15 April 2024, Monday

Related news

November 15, 2023
October 11, 2023
April 26, 2023
March 29, 2023
December 10, 2022
October 23, 2022
September 25, 2022
August 15, 2022
August 6, 2022
April 30, 2022

മോഡിയുടെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്ക് പ്രതികാരമുഖം

അമര്‍ജീത് കൗര്‍
(എഐടിയുസി ജനറല്‍ സെക്രട്ടറി)
October 23, 2022 4:40 am

നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രതികാരത്തോടെയാണ് തൊഴിലാളിവിരുദ്ധ നയങ്ങള്‍ അടിച്ചേല്പിക്കുന്നത്. ഇതിനെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം ശക്തിപ്പെടണം. വിജയവാഡയില്‍ സമാപിച്ച സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസും സമാനമായ ആഹ്വാനമാണ് മുന്നോട്ടുവയ്ക്കുന്നത്. കൊല്ലത്ത് 2018ല്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഇങ്ങോട്ടുള്ള നാളുകള്‍ പരിശോധിച്ചതില്‍ ലോകത്തെമ്പാടും ഇന്ത്യയിലും തൊഴിലാളിവര്‍ഗത്തിന്റെയും സാധാരണക്കാരുടെയും സ്ഥിതി കൂടുതല്‍ വഷളായതായാണ് അനുഭവം. ആഗോളതലത്തില്‍ വലത്തോട്ട് ചാഞ്ചാട്ടമുണ്ട്. അന്തര്‍ദേശീയ ധന മൂലധനം അതിന്റെ ആധിപത്യം അടിച്ചേല്പിക്കാന്‍ തുടങ്ങിയതോടെ ഈ പ്രവണത കൂടുതല്‍ ശക്തിപ്പെട്ടു. അവരുടെ അജണ്ട മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഐഎംഎഫും വേള്‍‍ഡ് ബാങ്കും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനും (ഡബ്ല്യുടിഒ) യത്നിക്കുന്നു. പ്രകൃതി വിഭവങ്ങളും വിപണിയും പിടിച്ചെടുക്കുക, ലാഭം വര്‍ധിപ്പിക്കുക, വായ്പാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ആഗോളീകരിക്കുക, എതിര്‍പ്പുകളെ അടിച്ചമര്‍ത്താനും എതിരാളികളെ ഭിന്നിപ്പിക്കാനും ആസൂത്രണമൊരുക്കുക തുടങ്ങിയവയാണ് ഇവരുടെ സാമ്പത്തിക തന്ത്രം.
വ്യാവസായിക ഉല്പാദനമേഖല സ്തംഭനാവസ്ഥയിലാണ്. ഇതുമൂലം തൊഴില്‍ വളര്‍ച്ചയിലും ഗണ്യമായ ഇടിവ് കാണിക്കുന്നു. ഭീഷണിയിലൂടെയും സംഘട്ടനങ്ങളിലൂടെയും യുദ്ധത്തിലൂടെയുമെല്ലാം വികസ്വരരാജ്യങ്ങളുടെമേല്‍ അധിക സാമ്പത്തിക ഭാരം അടിച്ചേല്പിക്കാന്‍ മുതലാളിത്തലോകം പ്രത്യക്ഷത്തില്‍ ശ്രമിക്കുകയാണ്. യുഎസ് നാറ്റോ സൃഷ്ടിച്ച പ്രതിസന്ധി യൂറോപ്പില്‍ യുദ്ധത്തിനുള്ള പ്രേരണയുണ്ടാക്കി. ജീവിതച്ചെലവിനൊപ്പം ഉപരോധത്തിന്റെ രാഷ്ട്രീയവും അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ വര്‍ധിക്കുന്നു. ഇത് തൊഴിലില്ലായ്മാ നിരക്കില്‍ അതിവേഗ വളര്‍ച്ചയ്ക്കു് കാരണമാകുന്നു. ചെലവുചുരുക്കല്‍ നടപടികളുടെ പേരില്‍ പെന്‍ഷന്‍, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പൗരസേവനം തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം സര്‍ക്കാരുകള്‍ പിന്‍വലിക്കുകയാണ്.


