Site iconSite icon Janayugom Online

പരിസ്ഥിതി ആഘാതങ്ങൾ ദാരിദ്ര്യത്തിന് വഴിയൊരുക്കുമ്പോൾ

ക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും (ഒപിഎച്ച്ഐ) ഐക്യരാഷ്ട്ര വികസന പരിപാടിയും (യുഎൻഡിപി) ചേർന്ന് പുറത്തിറക്കിയ ആഗോളബഹുമുഖ ദാരിദ്ര്യസൂചിക 2025 (ഗ്ലോബൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് — എംപിഐ) വെറുമൊരു സ്ഥിതിവിവരക്കണക്കല്ല. ലോകത്തിന് നൽകുന്ന വലിയൊരു മുന്നറിയിപ്പാണിത്. ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവും വെവ്വേറെയുള്ള വെല്ലുവിളികളല്ല എന്ന ഓർമ്മപ്പെടുത്തല്‍.

അടുക്കായിരിക്കുന്ന ക്ലേശങ്ങൾ: “ദാരിദ്ര്യവും കാലാവസ്ഥാ അപകടങ്ങളും” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലെ വിവരങ്ങൾ ഒരേസമയം കാലാവസ്ഥാ അപകടത്തിന്റെ സ്വാധീനം സാധാരണ ജനതയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകളിൽ 80 ശതമാനവും ഒന്നോ അതിലധികമോ കാലാവസ്ഥാ ഭീഷണികൾ നേരിടുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇരട്ടഭാരം വഹിക്കുന്നവർ എന്നാണ് റിപ്പോർട്ടിൽ ഈ ജനതയെ പരാമർശിക്കുന്നത്. ഏകദേശം 651 ദശലക്ഷം ദരിദ്രർ ഒരേസമയം രണ്ട് കാലാവസ്ഥാ അപകടങ്ങളെങ്കിലും നേരിടുന്നു. കടുത്ത ചൂട്, വരൾച്ച, വെള്ളപ്പൊക്കം, വായു മലിനീകരണം എന്നിവയാണ് പ്രധാന ഭീഷണികൾ. കാലാവസ്ഥാ വ്യതിയാനം ദാരിദ്ര്യം വർധിപ്പിക്കുന്നു എന്നു മാത്രമല്ല, രാജ്യങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും അസമത്വത്തിന്റെ തോത് ക്രമാതീതമായി വളർത്തുകയും ചെയ്തു. കടുത്ത ചൂട്, വരൾച്ച, വെള്ളപ്പൊക്കം, വായു മലിനീകരണം എന്നീ വെല്ലുവിളികളെ നിരന്തരം നേരിടുന്നതിലൂടെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ ക്ഷയിക്കുകയും ദാരിദ്ര്യം ജനങ്ങളെ കീഴടക്കുകയും ചെയ്യുന്നു.

109 വികസ്വര രാജ്യങ്ങളിലായി 110 കോടി ജനതയും കടുത്ത ബഹുമുഖ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് ആഗോള ബഹുമുഖ ദാരിദ്ര്യസൂചിക 2025 വ്യക്തമാക്കുന്നു. ഇതിൽ 887 ദശലക്ഷം പേരും നിരന്തരമായി കാലാവസ്ഥാ അപകടങ്ങളെ നേരിട്ടാണ് ജീവിക്കുന്നത്. ദാരിദ്ര്യവും പാരിസ്ഥിതിക സമ്മർദവും തമ്മിലുള്ള ബന്ധം കൂടുതൽ തീവ്രവും ശക്തവുമാണ്. ദാരിദ്ര്യം വർധിക്കുന്നതിനനുസരിച്ച്, കാലാവസ്ഥാ ആഘാതങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. ഒന്നിലേറെ അപകടങ്ങൾ ഈ പ്രതിസന്ധിയെ എങ്ങനെ സങ്കീർണമാക്കുന്നുവെന്നും വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തിലെ ബഹുമുഖ ദരിദ്രരിൽ മൂന്നിൽ രണ്ട് ഭാഗവും, ഏകദേശം 740 ദശലക്ഷം ആളുകൾ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നത് എന്നതാണ് റിപ്പോർട്ടിലെ നിർണായകമായ കണ്ടെത്തൽ. ദാരിദ്ര്യം എവിടെ കേന്ദ്രീകരിച്ചിരിക്കുന്നു, വികസന മുൻഗണനകൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, ഇത്തരം കാര്യങ്ങളെ മനസിലാക്കുന്നതിനും അതിനായുള്ള അനുമാനങ്ങളും പഠനങ്ങളും എല്ലാം വെല്ലുവിളിക്കപ്പെടുന്നതാണ് വർത്തമാനം. ഈ രാജ്യങ്ങളിൽ, നഗരവൽക്കരണം വേഗത്തിലാണ്. വ്യാവസായിക വികാസം വേഗതയേറിയതും ആസൂത്രണമില്ലാത്തതുമാണ്.

