ഭരണഘടനയോടും ജനാധിപത്യ മൂല്യങ്ങളോടും കൂറ് പുലർത്തുന്ന യുവതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന സ്വയംഭരണ സ്ഥാപനമാണ് പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്. സാമൂഹിക നീതിയിലൂന്നിയ ജനാധിപത്യബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചു വരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2022 മുതൽ ജനാധിപത്യത്തിനും സാമൂഹികനീതിക്കുമായുള്ള വേദി അഥവാ ഫോറം ഫോർ ഡെമോക്രസി ആന്റ് സോഷ്യൽ ജസ്റ്റിസ് (എഫ്ഡിഎസ്ജെ) രൂപീകരിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു വരുന്നു. എഫ്ഡിഎസ്ജെയുടെ കീഴിൽ സംഘടിപ്പിച്ചു വരുന്ന യൂത്ത്/മോഡൽ പാർലമെന്റ് മത്സരങ്ങൾ, ദേശീയ അന്തർദേശീയ സെമിനാറുകൾ, റിപ്പീറ്റ് പെർഫോമൻസ്, ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പ്, ഭരണഘടനാ ദിനാചരണം, പ്രഭാഷണ പരമ്പരകൾ തുടങ്ങിയ പരിപാടികൾക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുളളത്.
ഇതുകൂടി വായിക്കൂ: ഭരണഘടനയിലും കേന്ദ്രത്തിന്റെ കടുംവെട്ട്
സംസ്ഥാന പാർലമെന്ററികാര്യ വകുപ്പും പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നൂതന പദ്ധതിയാണ് സ്റ്റുഡന്റ്സ് സഭ. സംസ്ഥാനത്തെ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലെയും വികസന ആവശ്യങ്ങളും അവയുടെ നിർവഹണ പ്രക്രിയകളും മനസിലാക്കുകയും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ മഹത്വമറിഞ്ഞ് അതിന്റെ ഭാഗമായി തീരുകയും ചെയ്യുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി രാജ്യത്തുതന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പ്രസ്തുത പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നത് തൃശൂർ ജില്ലയിലെ ചേലക്കര നിയോജകമണ്ഡലത്തിലാണ്. സ്റ്റുഡന്റ്സ് സഭ ഇന്ന് ചേലക്കര മണ്ഡലത്തിൽ ചേരുകയാണ്. തുടർന്ന് സംസ്ഥാനത്തെ മറ്റ് എല്ലാ നിയോജകമണ്ഡലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലോചനായോഗം, നയരൂപീകരണ യോഗം, പഞ്ചായത്തുതല ശില്പശാലകൾ എന്നിവ സംഘടിപ്പിച്ചു. സ്ഥാപനതലത്തിലും, പഞ്ചായത്തുതലത്തിലും കമ്മിറ്റികൾ രൂപീകരിച്ചു. വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ വികസന സർവേകൾ നടത്തി. പ്രസ്തുത റിപ്പോർട്ടുകൾ പഞ്ചായത്തുതലത്തിൽ ക്രോഡീകൃത റിപ്പോർട്ടുകളാക്കി മാറ്റി. സർവേയിലൂടെ കണ്ടെത്തിയ വിവിധ വിഷയങ്ങളിലുള്ള ജനങ്ങളുടെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ, തങ്ങൾ നേരിട്ട് കണ്ട ജനകീയ പ്രശ്നങ്ങൾ തുടങ്ങിയവ സ്റ്റുഡന്റ്സ് സഭയിൽ ഉന്നയിക്കുന്നതിനും അവയ്ക്കുളള പ്രതിവിധികൾ നിർദേശിക്കുന്നതിനും സ്റ്റുഡന്റ്സ് സഭയിൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രധാനമായും വിദ്യാഭ്യാസം, കാർഷിക മേഖല, വ്യവസായം, പട്ടികജാതി/പട്ടികവർഗ/പിന്നാക്ക വിഭാഗങ്ങളുടെ വിഷയങ്ങൾ, ജലസേചനം/കുടിവെള്ളം, ഗതാഗത സൗകര്യം, അധികാര വികേന്ദ്രീകരണം, മാലിന്യ സംസ്കരണം, പാർപ്പിടം, ആരോഗ്യം, തൊഴിൽ തുടങ്ങിയ മേഖലകളിലാണ് ചേലക്കര മണ്ഡലത്തിലെ വിദ്യാർത്ഥികൾ സർവേ നടത്തിയിട്ടുളളത്. മറ്റ് മണ്ഡലങ്ങളിൽ പ്രാദേശികമായ സവിശേഷതകൾക്കനുസരിച്ച് സർവേ/പഠന വിഷയങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്.
