Site iconSite icon Janayugom Online

എമ്പുരാൻ വെള്ളിത്തിര കീഴടക്കുമ്പോൾ.…

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പിടിമുറുക്കുന്ന ലഹരികച്ചവടത്തിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രം പ്രേക്ഷകനെ കൊണ്ടുപോയതെങ്കിൽ ലഹരിയേക്കാൾ ഭീകരമായ മതമെന്ന ലഹരി എങ്ങനെയാണ് കേരളം പോലൊരു കൊച്ചു സംസ്ഥാനത്തെ ലക്ഷ്യം വയ്ക്കുന്നതെന്ന് വരച്ചുകാട്ടുകയാണ് എമ്പുരാൻ എന്ന ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിൽ. മതം രാഷ്ട്രീയത്തെ കൂട്ടുപിടിച്ചാണ് ദൈവത്തിന്റെ സ്വന്തം മണ്ണിലേക്ക് കടന്നുവരുന്നതെന്ന് മുരളീ ​ഗോപിയെന്ന എഴുത്തുകാരൻ വ്യക്തമാക്കുന്നുണ്ട്.
മോഹൻലാൽ എന്ന താരത്തിന്റെ കരിസ്മയാണ് എമ്പുരാനെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നിലേക്കെത്തിക്കുന്നത്. പൃഥ്വിരാജ് എന്ന മോഹൻലാലിലെ താരത്തെ എങ്ങനെ പ്രേക്ഷകരിലെത്തിക്കാമെന്ന് അറിയാവുന്ന സംവിധായകനും ലാലെന്ന നടനെക്കാളുപരി അദ്ദേഹത്തിന്റെ താരമൂല്യത്തെ ഉപയോഗിക്കാൻ നന്നായി അറിയാവുന്ന ആന്റണി പെരുമ്പാവൂരെന്ന നിർമ്മാതാവും മോഹൻലാൽ എന്ന താരത്തിന് പിന്നിൽ അണിനിരന്നപ്പോൾ തിയേറ്ററുകൾ റിലീസിങ് ദിവസം സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ പൂരപ്പറമ്പായി മാറുകയായിരുന്നു. 

ലൂസിഫർ പറഞ്ഞത് സ്റ്റീഫൻ നെടുമ്പള്ളിയെന്ന കേരളത്തിലെ രാഷ്ട്രീയക്കാരന്റെ കഥയാണെങ്കിൽ എമ്പുരാൻ കഥ പറയുന്നത് അന്താരാഷ്ട്ര ഡ്ര​ഗ് മാഫിയയ്ക്കെതിരെ പോരാടുന്ന ഖുറേഷി എബ്രഹാമിനെ ചുറ്റിപ്പറ്റിയാണ്. മലയാള സിനിമ പോയിട്ട് ഇന്ത്യൻ സിനിമ പോലും അധികം സഞ്ചരിച്ചിട്ടില്ലാത്ത രാജ്യങ്ങളിലൂടെയാണ് ഖുറേഷി എബ്രഹാമിനൊപ്പം പൃഥ്വിരാജ് കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. കളർഫുളായ ആ സ‍ഞ്ചാരം തന്നെ പ്രേക്ഷകൻ ടിക്കറ്റെടുക്കാൻ കൊടുത്ത കാശ് മുതലാക്കുന്നുണ്ട്. എമ്പുരാനിൽ പറയാൻ ശ്രമിച്ചത് സെയിദ് മസൂദ് എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ജീവിതമാണ്. സെയിദ് മസൂദും ഖുറേഷി എബ്രഹാമും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന നിരവധി രം​ഗങ്ങൾ എമ്പുരാനിലുണ്ട്. 

മഞ്ജുവാര്യരുടെ പ്രിയദർശിനിക്ക് ലൂസിഫറിലുള്ളതിനേക്കാൾ കൂടുതൽ ചെയ്യാൻ എമ്പുരാനിലുണ്ട്. ജിതിൻ രാംദാസിന് നൽകിയ നെ​ഗറ്റീവ് ഷെയ്ഡ് ടോവിനോയുടെ മറ്റൊരു മുഖംകൂടി മലയാളി പ്രേക്ഷകരിലേക്കെത്തിച്ചു. സുരാജ് വെഞ്ഞാറമൂടിന്റെ സജന ചന്ദ്രൻ എന്ന രാഷ്ട്രീയക്കാരൻ ആദ്യഭാ​ഗത്തിലില്ലാത്ത കഥാപാത്രമാണ്. ആ വേഷം സുരാജ് നന്നാക്കി. അഭിമന്യു സിങ് എന്ന നോർത്തിന്ത്യൻ താരം അവതരിപ്പിച്ച ബാൽരാജ് എന്ന നോർത്തിന്ത്യൻ വില്ലൻ കഥാപാത്രത്തിന് സിനിമയിലുള്ള പ്രാധാന്യം ഉൾക്കൊണ്ട് തന്നെ അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്. സായികുമാർ, ബൈജു, സാനിയ അയ്യപ്പൻ, ഇന്ദ്രജിത്ത് സുകുമാരൻ, ഫാസിൽ തുടങ്ങിയ ലൂസിഫറിലെ കഥാപാത്രങ്ങളുടെ തുടർച്ച എമ്പുരാനിലും കാണാം. സുജിത്ത് വാസുദേവന്റെ കാമറയും ദീപക് ദേവിന്റെ സം​ഗീതവും കണ്ണിനും കാതിനും എമ്പുരാനെ വിസ്മയമാക്കാൻ കഴിയുന്നു. 

പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് സഞ്ചരിക്കുന്ന മലയാള സിനിമയ്ക്ക് എമ്പുരാൻ എന്ന ഈ ബ്രഹ്മാണ്ഡചിത്രം വലിയൊരു പ്രതീക്ഷ നൽകുന്നുണ്ട്. മാസങ്ങളോളം ആളുകയറാതിരിക്കുകയാണ് സമീപകാലത്ത് ഭൂരിഭാ​ഗം തിയേറ്ററുകളിലും. ആ തിയേറ്ററുകളിൽ ഒരാഴ്ചയ്ക്ക് പുറത്തേക്ക് ആർപ്പുവിളികൾ നിറയ്ക്കാൻ റിലീസിം​ഗിന് മുമ്പത്തെ ബുക്കിം​ഗ് കൊണ്ട് തന്നെ മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ മോഹൻലാലെന്ന മാസ്മരികതയ്ക്ക് കഴിഞ്ഞെങ്കിൽ അത് ഒരു വ്യവസായമെന്ന നിലയ്ക്ക് മലയാള സിനിമയ്ക്ക് ആ താരം നൽകന്ന പ്രതീക്ഷ അത്ര ചെറുതല്ല.

Exit mobile version