ഇതുകൂടി വായിക്കൂ: ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്


നമ്മുടെ രാജ്യത്തും ഇത്തരം പ്രവണതയേറുന്നുണ്ട്. പല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി നിലനിന്നിരുന്ന സൗജന്യ റയില്‍വേ പാസുകളും സൗജന്യനിരക്കുകളും കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. ഒരു വയസുമുതല്‍ കുട്ടികള്‍ക്കും മുഴുവന്‍ ടിക്കറ്റെടുക്കണം. ടിക്കറ്റ് റദ്ദാക്കുന്നതിലും ജിഎസ്‌ടി ചുമത്തുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കു പോലും ജിഎസ്‌‌ടി ഏര്‍പ്പെടുത്തി. നിര്‍ദിഷ്ട വൈദ്യുതി ഭേദഗതി ബില്‍ പാസാക്കുന്നതോടെ കര്‍ഷകരുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന സൗജന്യ, സബ്സിഡി ആനുകൂല്യങ്ങളെല്ലാം ഇല്ലാതാവും. ഗ്രാമീണ മേഖലയിലെ ദുര്‍ബലരും ദരിദ്രരുമായ വിഭാഗങ്ങളിലുള്ളവര്‍ കാലങ്ങളായി അധിവസിച്ച ഭൂമിയെല്ലാം വാണിജ്യമേഖലയ്ക്കായി പിടിച്ചെടുക്കുകയാണ്. ഇത്തരം പ്രദേശങ്ങളില്‍ അഭയംപ്രാപിച്ചുകൊണ്ടിരിക്കുന്നവരെയും കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുന്നു.
സൈനിക ബജറ്റുകള്‍ ഉയരുകയാണ്. ആയുധ ലോബിയും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളും അഭിവൃദ്ധിപ്രാപിക്കുന്നു. അതേസമയം ജീവിതനിലവാരത്തില്‍ അസമത്വങ്ങള്‍ വര്‍ധിക്കുന്നു. ഭരണവര്‍ഗത്തിന്റെ മൗനാനുവാദത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാസിസ്റ്റ് പ്രവണതകള്‍ വളരുന്നു. രാജ്യത്തിനകത്തും രാജ്യങ്ങള്‍ക്കിടയിലും പ്രദേശങ്ങള്‍ തമ്മിലും സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയാണ്.
നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തില്‍ അന്തര്‍ലീനമായ ജനാധിപത്യമൂല്യങ്ങള്‍ കടുത്ത ഭീഷണിനേരിടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും ക്രൂരമായി പ്രതിരോധിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, നാടകപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ദുര്‍ബലജനവിഭാഗങ്ങളുടെ നീതിക്കുവേണ്ടി നിലകൊള്ളുന്ന സാമൂഹിക പ്രവര്‍ത്തകര്‍, സ്വതന്ത്ര ചിന്തകര്‍, പ്രത്യയശാസ്ത്ര ചിന്താഗതിക്കാര്‍ എല്ലാം ആക്രമിക്കപ്പെടുന്നു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന തത്വങ്ങളെ തുരങ്കംവച്ചാണ് എതിര്‍പ്പിനെ നിശബ്ദമാക്കുന്ന രാഷ്ട്രീയം അക്രമാസക്തമായി തുടരുന്നത്.
ലോകധനമൂലധന കോര്‍പറേറ്റുകളുടെ താല്പര്യങ്ങള്‍ക്കായാണ് രാജ്യത്തെ ഭരണകൂടത്തിന്റെ സേവനം. അത് വര്‍ഗീയതയും ഭൂരിപക്ഷവാദവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഏറ്റവും നീചമായ രീതിയിലാണ്. അധികാരശ്രേണിയുടെ ഏറ്റവും ഉന്നതപദവികളില്‍ ഇരിക്കുന്നവരുടെ ദൈനംദിന പ്രസ്താവനകളും പ്രവൃത്തികളും ഇത്തരം ഫാസിസ്റ്റ് പ്രവണതകളെ വെളിപ്പെടുത്തുന്നുണ്ട്. ഒരുവശത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കോര്‍പറേറ്റുകള്‍ക്കും മുതലാളിത്ത വിഭാഗങ്ങള്‍ക്കും കൈമാറുന്നു. മറുവശത്ത്, വിദ്വേഷവും വര്‍ഗീയവിഷവും പടര്‍ത്തുന്ന സംഘടനകള്‍ക്ക് മൗനപിന്തുണയും നല്‍കി, സമൂഹത്തെ ഭിന്നിപ്പിച്ച് ജനശ്രദ്ധ തിരിക്കുവാനും ശ്രമിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വം, സാമൂഹിക സുരക്ഷ തുടങ്ങിയവയിലും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ എല്ലാ മേഖലയിലും ഭരണകൂടത്തിന്റെ പ്രതിലോമപരമായ കാഴ്ചപ്പാടാണ് നിലവിലുള്ളത്. ‘ക്ഷേമരാഷ്ട്രം’ എന്ന സങ്കല്പം തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക എന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നാണ് ഭരണകൂടം ഒഴിഞ്ഞുമാറുന്നത്. ഈ നയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാവുന്നത് തൊഴിലാളികളാണ്. നോട്ട് നിരോധനത്തിന്റെയും ജിഎസ്‌ടിയുടെയും വിപരീതഫലങ്ങള്‍ ചെറുകിട, കുടില്‍ വ്യവസായ, ചില്ലറ വ്യാപാര മേഖലയെയും അതുമായി ബന്ധപ്പെട്ട തൊഴില്‍, വിപണന സാധ്യതകളെയും തകര്‍ത്തു. കോവിഡ് കാലത്ത് ആസൂത്രിതമല്ലാത്ത ലോക്ഡൗണ്‍ അപ്രതീക്ഷിതമായി ഏര്‍പ്പെടുത്തിയതോടെ തൊഴിലാളി കുടുംബങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമായി.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാല് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികള്‍