മണ്ഡലത്തിലെ വിവിധ സ്കൂൾ/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 10 വിദ്യാർത്ഥികളെ വീതം സ്റ്റുഡന്റ്സ് സഭയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിഷയ വിദഗ്ധർ എന്നിവർ സ്റ്റുഡന്റ്സ് സഭയിൽ ക്ഷണിതാക്കളായി പങ്കെടുക്കുന്നതാണ്. സ്റ്റുഡന്റ്സ് സഭയിൽ വിദ്യാർത്ഥികൾ പഞ്ചായത്ത് പ്രതിനിധികളായി പങ്കെടുത്ത് സർവേയിൽ നിന്നും ഉയർന്നുവന്ന, ഓരോ പഞ്ചായത്തിലെയും വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്. ചർച്ചയുടെ ഭാഗമായി വിദ്യാർത്ഥികൾ പ്രസ്തുത വിഷയങ്ങളിലെ അവരുടെ പ്രതീക്ഷകൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ ജനപ്രതിനിധിയുമായി പങ്കുവയ്ക്കുകയും വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്ന വിഷയങ്ങളിൽ എംഎൽഎയുടെ മറുപടിയും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടലുണ്ടാവുകയും ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ പ്രശ്നപരിഹാര മാർഗങ്ങൾ ആരായുകയും ചെയ്യുന്നതാണ്. സ്റ്റുഡന്റ്സ് സഭയിൽ ഉയർന്നുവരുന്ന വികസന ആവശ്യങ്ങളുടെയും നിർദേശങ്ങളുടെയും തുടർപ്രവർത്തനങ്ങൾക്കായി സ്റ്റുഡന്റ്സ് സഭയിൽ നിന്നും ഒരു കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതാണ്. കമ്മിറ്റിയിൽ ഒരു പഞ്ചായത്തിൽ നിന്നും രണ്ട് പ്രതിനിധികൾ വീതം അംഗങ്ങളായി ഉണ്ടായിരിക്കും. പ്രസ്തുത കമ്മിറ്റിയംഗങ്ങൾ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ചകൾ നടത്തുകയും, പദ്ധതി നിർവഹണത്തിലും/പ്രശ്ന പരിഹാരങ്ങളിലും പ്രേരക ശക്തിയായി പ്രവർത്തിക്കുകയും ചെയ്യും.
ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസും അപ്രിയ സത്യങ്ങളും; ആസാദിലൂടെ സത്യവായന
പൊതുസമൂഹത്തിന്റെ വലിയൊരു ശതമാനം വരുന്ന വിദ്യാർത്ഥികളെ സർക്കാരിന്റെ ഭാവി നയരൂപീകരണ പ്രക്രിയയിൽ സ്വാധീനം ചെലുത്താൻ പ്രാപ്തരാക്കുന്ന ശക്തിയായി വളർത്തിയെടുക്കുന്നതിനും നാടിന്റെ വികസന പ്രക്രിയയിൽ തങ്ങൾക്കും പങ്കാളിത്തമുണ്ട് എന്ന ബോധം അവരിൽ ജനിപ്പിക്കുന്നതിനും പദ്ധതി നിർവഹണ പ്രക്രിയകളെക്കുറിച്ചും പാർലമെന്ററി പ്രവർത്തനങ്ങളെക്കുറിച്ചും പ്രായോഗിക പരിജ്ഞാനം നേടുന്നതിനും സ്റ്റുഡന്റ്സ് സഭ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ക്ലാസ് മുറികളിൽ നിന്നിറങ്ങി സാമൂഹ്യജീവിത യാഥാർത്ഥ്യങ്ങളെ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും ക്രിയാത്മക വളർച്ചയ്ക്ക് പ്രാപ്തമാകുന്ന പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം അവർക്ക് നൽകുന്നതിലൂടെ ഇതുവരെ ഉപയോഗപ്പെടുത്താതെ പോയിരുന്ന