മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുക്കില്ലെന്ന് റിപ്പോർട്ട്. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തിയെങ്കിലും വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെ എന്ന് തെളിയിക്കാവുന്ന ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഗ്രൂപ്പിലുള്ള ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ കേസെടുക്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് പൊലീസിന്റെ നിലപാട്. ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് പുറത്തുവരികയും വിവാദമാകുകയുമായിരുന്നു. ഇതോടെ തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന് ഗോപാലകൃഷ്ണൻ പരാതി നൽകി. എന്നാൽ, പൊലീസ് അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയതെന്നും കണ്ടെത്തി.