Site iconSite icon Janayugom Online

ഇന്ത്യയിൽ വാട്‌സ്ആപ്പ് സേവനങ്ങളിൽ തടസ്സം; ലിങ്ക്ഡ് ഡിവൈസ് ഫീച്ചർ പ്രവർത്തനരഹിതം

ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ വാട്‌സ്ആപ്പ് വെബ് സേവനങ്ങൾ തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മുതൽ നിരവധി ഉപയോക്താക്കളാണ് വാട്‌സ്ആപ്പ് വെബ് ആക്‌സസ് ചെയ്യുന്നതിലും ചാറ്റുകൾ സിങ്ക് ചെയ്യുന്നതിലും ബുദ്ധിമുട്ട് നേരിട്ടത്. ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്ടറിന്റെ കണക്കനുസരിച്ച്, രാവിലെ 8:54 ഓടെയാണ് പരാതികൾ പ്രവഹിച്ചു തുടങ്ങിയത്. 9:00 മണിയോടെ തടസ്സങ്ങൾ രൂക്ഷമായി. ക്യുആർ കോഡ് സ്കാൻ ചെയ്ത് വാട്‌സ്ആപ്പ് വെബ് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ പലർക്കും പരാജയപ്പെടുകയോ അല്ലെങ്കിൽ ലോഡിങ് സ്ക്രീനിൽ തന്നെ നിൽക്കുകയോ ആണ് ചെയ്യുന്നത്.

സ്മാർട്ട്ഫോണുകളിൽ വാട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും, കമ്പ്യൂട്ടറുകളുമായും മറ്റ് ഉപകരണങ്ങളുമായും ലിങ്ക് ചെയ്യുന്ന ലിങ്ക്ഡ് ഡിവൈസ് ഫീച്ചറിലാണ് പ്രധാനമായും പ്രശ്നം നേരിടുന്നത്. തടസ്സം നേരിട്ടതോടെ നിരവധി പേർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പരാതിയുമായി രംഗത്തെത്തി. ഐഫോൺ ഉപയോക്താക്കളും ഡെസ്ക്ടോപ്പ് ആപ്പ് ഉപയോഗിക്കുന്നവരും ഒരു മണിക്കൂറിലധികമായി ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു.

തുടക്കത്തിൽ കുറഞ്ഞ അളവിലായിരുന്നു പരാതികളെങ്കിലും സമയം കൂടുന്തോറും കൂടുതൽ ഉപയോക്താക്കൾ പ്രശ്നം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സാങ്കേതിക തടസ്സത്തെക്കുറിച്ച് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. സെർവർ തകരാറാണോ അതോ പുതിയ അപ്‌ഡേഷനുമായി ബന്ധപ്പെട്ടതാണോ ഈ പ്രശ്നമെന്ന് വ്യക്തമല്ല.

Exit mobile version