ബൗദ്ധിക, മാനുഷിക സമ്പത്ത് രാഷ്ട്ര നിർമ്മാണത്തിന് പ്രയോജനപ്പെടുന്ന അവസ്ഥ സംജാതമാകും. അവർക്ക് ലഭിക്കുന്ന ഈ അംഗീകാരം ഉത്തരവാദിത്തത്തോടെ ഉല്പാദനക്ഷമതയുള്ള സർഗാത്മക കൃത്യങ്ങൾക്കായി അവർ പ്രയോജനപ്പെടുത്തും എന്ന കാര്യം ഉറപ്പാണ്. തങ്ങൾ നേരിട്ട് കണ്ട ജീവിത യാഥാർത്ഥ്യങ്ങളും സർവേയിലൂടെ ഉരുത്തിരിഞ്ഞു വന്ന വസ്തുതകളുടെയും അടിസ്ഥാനത്തിൽ സ്വന്തം വിചാര വികാരങ്ങൾ പറയാനും ചർച്ച ചെയ്യാനും അവസരം ലഭിക്കുന്നതിലൂടെ കുട്ടികളുടെ സർഗാത്മകതയും ഭാവനയുടെ അന്വേഷണാത്മകതയും ഉത്തേജിപ്പിക്കപ്പെടും. അതിലൂടെ അനന്ത സാധ്യതകളുടെ പുതിയൊരു വാതിൽ തുറക്കപ്പെടുകയാണ് ചെയ്യുന്നത്. പഠനവും ജീവിതവും വികസനവും ഒന്നായി മാറുന്ന ഒരസുലഭ മുഹൂർത്തമായി സ്റ്റുഡന്റ്സ് സഭകൾ മാറ്റപ്പെടും.
ഇതുകൂടി വായിക്കൂ: ചരിത്രവും യാഥാര്‍ത്ഥ്യവും നിഷേധിക്കുന്ന അഖണ്ഡഭാരതം
പുതുതലമുറ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കുന്നതിനും, നാട്ടിലെ വികസന നയരൂപീകരണത്തിൽ തങ്ങളും പങ്കാളികളാണ് എന്ന ബോധവും ആത്മവിശ്വാസവും അവരിൽ വളർത്തിയെടുക്കുന്നതിനും സ്റ്റുഡന്റ്സ് സഭ സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു. നാം വളർത്തിയെടുത്ത നവോത്ഥാന മൂല്യങ്ങൾ നിലനിര്‍ത്തുന്നതിനും, സമൂഹത്തിൽ വളർന്നു വരുന്ന അന്ധവിശ്വാസം, ജാതി-മത ചിന്തകൾ, മയക്കുമരുന്ന്, അസഹിഷ്ണുത തുടങ്ങിയ തിന്മകൾക്കെതിരെ പ്രതികരിക്കുന്ന യുവജനതയെ വാർത്തെടുക്കുന്നതിനും സ്റ്റുഡന്റ്സ് സഭ ലക്ഷ്യമിടുന്നു.
നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ഒരു പക്ഷേ ഫലപ്രദമായ പരിഹാര നിർദേശങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ചേക്കാം. അവ ഭാവി പദ്ധതി ആസൂത്രണത്തിന് സഹായകരമാകും. ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമുദ്രയായ മതേതരത്വവും ബഹുസ്വരതയും വെല്ലുവിളി നേരിടുന്ന വർത്തമാനകാല സാഹചര്യത്തിൽ ചരിത്ര ബോധമുള്ള യുവതലമുറയുടെ ആവിർഭാവം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നൽകുന്ന സംഘ്പരിവാർ ജനാധിപത്യമൂല്യങ്ങൾ ചവിട്ടിയരച്ച് പകരം ഹിന്ദുത്വത്തിൽ മാത്രം അധിഷ്ഠിതമായ മത രാഷ്ട്ര നിർമ്മിതിയുടെ പ്രാണപ്രതിഷ്ഠ നടത്തുന്ന വേളയിൽ “നാനാത്വത്തിൽ ഏകത്വം” എന്ന വിശാല കാഴ്ചപ്പാടും ഭരണഘടനാദത്തമായ അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിന് പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ നൂതന സംരംഭം ചരിത്രപരമായ ദൗത്യം നിർവഹിക്കുമെന്നകാര്യം തീർച്ചയാണ്. സ്റ്റുഡന്റ്സ് സഭയുടെ വിജയത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.