അനിയന്ത്രിതമായ സാമ്പത്തിക വളർച്ച പരിസ്ഥിതിയെ തകർക്കുന്നു. താഴ്ന്ന — ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ മലിനീകരണവും ശുദ്ധജലമില്ലായ്മയും കൂടിക്കലർന്നുള്ള അപകടസാധ്യതകളുടെ വലിയ ഭാരം വഹിക്കുന്നു. വായു മലിനീകരണം മാത്രം 577 ദശലക്ഷം ദരിദ്രരെ ബാധിക്കുന്നു. 600 ദശലക്ഷത്തിലധികം പേർക്ക് ശുദ്ധമായ പാചക എണ്ണ, ശുചിത്വം, സുരക്ഷിത ഭവനം എന്നിവ നഷ്ടപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധിയുടെ ഏറ്റവും ദാരുണമായ ഇരകൾ 18 വയസിന് താഴെയുള്ളവരാണ്. അവർ ആഗോളബഹുമുഖ ദാരിദ്ര്യസൂചിക 2025 ഉൾക്കൊള്ളുന്ന ജനസംഖ്യയുടെ മൂന്നിലൊന്നിനെ പ്രതിനിധീകരിക്കുന്നു. അവരുടെ ദാരിദ്ര്യ നിരക്ക് 27.8% ആണ്. ദാരിദ്ര്യത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ചൂഷണത്തിന്റെയും ഇത്തരം സംയോജനം അടിസ്ഥാനപരമായി കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്) വ്യക്തമാക്കുന്നു. ദാരിദ്ര്യ ലഘൂകരണത്തിലെ ആഗോള പുരോഗതി 2018 മുതൽ സ്തംഭിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട് കണ്ടെത്തുന്നു. മിക്ക പ്രദേശങ്ങളിലും, കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാന പരിഹാര നടപടികൾ നിലയ്ക്കുകയോ പിന്നോട്ടടിക്കുകയോ ചെയ്തു. ദാരിദ്ര്യനിർമ്മാർജന പദ്ധതികളും നിലച്ചു. പരിശോധിച്ച 92 ഉപദേശ പ്രദേശങ്ങളിൽ, 83ലും ദാരിദ്ര്യ ലഘൂകരണം സ്തംഭിച്ചു. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ മാത്രമാണ് ദാരിദ്ര്യം എന്ന ധാരണ തെറ്റാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകത്തെ ദരിദ്രരിൽ മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 740 ദശലക്ഷം പേർ) ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്നത്.

