രാജ്യത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നത് പശ്ചിമ ബംഗാളിലാണെന്ന് സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ് ആർ എസ്) റിപ്പോർട്ട്. ഈ മാസം പുറത്തിറങ്ങിയ സ്ഥിതിവിവര കണക്കിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് കേരളത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫീസ് തയ്യാറാക്കിയ 2023ലെ റിപ്പോർട്ട് അനുസരിച്ച്, പശ്ചിമ ബംഗാളിൽ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നത് 6.3 ശതമാനം സ്ത്രീകളാണ്. 4.6 ശതമാനം നിരക്കുമായി ജാർഖണ്ഡ് ആണ് രണ്ടാം സ്ഥാനത്ത്. കേരളത്തിൽ ഈ നിരക്ക് വെറും 0.1 ശതമാനം മാത്രമാണ്. തൊട്ടുപിന്നിലുള്ള ഹിമാചൽ പ്രദേശിലും ഹരിയാനയിലും യഥാക്രമം 0.4 ശതമാനവും 0.6 ശതമാനവും ശൈശവ വിവാഹങ്ങൾ രേഖപ്പെടുത്തി. ദേശീയ തലത്തിൽ 2.1 ശതമാനം സ്ത്രീകൾ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ശൈശവ വിവാഹ നിരക്ക് ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിലാണ്. ഗ്രാമങ്ങളിൽ 5.8 ശതമാനവും നഗരങ്ങളിൽ 7.6 ശതമാനവുമാണ് സംസ്ഥാനത്തെ നിരക്ക്.

