രാജ്യങ്ങളില്‍ നിന്നാണ്. 2024–25 ൽ, 27.7 ശതമാനവുമായി യുഎസ് ആയിരുന്നു ഒന്നാമത്. തുടർന്ന് യുഎഇ (19.2%), യുകെ (10.8%), സിംഗപ്പൂർ (6.6%) എന്നിവയായിരുന്നു. ’ ഇന്ത്യയിലെ പ്രവാസികളുടെ പണമയയ്ക്കല്‍ അനുപാതം ജിസിസി രാജ്യങ്ങളില്‍ ഏറ്റവും ഉയർന്നതായതിനാൽ രൂപ കൂടുതൽ ദുർബലമായേക്കാമെന്ന് ഇന്ത്യ റേറ്റിങ്സ് ആന്റ് റിസർച്ചിലെ ചീഫ് ഇക്കണോമിസ്റ്റ് ദേവേന്ദ്ര പന്ത് പറഞ്ഞു. കൂടാതെ നീണ്ടുനിൽക്കുന്ന സംഘർഷം ഇന്ത്യയിലേക്കുള്ള പണമയയ്ക്കലിനെ ബാധിച്ചേക്കാമെന്നും പറഞ്ഞു.
തുടക്കത്തിൽ ആളുകൾ ഹെൽപ്പ് ലൈനിലേക്ക് പരിഭ്രാന്തരായാണ് വിളിച്ചിരുന്നത്, ഇപ്പോൾ ഭൂരിപക്ഷവും തങ്ങളുടെ ജോലി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാൽ സംഘര്‍ഷം അവസാനിക്കാന്‍ കാത്തിരിക്കുകയാണെന്ന് നോർക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശേരി പറഞ്ഞു. സൗദി അറേബ്യയിൽ നിന്ന് വിമാനങ്ങൾ ലഭിക്കുന്നതിന് ട്രാൻസിറ്റ് വിസകൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പലരും സമീപിക്കുന്നുണ്ടെന്നും പറഞ്ഞു.
ആർബിഐയുടെ കറൻസി ആന്റ് ഫിനാൻസ് റിപ്പോർട്ട് (ആർസിഎഫ്) പ്രകാരം, പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ഉയരുന്നത് കാരണം 2029 ആകുമ്പോഴേക്കും രാജ്യത്തേക്കുള്ള പണമടയ്ക്കൽ 160 ബില്യൺ ഡോളറായി ഉയരും. എന്നാൽ ഇറാൻ‑ഇസ്രായേൽ‑യുഎസ് യുദ്ധം ഇന്ത്യയുടെ കുടിയേറ്റ രീതികളെയും പണമടയ്ക്കൽ സംവിധാനങ്ങളെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

