Site iconSite icon Janayugom Online

കീരിക്കാടന്‍ കളമൊഴിയുമ്പോള്‍

സേതുമാധവനെന്ന ഒരു സാധാരണ പൊലീസുകാരന്റെ മകനെ ഗുണ്ടയാക്കി മാറ്റുന്നത് ജീവിത സാഹചര്യങ്ങളാണ്. സേതുമാധവനെന്ന സാധാരണക്കാരന്‍ അയാളെക്കാള്‍ ആകാരംകൊണ്ടും ശബ്ദംകൊണ്ടും പ്രവൃത്തികൊണ്ടും ഭീകരനായ കീരിക്കാടന്‍ ജോസിനെ തല്ലേണ്ടി വന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍. കിരീടമെന്ന സിനിമ പ്രേക്ഷകര്‍ക്ക് സ്വന്തം നാട്ടിലൊരിടത്ത് നടക്കാന്‍ സാധ്യതയുള്ള ഒരു സംഭവമായി ബോധ്യപ്പെടുത്തിയതില്‍ കീരിക്കാടന്‍ ജോസായി അഭിനയിച്ച മോഹന്‍രാജിന്റെ ആ കഥാപാത്രമായുള്ള മാറ്റം വലിയ സഹായം ചെയ്തിട്ടുണ്ട്. കീരിക്കാടന്റെ കഥാപാത്രം വിജയിച്ചതുകൊണ്ടാണ് സേതുമാധവനെയും പിതാവായ ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍നായരെയുമൊക്കെ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാക്കാന്‍ മോഹന്‍ലാലിനും തിലകനുമൊക്കെ കഴിഞ്ഞത്. അതായത് സേതുമാധവന് എതിര്‍ക്കേണ്ടി വന്നത് കീരിക്കാടന്‍ ജോസെന്ന വില്ലനെയാണെന്നതാണ് കിരീടത്തിന്റെ പ്രേക്ഷക ഹൃദയത്തിലുള്ള ഉറപ്പിക്കലിന് ആക്കം കൂട്ടിയത്.
മോഹന്‍ലാല്‍ എന്ന താരത്തിന്റെ മെഗാസ്റ്റാറായും ആക്ഷന്‍ഹീറോയായുമുള്ള രൂപപരിണാമത്തില്‍ കീരിക്കാടന്‍ ജോസിലെ അമാനുഷികനായ വില്ലന്റെ സാമീപ്യം വളരെയേറെയുണ്ട്. ആറാം തമ്പുരാനിലെ ജഗന്നാഥനോട് ‘അങ്ങാടിയില്‍ പത്താള് കൂടുന്നതിന്റെ നടുവില് കിട്ടണം നിന്നെ..’ എന്ന ചെങ്കളം മാധവന്‍ എന്ന കീരിക്കാടന്റെ കഥാപാത്രം പറയുമ്പോള്‍ തിയേറ്ററില്‍ ഉയര്‍ന്ന കയ്യടി കട്ടയ്ക്ക് നില്‍ക്കുന്ന ഒരു വില്ലന്റെ സാന്നിധ്യം പ്രേക്ഷകന് അനുഭവപ്പെടുന്നതുകൊണ്ടാണ്. ഇതുപോലെ തന്നെയാണ് ‘കൊളപ്പുള്ളിക്കാരനെ വിറപ്പിച്ചപോലെ പോകല്ലേ… ഇത് ഭാസ്കരനാ’ എന്ന ഡയലോഗോടെ നരസിംഹത്തില്‍ ഇന്ദുചൂഡനോട് പോരിന് വരുന്ന ഭാസ്കരനും തിയേറ്ററില്‍ പ്രേക്ഷകരെ ആക്ഷാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
അര്‍ത്ഥം, എയ് ഓട്ടോ, വ്യൂഹം, രാജവാഴ്ച, ഒളിയമ്പുകള്‍, ആനവാല്‍ മോതിരം, മിമിക്സ് പരേഡ്, കൂടിക്കാഴ്ച, കനല്‍ക്കാറ്റ്, കാസര്‍കോട് കാദര്‍ഭായ്, പത്രം തുടങ്ങിയ ചിത്രങ്ങളില്‍ സ്ഥിരം വില്ലന്‍ — ഗുണ്ട വേഷങ്ങളില്‍ കീരിക്കാടനെത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വില്ലന്‍മാരുടെ ഇറക്കുമതി വര്‍ധിച്ചതും നാടന്‍കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമാ നിര്‍മ്മിതിയിലുള്ള മാറ്റവും കീരിക്കാടനെന്ന നടനെയും മാറ്റിച്ചിന്തിപ്പിച്ചു. ഉപ്പുകണ്ടം ബ്രദേഴ്സിലെ ഉപ്പുകണ്ടം പോളച്ചന്‍, കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലെ കീരിക്കാടന്‍ ജോസിന്റെ പഴയ കാലം, ക്യാബിനറ്റിലെ മഹേന്ദ്രനുമൊക്കെ വില്ലനിസമില്ലാത്ത കഥാപാത്രങ്ങളായി കീരിക്കാടനെത്തിയ ചിത്രങ്ങളാണ്. നരനിലെ കുട്ടിച്ചിറ പപ്പനും, ഹലോയിലെ പട്ടാമ്പി രവിയുമൊക്കെ തിയേറ്ററില്‍ ചിരിയുണര്‍ത്തിയ കഥാപാത്രങ്ങളാണ്. 

സിനിമയിലെ നായകന്‍മാര്‍ ജീവിതത്തില്‍ വില്ലന്‍മാരായി മാറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലത്താണ് കീരിക്കാടന്‍ ജോസ് വിട പറയുന്നത്. കേന്ദ്രസര്‍ക്കാരില്‍ ഇന്‍ഫോഴ്സ്മെന്റ് ഓഫിസറായിരുന്നപ്പോള്‍ കിട്ടിയ ജീവിതചര്യകള്‍ മോഹന്‍രാജ് എന്ന കീരിക്കാടന്‍ ജോസിനെ തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനാക്കി മാറ്റുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നത്.

Exit mobile version