Site iconSite icon Janayugom Online

പശ്ചിമേഷ്യൻ സംഭവവികാസങ്ങൾ ലോകസമാധാനത്തിന് വെല്ലുവിളി

ലോകമെമ്പാടും സമാധാനകാംക്ഷികളുടെ ഭയം ഒരു യാഥാർത്ഥ്യമായിരിക്കുന്നു. ഫെബ്രുവരി മാസം കടന്നുപോയത് വിനാശകരമായ ഒരു യുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലോടെയാണ്. പശ്ചിമേഷ്യയിൽ യുഎസും ഇസ്രയേലും തുടങ്ങിവച്ച യുദ്ധത്തിന്റെ വ്യാപ്തിയും ഭീകരതയും പ്രവചനാതീതമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനുമേൽ ബോംബുവർഷിച്ച് നൂറിലധികം കുഞ്ഞുങ്ങളെ കൊന്നൊടുക്കിക്കൊണ്ടാണ് യുഎസ്, ഇസ്രയേലി യുദ്ധഭീകരത അരങ്ങേറിയത്. ഇറാനിൽ ഭരണമാറ്റത്തിന്റെ പേരിലാണ് നിരപരാധികൾ കൂട്ടക്കൊലചെയ്യപ്പെട്ടത്. ഇറാന്റെ ആണവശേഷിയുടെ പേരിൽ യുഎസും ഇസ്രയേലും പാശ്ചാത്യ ശക്തികളും പതിറ്റാണ്ടുകളായി തുടർന്നുവരുന്ന നിഴൽയുദ്ധമാണ് എല്ലാമറകളുംനീക്കി പൂർണതോതിലുള്ള യുദ്ധമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. യുദ്ധം ഒരുദിവസം പിന്നിടുമ്പോഴേക്കും പശ്ചിമേഷ്യയെ ആകെ ഗ്രസിച്ചിരിക്കുന്ന മേഖലാ യുദ്ധത്തിന്റെ രൂപം കൈവരിച്ചിരിക്കുന്നു. ലോകത്തിന്റെ സുപ്രധാന ഇന്ധനസ്രോതസുകളിൽ ഒന്നായ പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന യുദ്ധം മനുഷ്യരാശി ഇന്നോളം അഭിമുഖീകരിച്ചിട്ടുള്ളതിൽ ഏറ്റവും കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നു. രാഷ്ട്രത്തിന്റെ പരമോന്നത നേതാവടക്കം രാജ്യത്തിന്റെ നേതൃനിരയെ അപ്പാടെ തുടച്ചുമാറ്റിയ യുദ്ധത്തോടുള്ള ഇറാന്റെ പ്രതികരണം മേഖലയിലെ രാജ്യങ്ങളെ ഒന്നാകെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. ലോകത്തിന്റെ സുപ്രധാന സാമ്പത്തികകേന്ദ്രങ്ങളിൽ ഒന്നായ പശ്ചിമേഷ്യയിൽ ആരംഭിച്ചിരിക്കുന്ന യുദ്ധം പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന ആശങ്ക ലോകജനതയെ മുൾമുനയിലാക്കിയിരിക്കുന്നു.
നിലവിലുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍പ്പറത്തികൊണ്ടാണ് യുഎസും ഇസ്രയേലും ഇറാന്റെ മേൽ കടന്നാക്രമണം നടത്തിയത്. ഇറാനടക്കം പശ്ചിമേഷ്യയെ സ്വന്തം വരുതിയിലാക്കി നിയന്ത്രിക്കാൻ പാശ്ചാത്യ സാമ്രാജ്യത്വശക്തികൾ എക്കാലത്തും ശ്രമിച്ചുപോന്നിരുന്നു. പശ്ചിമേഷ്യയുടെ എണ്ണയും പ്രകൃതിവാതക സമ്പത്തും നിയന്ത്രിക്കാൻ അവിടത്തെ രാഷ്ട്രീയപ്രക്രിയയുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ സാമ്രാജ്യത്വശക്തികൾ നടത്തിപോന്ന ഇടപെടലുകളുടെ ചരിത്രമാണ് ആധുനിക മനുഷ്യരാശിയുടെ ചരിത്രത്തെ നിർണയിക്കുന്നത്. ഇസ്രയേൽ എന്ന ജൂതരാഷ്ട്രത്തിന്റെ സ്ഥാപനത്തിനുപിന്നിലെ രാഷ്ട്രീയവും മറ്റൊന്നല്ല. രണ്ടാം ലോകയുദ്ധവും കോളനി രാഷ്ട്രങ്ങളുടെ തകർച്ചയും സാമ്രാജ്യത്വത്തിന്റെ നേതൃസ്ഥാനത്തേക്ക് യുഎസിനെ പ്രതിഷ്ഠിച്ചു. ഡൊണാൾഡ് ട്രംപ് രണ്ടാമത് തെരഞ്ഞെടുക്കപ്പെട്ടതോടെ ലോകക്രമത്തെ തന്റെ താല്പര്യാനുസരണം മാറ്റിമറിക്കാൻ അയാൾക്ക് കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോക രാഷ്ട്രീയക്രമത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന ഐക്യരാഷ്ട്രസഭ ദുർബലവും അപ്രസക്തവുമായിരിക്കുന്നു. സോവിയറ്റ് യൂണിയന്റെയും യൂറോപ്യൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും തകർച്ച ലോക ശാക്തികക്രമത്തിൽ യുഎസ് ഭരണകൂടത്തെ ഒരു തെമ്മാടി ഭരണകൂടമാക്കി മാറ്റിയിരിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും കീഴ്‌വഴക്കങ്ങളെയും കാറ്റിൽപ്പറത്തി ഏത് രാജ്യത്തും കടന്നുകയറാനും അത്തരം അതിക്രമങ്ങളെ കയ്യൂക്കിന്റെ ഭാഷയിൽ ന്യായീകരിക്കാനും ട്രംപ് ഭരണകൂടം മുതിർന്നിരിക്കുന്നു. യുഎസ് ജനതയുടെയും ആ രാജ്യത്ത് നിലനിന്നിരുന്ന ജനാധിപത്യ വ്യവസ്ഥയുടെയും അട്ടിമറിക്ക് കൂടിയാണ് ട്രംപ് നേതൃത്വം നൽകുന്നത്. യുഎസ് ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിലൂടെയെ ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരം കാണാൻ കഴിയു.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനുനേരെ സാമ്രാജ്യത്ത യുഎസും സയണിസ്റ്റ് ഇസ്രയേലും തുടരുന്ന ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കാൻപോലും മോഡി ഭരണകൂടം സന്നദ്ധമായിട്ടില്ലെന്നത് ഒരു ജനാധിപത്യ രാഷ്ട്രമെന്നനിലയ്ക്ക് ഇന്ത്യക്ക് അപമാനകരമാണ്. ഇറാന് നേരെയുള്ള ആക്രമണത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേൽ സന്ദർശിക്കുകയുണ്ടായി. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണ യുദ്ധത്തെ അപലപിക്കാൻ വിസമ്മതിക്കുന്ന മോഡി ഭരണകൂടം ലോകത്തിനുനൽകുന്ന സന്ദേശം ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യങ്ങൾക്കും ചരിത്രത്തിനും നിരക്കുന്നതല്ല. മലയാളികളടക്കം നൂറുലക്ഷത്തിലേറെ ഇന്ത്യക്കാരാണ് പശ്ചിമേഷ്യയിൽ ജീവിക്കുന്നതും പണിയെടുക്കുന്നതും. ഇന്ത്യയുടെ സാമ്പത്തിക നിലനില്പിലും പുരോഗതിയിലും പ്രവാസി ഇന്ത്യക്കാരുടെ സംഭാവന നിർണായകമാണ്. അക്കാരണത്താൽത്തന്നെ പശ്ചിമേഷ്യയിൽ സമാധാനം പുലരുകയെന്നത് ഇന്ത്യയുടെ ആവശ്യമാണ്. ഇന്ത്യയുടെ സാമ്പത്തിക നിലനില്പിലും പുരോഗതിയിലും നിർണായക പങ്കുവഹിക്കുന്ന ഭൗമ മേഖലയാണ് പശ്ചിമേഷ്യ. നമ്മുടെ ആഭ്യന്തര എണ്ണ, പ്രകൃതിവാതക ആവശ്യങ്ങളുടെ ഗണ്യമായ പങ്കിന് നാം ആശ്രയിക്കുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ്. പശ്ചിമേഷ്യയിൽ സമാധാനമെന്നത് നമ്മുടെ സാമ്പത്തിക നിലനില്പും പുരോഗതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഗവണ്മെന്റ് അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പശ്ചിമേഷ്യയിൽ സമാധാന പുനഃസ്ഥാപനത്തിനുവേണ്ടി ഇന്ത്യ അതിന്റെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുമെന്നാണ് ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുന്നത്. 

Exit mobile version