പട്ടിണിമരണങ്ങള്‍ പെരുകുകയാണിപ്പോള്‍, പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡികള്‍ എടുത്തുകളഞ്ഞു. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന നടപടികള്‍ നിര്‍ത്തലാക്കി. എന്നാല്‍ വന്‍കിട കുത്തക മുതലാളിമാരുടെ വലിയ വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ യാതൊരു സങ്കോചവും സര്‍ക്കാരിനില്ല. നരേന്ദ്രമോഡിയുടെ എട്ട് വര്‍ഷത്തെ ഭരണത്തിനിടെ 13 ലക്ഷം കോടി രൂപയിലധികമാണ് എഴുതിത്തള്ളിയത്. അതേസമയം കേന്ദ്ര ബജറ്റില്‍ നിന്ന് തൊഴിലുറപ്പുതൊഴിലാളികളുടെ വിഹിതം ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. തൊഴില്‍ സാധ്യതകളും ഇല്ലാതാക്കി. കടുത്ത അതൃപ്തിയിലും അതിലേറെ നിരാശയിലുമാണ് രാജ്യത്തെ സാധാരണക്കാരായ തൊഴിലുറപ്പ് തൊഴിലാളികള്‍.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് രാജ്യത്തെ ദിവസവേതനക്കാരുടെ ആത്മഹത്യാനിരക്ക് ഏകദേശം 25 ശതമാനത്തിലെത്തിയെന്നാണ്. തൊഴിലില്ലായ്മയും ആരോഗ്യ പ്രശ്നങ്ങളും വര്‍ധിച്ച ചികിത്സാനിരക്കും മൂലം പ്രതിവര്‍ഷം 6.3 കോടി ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് കൂപ്പുകുത്തുന്നുവെന്നതാണ് മറ്റൊരു വിവരം. മാനവിക വികസന സൂചികയില്‍ 188 രാജ്യങ്ങളില്‍ ഇന്ത്യ നില്‍ക്കുന്നത് 132-ാം സ്ഥാനത്താണ്. വിശപ്പ് സൂചികയില്‍ 121 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 107-ാമതാണ്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 9.6 ദശലക്ഷം ക്ഷയരോഗബാധിതരില്‍ 2.2 ദശലക്ഷവും ഇന്ത്യയിലാണ്. മലേറിയമൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന സബ്-സഹാറ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍ ഇന്ത്യയും സ്ഥാനംപിടിച്ചിരിക്കുന്നു. ഇതെല്ലാം നമ്മെ അമ്പരപ്പിക്കുമ്പോഴും കഴിഞ്ഞ 12 വര്‍ഷത്തെ കണക്കുകള്‍ പറയുന്നത് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് ശരാശരി 13 ശതമാനം വര്‍ധിച്ചുവെന്നാണ്. സാധാരണ തൊഴിലാളികളുടെ വേതനത്തേക്കാള്‍ ആറിരട്ടി വേഗത്തിലാണ് ഇവരുടെ സമ്പത്ത് വര്‍ധനവ്.
ഇന്ത്യന്‍ ലേബര്‍ ബ്യൂറോയുടെ രജിസ്റ്ററനുസരിച്ച് ജനസംഖ്യയുടെ 25 ശതമാനവും 19–29 വയസിനിടയിലുള്ളവരാണ്. ഇവരില്‍ 34 ശതമാനവും തൊഴിലില്ലാത്തവരും. രാജ്യത്തെ ജീവിതനിലവാരം തട്ടിച്ചുനോക്കുമ്പോള്‍ ചെറുപ്പക്കാരിലെ ഈ തൊഴിലില്ലായ്മാ നിരക്ക് വളരെ വലുതാണ്.


