Site iconSite icon Janayugom Online

ബംഗാള്‍ രക്തക്കളം; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. 14 പേർ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തോക്കുകളും ബോംബുകളുമായി അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ ഗ്രാമീണ‑നഗര വ്യത്യാസമില്ലാതെ സംസ്ഥാനം രക്തക്കളമായി. അക്രമത്തിനിടയിലും പോളിങ് 66 ശതമാനം രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതിനൊപ്പം സംഘര്‍ഷവും പൊട്ടിപ്പുറപ്പെടുകയായിരുന്നു. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൂന്നു വീതം ഇടത്, ബിജെപി പ്രവര്‍ത്തകരും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി പോളിങ് ബൂത്തുകള്‍ക്കുനേരെയും ആക്രമണം ഉണ്ടായി. ബൂത്തുകള്‍ അക്രമികള്‍ കയ്യേറി അടിച്ച്‌ തകര്‍ത്തു. ബാലറ്റ് പെട്ടികള്‍ തീവച്ചും വെള്ളമൊഴിച്ചും നശിപ്പിച്ചു. പലയിടത്തും ബോംബേറും വെടിവയ്പും നടന്നു. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുനേരെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ആക്രമണം നടത്തി. ചിലയിടങ്ങളിൽ വോട്ടർമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്ര സേനയും, സംസ്ഥാന പൊലീസുമെല്ലാം വന്‍ തോതില്‍ വിന്യസിക്കപ്പെട്ടുവെങ്കിലും അക്രമികള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയായിരുന്നു. കൂച്ച് ബിഹാറില്‍ കേന്ദ്ര മന്ത്രി നിഷിത് പ്രമാണിക്കിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മാള്‍ഡയിലെ മണിക്ക് ചെക്കില്‍ നാടന്‍ ബോംബ് ആക്രമണത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന് പരിക്കേറ്റു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ മകള്‍ക്ക് വെടിയേറ്റു. റായ്ഗഞ്ച് ബ്ലോക്കിലെ ബിർഗായ് ഗ്രാമപഞ്ചായത്ത് ബജിത്പൂർ വാര്‍ഡില്‍ കള്ളവോട്ട് ചോദ്യം ചെയ്ത ഇടതു സ്ഥാനാർത്ഥി സഹദേവദാസ് ആക്രമിക്കപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ദാസിനെ റായ്ഗഞ്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്ലാംപൂർ സബ് ഡിവിഷനിലെ വിവിധ ബ്ലോക്കുകളിൽ ബൂത്ത് പിടിത്തം, ബാലറ്റ് പെട്ടി കൊള്ളയടിക്കൽ തുടങ്ങിയവ നടന്നു. ജഗ്‌തഗാവോ ഹൈസ്‌കൂളിൽ ബാലറ്റ് പെട്ടികൾക്ക് തീയിട്ടു. ഗോൽപുക്കൂറിൽ 30 ബൂത്തുകളെങ്കിലും തൃണമൂല്‍ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തുവെന്ന ആരോപണമുണ്ട്. മോഹൻപൂർ ഗ്രാമപഞ്ചായത്തിലെ കുണ്ടുബാരിയിൽ തൃണമൂല്‍ അക്രമികൾ ബോംബുകളും റിവോൾവറുകളും ഉപയോഗിച്ച് അക്രമം നടത്തി.

ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേരെ ബോംബെറിഞ്ഞെന്നും പരാതിയുണ്ട്. പൊലീസിന്റെ കൺമുന്നിലായിരുന്നു സംഭവം. ബന്ദിപ്പൂർ ഗ്രാമപഞ്ചായത്തിൽ ബാലറ്റ് പേപ്പറുകൾ വോട്ടർമാരുടെ കയ്യിൽ നിന്ന് തട്ടിയെടുത്ത് വലിച്ചുകീറി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിവരുന്നത്. അതേസമയം കേന്ദ്രസേനയുടെ ഭാഗത്തുനിന്ന് വൻ പരാജയമാണ് ഉണ്ടായതെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കൗസ്തവ് ബഗ്ചി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു.

Eng­lish Sum­ma­ry: West Ben­gal Pan­chay­at Elec­tion: Death toll in poll vio­lence mounts to 14
You may also like this video

Exit mobile version