Site icon Janayugom Online

മോഡിയുടെ ഇന്ത്യയില്‍ സമീകൃതാഹാരം സ്വപ്നം മാത്രമാകുമ്പോള്‍

മോഡിയുടെ ഇന്ത്യയില്‍ മൊത്ത ആഭ്യന്തര ഉല്പാദനം കഴിഞ്ഞ വര്‍ഷത്തെ 7.7 ശതമാനത്തില്‍ നിന്നും 2022ല്‍ 7.0 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ആഗോള മാന്ദ്യവും ആഭ്യന്തര പലിശ നിരക്കിലെ വര്‍ധനവുമാണ് ഇതിന് കാരണം. സര്‍ക്കാര്‍ അംഗീകരിക്കില്ലെങ്കിലും ഇത് സാമ്പത്തിക തകര്‍ച്ചയുടെ ആക്കം കൂട്ടുകയും ഭക്ഷ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്നതില്‍ സംശയം വേണ്ട. വളര്‍ച്ച സാധ്യമാകണമെങ്കില്‍ സാമ്പത്തിക നയങ്ങളില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യമാണ്.
പുതിയ ആഗോള ഹംഗര്‍ ഇൻഡക്സ്(വിശപ്പ് സൂചിക) പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വിശപ്പ് സൂചികയില്‍ 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യ. ആഗോള വിശപ്പ് സൂചിക കഴിഞ്ഞ വര്‍ഷം 27.5 ആയിരുന്നു. എന്നാല്‍ നമ്മുടെ രാജ്യത്ത് അത് 29.1 ആണ്. 9.9 വരെയുള്ള സൂചിക ഏറ്റവും കുറവുള്ളതും 10 മുതല്‍ 19.9 വരെയുള്ളത് മിതമായ നിരക്കും 20 മുതല്‍ 34.9 വരെ ഗുരുതരമായതും 35 മുതല്‍ 49.9 വരെയുള്ളത് ഭയപ്പെടുത്തുന്നതായും 50ന് മുകളിലേക്കുള്ളത് തീവ്രമായി ഭയപ്പെടുത്തുന്നതായും കണക്കാക്കാമെന്നാണ് ആഗോള വിശപ്പ് സൂചിക പറയുന്നത്. അതായത് നിലവിലെ ഇന്ത്യയുടെ സൂചിക ഗുരുതരമായതും ശ്രദ്ധിച്ചില്ലെങ്കില്‍ ഭയാനകമാകാനിടയുള്ളതുമാണ്.


ഇതുകൂടി വായിക്കൂ: ഗുജറാത്ത് തെരഞ്ഞെടുപ്പും മോഡിയുടെ അപ്രമാദിത്വവും


എന്നാല്‍ തകര്‍ച്ചയുടെ കാരണം ചര്‍ച്ച ചെയ്ത് കണ്ടെത്തി പരിഹരിക്കുന്നതിന് പകരം വിശപ്പ് സൂചിക കണക്കാക്കുന്ന രീതിയെ വെല്ലുവിളിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ പ്രസ്താവനയില്‍ മാത്രമല്ല, സര്‍ക്കാരിനെ ന്യായീകരിക്കാൻ പ്രവര്‍ത്തിക്കുന്ന സംഘങ്ങളും വിശപ്പ് സൂചിക നിര്‍ണയിക്കുന്ന രീതിയിലെ അപാകതകള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഭക്ഷ്യ വിതരണത്തിന്റെ അപര്യാപ്തതയും ശിശുമരണ നിരക്കും കുട്ടികളിലെ പോഷകാഹാരക്കുറവുമാണ് വിശപ്പ് സൂചിക തയാറാക്കുന്നതിന് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന കണക്കനുസരിച്ച് ലോകത്തില്‍ പോഷകാഹാരക്കുറവുള്ള നാലില്‍ ഒരു ഭാഗം ജീവിക്കുന്നത് ഇന്ത്യയിലാണ്.
പോഷകാഹാരക്കുറവ് പരിഹരിക്കാൻ എല്ലാ പൗരന്മാര്‍ക്കും സമീകൃത ആഹാരം ലഭ്യമാക്കേണ്ടതുണ്ട്. സമീകൃത ആഹാരം എന്നാല്‍ മതിയായ അളവില്‍ പ്രോട്ടീൻ, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്സ്, വിറ്റാമിനുകളുടെയും ധാതുക്കളുടെയും രൂപത്തില്‍ മതിയായ അളവില്‍ മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ നിറഞ്ഞ ആഹാരമാണ്. ഇന്നത്തെ വിപണിവില അനുസരിച്ച് ഒരു വ്യക്തിക്ക് വേണ്ട സമീകൃത ആഹാരത്തിന് ഒരു ദിവസത്തേക്ക് 225 രൂപ വരും. അതായത് അഞ്ച് പേരുള്ള ഒരു കുടുംബത്തിന് ഒരു ദിവസം വേണ്ടത് 1,125 രൂപയും ഒരു മാസം വേണ്ടത് 33,750 രൂപയും.