വരുംകാല സൂചകങ്ങൾ ആശങ്കാജനകമാണ്. ബഹുമുഖ ദാരിദ്ര്യത്തിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള രാജ്യങ്ങൾ തന്നെയാണ് ഏറ്റവും കഠിനമായ താപനില വർധനവ് അനുഭവിക്കുന്നത്. ഉയർന്ന ഉദ്‌വമന സാഹചര്യത്തിൽ, താഴ്ന്ന ദാരിദ്ര്യ നിലവാരമുള്ള രാജ്യങ്ങളിലെ 62 അധിക ദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ രാജ്യങ്ങൾക്ക് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രതിവർഷം 92 ദിവസം കൂടി കടുത്ത ചൂട് നേരിടണം. കാലാവസ്ഥാ പ്രതിസന്ധിയുടെ ആഴമാണ് ഈ അസമത്വം അടിവരയിടുന്നത്. ഹരിതഗൃഹ വാതക ഉദ്‌വമനത്തിന് ഏറ്റവും കുറഞ്ഞ ഉത്തരവാദിത്തമുള്ളവരാണ് ഏറ്റവും വലിയ ചെലവ് വഹിക്കുന്നത്. സാമ്പത്തികമായും അസ്തിത്വപരമായും ഇതാണവസ്ഥ. ലോകത്തിലെ ഏറ്റവും ദരിദ്രർ ഒരു ദുഷിച്ച ചക്രത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ദരിദ്രരായതിനാൽ ദുർബലരും ദുർബലരായതിനാൽ ദരിദ്രരും, ചാക്രിക ക്രമം ഇങ്ങനെയാണ്.

ദക്ഷിണേഷ്യയും സബ്-സഹാറൻ ആഫ്രിക്കയുമാണ് ഈ പ്രതിസന്ധിയുടെ കേന്ദ്രബിന്ദുക്കൾ. 10 എംപിഐ സൂചകങ്ങളിൽ ഏഴെണ്ണവും ദക്ഷിണേഷ്യയെ അപേക്ഷിച്ച് സബ്-സഹാറൻ ആഫ്രിക്കയിൽ ഉയർന്ന ദാരിദ്ര്യ നിരക്കുകൾ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രവും പരിസ്ഥിതി ദുർബലവുമായ മേഖലയായി ഇവിടം. ലോകത്തിലെ ദരിദ്രരിൽ 83.2 ശതമാനവും ഈ രണ്ട് മേഖലകളിലാണ്. ഇന്ത്യ 2005-06 നും 2019–21 നും ഇടയിൽ 400 ദശലക്ഷത്തിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്നാവർത്തിക്കുമ്പോഴും ഈ നേട്ടങ്ങളും ജീവിതാനുകൂല കാലാവസ്ഥയും വെല്ലുവിളി നേരിടുകയാണ്. ദക്ഷിണേഷ്യയിലെ മിക്കവാറും എല്ലാ ദരിദ്രരും (99.1%) കാലാവസ്ഥാ ഭീഷണിയെ മുഖാമുഖം കാണുന്നവരാണ്.

കടുത്ത ദാരിദ്ര്യമുള്ളവരിൽ പകുതിയോളം — ഏകദേശം 565 ദശലക്ഷം പേർ ഇവിടെയാണ് താമസിക്കുന്നത്. അവരിൽ 193 ദശലക്ഷം പേർ ഒന്നിലധികം അപകടങ്ങൾക്ക് വിധേയരാകുന്നു. ദാരിദ്ര്യ നിർമ്മാർജനവും കാലാവസ്ഥാ സംരക്ഷണവും ഇനി വെവ്വേറെ കാണാൻ കഴിയില്ല. ഈ രണ്ട് പ്രശ്നങ്ങളെയും ഒരേസമയം നേരിടുന്ന സംയോജിത തന്ത്രങ്ങൾ സർക്കാരുകൾ നടപ്പിലാക്കേണ്ടതുണ്ട്. കാലാവസ്ഥാ ആഘാതങ്ങളെ പ്രതിരോധിക്കുന്ന ഉപജീവനമാർഗങ്ങളും ഹരിത അടിസ്ഥാന സൗകര്യങ്ങളും ദരിദ്രർക്കായി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള ഉപജീവനമാർഗങ്ങൾ കണ്ടെത്തണം — എംപിഐ 2025ലെ കണ്ടെത്തലുകൾ വ്യക്തമാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെടുന്ന സാമൂഹിക — സംരക്ഷണ സംവിധാനങ്ങൾ, ഹരിത അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Exit mobile version