ഓപ്പറേഷൻ സിന്ദൂറിൽ ലോക്‌സഭയിൽ ഇന്ന് ചർച്ചക്ക് തുടക്കമാകാനിരിക്കെ കോൺഗ്രസ് നേതാവ് ശശി തരൂർ എന്ത് പറയുമെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ നേതൃത്വം. പതിനാറ് മണിക്കൂറാണ് ചർച്ച. പ്രതിരോധമന്ത്രി രാജ്നാഥ് ചർച്ചക്ക് തുടക്കമിടും. പ്രതിപക്ഷ നിരയിൽ നിന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചർച്ച നയിക്കും. ഓപ്പറേഷൻ സിന്ദൂറിൽ ലോക്‌സഭയിൽ നടക്കുന്ന ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവരുടെ പേരുകളിൽ ആദ്യ പട്ടികയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ചെയർമാൻ എന്ന നിലയിൽ ബിജെപി അദ്ദേഹത്തിന് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുമെന്ന് സ്പീക്കറുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇത് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാകും. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുടങ്ങിയവർ ചർച്ചയിൽ സംസാരിക്കും. സമാജ്‍വാദി പാർട്ടിയിൽ നിന്ന് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസിൽ നിന്ന് അഭിഷേക് ബാനർജി തുടങ്ങിയവരും സംസാരിക്കും. ചർച്ചക്ക് മുൻപ് ഛത്തീസ്ഘട്ടിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷം ഉന്നയിക്കും. പ്രധാന കവാടത്തിൽ പ്രതിഷേധ ധര്‍ണയും നടത്തും.