ഇതുകൂടി വായിക്കൂ: മോഡിയുടെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്ക് പ്രതികാരമുഖം


കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് ആഴ്ചയില്‍ ലഭിക്കുന്ന അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും കുറച്ച് എണ്ണയും പോഷകാഹാര പ്രശ്നത്തിന് യാതൊരു വിധ പരിഹാരവുമുണ്ടാക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ പദ്ധതി പട്ടിണി ഇല്ലാതാക്കിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. യഥാര്‍ത്ഥത്തില്‍ ഈ പദ്ധതിയുടെ ഗുണം ജനങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്നു പോലുമില്ല. മതിയായ പോഷകാഹാരത്തില്‍ നിന്നും ഇത്രയും അകലെയായിട്ടും കുറഞ്ഞ അളവ് ഭക്ഷണം പോലും ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നത് ഇവിടുത്തെ പട്ടിണി എത്രമാത്രം രൂക്ഷമാണെന്ന് തെളിയിക്കുന്നു. മാനസിക ശാരീരിക വളര്‍ച്ചയ്ക്ക് അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മൈക്രോ ന്യൂട്രിയന്റുകള്‍ പോലും പലര്‍ക്കും ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്നില്ല. 23 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശിലെ 15 കോടി ആളുകളും സൗജന്യ റേഷനായി ക്യൂ നില്‍ക്കുന്നുവെന്നത് പോഷകാഹാര സുരക്ഷയുടെ അങ്ങേയറ്റം ദയനീയമായ അവസ്ഥയാണ്.
രാജ്യത്തെ ജനസംഖ്യയിലെ 90 ശതമാനം പേര്‍ക്കും മാസത്തില്‍ 10,000 രൂപയില്‍ താഴെ മാത്രമാണ് ഭക്ഷണത്തിനായി ചെലവഴിക്കാനുള്ള ശേഷിയുള്ളത്. നിലവിലെ സാഹചര്യത്തില്‍ സമീകൃതാഹാരം എന്നത് അവരെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമാണ്. അവശ്യ സാധനങ്ങളുടെ നികുതികള്‍ ദിനംപ്രതി ഉയര്‍ത്തുമ്പോള്‍ മനുഷ്യര്‍ക്ക് വയറ് നിറയ്ക്കാനുള്ള ചെലവും വര്‍ധിക്കുന്നു. അതേസമയം തൊഴിലെന്നത് കരാര്‍ അടിസ്ഥാനത്തിലേക്ക് മാറ്റുമ്പോള്‍ കുറവ് കൂലി വാങ്ങി പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ പോലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതെ തൊഴിലെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ ചെറുകിട മേഖല നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് കീഴില്‍ അവശനിലയിലാണ്.
ഒരു മുതിര്‍ന്ന വ്യക്തിക്ക് ആവശ്യമായ 2300 കലോറി ഭക്ഷണവും നല്ല ഭക്ഷണവും വസ്ത്രവും എന്ന വസ്തുതകള്‍ മുൻനിര്‍ത്തി മിനിമം കൂലി തീരുമാനിക്കണമെന്നാണ് തൊഴില്‍ സംഘടനകളുടെ ആവശ്യം. പ്രതിമാസം 21,000 രൂപ മിനിമം കൂലിയായി നിശ്ചയിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രതിദിനം 178 രൂപയും പ്രതിമാസം 4,628 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം കൂലി. ഇന്റേണല്‍ ലേബര്‍ മിനിസ്ട്രി കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രതിദിനം 375 രൂപ എന്നതിന്റെ പോലും പകുതിയാണിത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 18,000 രൂപ അഥവാ പ്രതിദിനം 650 രൂപ പ്രതിഫലമെന്ന സര്‍ക്കാരിന്റെ തന്നെ ഉത്തരവില്‍ നിന്ന് പോലും ഇത് ഏറെ അകലെയാണ്.


ഇതുകൂടി വായിക്കൂ: കശ്മീർ പ്രശ്‌നത്തിന് കാരണം ജവഹർലാൽ നെഹ്‌റുവാണെന്ന് മോഡി


കലോറി അടിസ്ഥാനമാക്കിയുള്ള വേതനത്തിന് പകരം സമയാധിഷ്ഠിത വേതനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ ഉപദേശത്തിന് എതിരായ ഈ നീക്കം ഒരു വ്യക്തിയുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കും എതിരാണ്. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. ഉല്പാദകരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവര്‍. കര്‍ഷകരും തൊഴിലാളികളും സാമ്പത്തികവും സാമൂഹികവുമായ അടിച്ചമര്‍ത്തലുകളും നേരിടുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മാത്രമല്ല, ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെയും ബാധിക്കുമെന്ന് ഭയന്നാണ് കര്‍ഷകര്‍ സമരം ചെയ്തത്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പോലും ലഭ്യമാകുന്ന വിധത്തില്‍ അവശ്യ വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുകയാണ് വേണ്ടത്. കലോറി ആവശ്യങ്ങളും സമീകൃത ആഹാരവും വസ്ത്രവും ആരോഗ്യവും വിദ്യാഭ്യാസവും പാര്‍പ്പിടവും നേടാനാകുന്ന വിധത്തില്‍ എല്ലാ വിഭാഗങ്ങളുടെയും മിനിമം വേതനം വര്‍ധിപ്പിക്കണം. ഇതിനായി ഭക്ഷണത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന ജിഎസ്‌ടി പിന്‍വലിക്കുകയും വേണം. പോഷകാഹാരക്കുറവും പട്ടിണിയും തമ്മില്‍ ഒരു നൂലിട വ്യത്യാസമേയുള്ളൂവെന്ന് ഓര്‍ത്താല്‍ നന്ന്.

Exit mobile version