ഇതുകൂടി വായിക്കൂ: പൂര്‍ണ സ്വരാജ് ഉയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി


ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക-ജന‑ദേശ വിരുദ്ധ നയങ്ങള്‍ക്കെതിരെ വിയോജിപ്പും ചെറുത്തുനില്‍പ്പും പ്രതിരോധവുമായി രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ നിരന്തരപോരാട്ടത്തിലാണ്. പ്രത്യേകിച്ച് തൊഴിലാളി നിയമങ്ങളെ ഗൂഢലക്ഷ്യത്തോടെ നാല് കോഡുകളാക്കി മാറ്റുന്നതിനെതിരെ. 29 നിയമങ്ങളെയാണ് തീര്‍ത്തും മുതലാളിത്ത വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരുന്ന വിധം ക്രോഡീകരിച്ച് നാല് കോഡുകളാക്കിയിരിക്കുന്നത്. ലേബര്‍ കോഡുകള്‍ രാജ്യത്തിന്റെ വളര്‍ച്ചയെയും വികസനത്തെയും സാരമായി ബാധിക്കും. രാജ്യത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാണ് ഈ കോഡുകളും അതില്‍ ചേര്‍ത്തിരിക്കുന്ന വ്യവസ്ഥകളും. പാര്‍ലമെന്റിലെ മുഴുവന്‍ പ്രതിപക്ഷ പ്രതിനിധികളുടെയും വിയോജിപ്പിനും പ്രതിഷേധത്തിനുമിടെയാണ് ഭൂരിപക്ഷത്തിന്റെ പേരില്‍ ഈ നിയമങ്ങള്‍ പാസാക്കിയത്. പ്രതിപക്ഷം ശക്തമായിത്തന്നെ യോജിച്ചുനിന്ന് എതിര്‍ത്തിട്ടും കാര്‍ഷിക കരിനിയമങ്ങള്‍ പാസാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു സങ്കോചവുമുണ്ടായില്ല. യാതൊരുവിധ ആലോചനകളും ഇക്കാര്യത്തിലൊന്നും നരേന്ദ്രമോഡി ഭരണകൂടം നടത്തിയില്ലെന്നതാണ് ജനാധിപത്യരാജ്യത്തിനേറ്റ കളങ്കം.
ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഐക്യമാണ് കേന്ദ്രത്തെ തിരുത്തുന്നതിനുള്ള പ്രധാന ശക്തി. അത് കാലത്തിന്റെ ആവശ്യംകൂടിയാണ്. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ചിന്തകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ നിലവിലെ ട്രേഡ് യൂണിയന്‍ പ്രക്ഷോഭ മുദ്രാവാക്യങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇവരുടെ പ്രതിഷേധങ്ങള്‍ക്ക് എഐടിയുസി ഉള്‍പ്പെടെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുമുണ്ട്. രാജ്യത്തിന്റെ സമസ്തമേഖലയിലെയും പ്രതിസന്ധികള്‍ക്ക് കാരണമായ കേന്ദ്ര ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ യോജിച്ചമുന്നേറ്റം തന്നെയാണ് എഐടിയുസിയടക്കം ആഹ്വാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.