Site iconSite icon Janayugom Online

ഒരു നീതിമാന്‍ കൂടി ക്രൂശിക്കപ്പെടുമ്പോള്‍

saibabasaibaba

സമീപകാലത്ത് പൊതുസമൂഹത്തില്‍ നീതിക്കും സാമൂഹ്യസമത്വം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊണ്ട പണ്ഡിതരും സാമൂഹ്യ പരിഷ്കര്‍ത്താക്കളും പത്രപ്രവര്‍ത്തകരുമൊക്കെ വെടിയുണ്ടകള്‍ക്കിരയാവുന്ന മനഃസാക്ഷിയെ നടുക്കുന്ന സംഭവങ്ങളാണ് നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത്. 2013ഓഗസ്റ്റ് 13ന് പൂനെയില്‍ വച്ചാണ് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ വധിക്കപ്പെടുന്നത്. മിറാജ് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദം നേടി ഗ്രാമീണരുടെ ഇടയില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അവയുടെ പേരില്‍ മന്ത്രവാദികളും മതസ്ഥാപനങ്ങളും മറ്റും നടത്തുന്ന കൊടിയ ചൂഷണങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി. അന്ധവിശ്വാസങ്ങള്‍ക്കെതിരെ അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി എന്ന സംഘടനയിലൂടെ പ്രവര്‍ത്തിക്കുകയും പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ‘സാധന’ എന്ന മാസിക പ്രസിദ്ധീകരിക്കുകയും ചെയ്ത ധബോല്‍ക്കറെ മതതീവ്രവാദികള്‍ പ്രഭാത സവാരിക്കിടെ വെടിയുണ്ടയ്ക്കിരയാക്കി. 2018ല്‍ സച്ചിന്‍ പ്രകാശ് റാവു എന്നൊരാളെ അറസ്റ്റ് ചെയ്തെങ്കിലും ഇതുവരെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ അംഗവും ആയിരുന്ന ഡോ. ഗോവിന്ദ് പന്‍സാരെ 2015ഫെബ്രുവരി 16ന് കോല്‍ഹാപുരില്‍ വച്ച് അക്രമികളുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിയായി. അദ്ദേഹം രചിച്ച ‘ശിവജി ആരായിരുന്നു?’ എന്ന ഛത്രപതി ശിവജിയുടെ മതേതരമുഖം തുറന്നുകാണിക്കുന്ന പുസ്തകവും മഹാരാഷ്ട്രയിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന ഹേമന്ത് കാര്‍ക്കറെ ഐപിഎസിന്റെ വധത്തിന്റെ ഉള്ളറകള്‍ തുറന്നുകാണിച്ച കാര്‍ക്കറെയെ കൊന്നതാര്? എന്ന പുസ്തകവും വലിയതോതില്‍ ജനശ്രദ്ധ നേടുകയും തീവ്രവര്‍ഗീയ വാദികളുടെ ശത്രുത വിളിച്ചുവരുത്തി. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഡോ. ഗോവിന്ദ് പന്‍സാരെ 2015ഫെബ്രുവരി 20ന് മരണത്തിന് കീഴടങ്ങി. ഏഴു മാസങ്ങള്‍ക്കുശേഷം ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതന്‍ സംസ്തയുടെ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അതേവര്‍ഷം തന്നെ 2015ഓഗസ്റ്റ് 30ന് പ്രഭാതത്തിലാണ് കന്നഡ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലറും 2006ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പുരോഗമനാശയങ്ങളുടെ പ്രചാരകനുമായിരുന്ന എം എം കല്‍ബുര്‍ഗി ധാര്‍വാടിലെ സ്വന്തം വീട്ടിലെത്തിയ അക്രമികളുടെ വെടിയേറ്റ് രക്തസാക്ഷിയായത്. കന്നഡ ഭാഷയിലെ പ്രമുഖ എഴുത്തുകാരനായ പി ലങ്കേഷിന്റെ മകളും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ സനാതന്‍ സംസ്ത എന്ന ഹിന്ദുത്വ ഭീകര സംഘടനയുടെ പ്രവര്‍ത്തകര്‍ 2017സെപ്റ്റംബര്‍ അഞ്ചിന് വെടിവച്ചു കൊന്നു. 

ഈ കൊലപാതകങ്ങള്‍ ഇന്ത്യയുടെ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുവെങ്കിലും കാര്യമായ അന്വേഷണങ്ങള്‍ നടന്നില്ല. ഇന്ത്യയിലെ തന്നെ പൊതുരംഗത്തെ ഉന്നത വ്യക്തികള്‍ കൊല്ലപ്പെട്ടിട്ടും അതിനു പിറകിലെ ഗൂഢാലോചന അന്വേഷിക്കപ്പെട്ടില്ല. പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല.
പിന്നീട് ഇതിലും നിന്ദ്യമായ കാര്യങ്ങളാണ് സംഭവിച്ചത്. ഫാദര്‍ സ്റ്റാന്‍സ്വാമി എന്ന വയോധികനായ ജസ്യൂട്ട് പുരോഹിതന്‍, ജീവിതകാലം മുഴുവന്‍ ഗോത്രവര്‍ഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട് 2021ജൂലൈ അഞ്ചിന് ബോംബെ ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് ബോംബെയിലെ ഹോളിഫാമിലി ആശുപത്രിയില്‍ അന്തരിച്ചു. വയോധികനും പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനുമായിരുന്ന ഫാ. സ്റ്റാന്‍സ്വാമി 2020ഒക്ടോബര്‍ എട്ട് മുതല്‍ ജയിലിലായിരുന്നു. ഫാ. സ്റ്റാന്‍സ്വാമിയെ അറസ്റ്റ് ചെയ്തത് ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ്. ഈ കേസുമായി ബന്ധപ്പെട്ട് അനേകം സാമൂഹ്യപ്രവര്‍ത്തകരെ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്യുകയുണ്ടായി. ഫാ. സ്റ്റാന്‍സ്വാമിക്ക് പുറമെ സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിങ്, റോണ വില്‍സണ്‍, ജ്യോതി ജഗ്‌ദീഷ്, പ്രൊഫ. ഹാനിബാബു, സാഗര്‍ ഗോര്‍ഖെ, രമേശ് ഗെയ്‌ചോര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. എന്താണ് ഭീമ – കൊറേഗാവ് സംഭവം? മറാത്തകള്‍ക്കെതിരെ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ 1818ജനുവരി ഒന്നിന് ദളിതുകളായ മഹറുകള്‍ ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പൊരുതി മറാത്തികള്‍ക്ക് മേല്‍ വിജയം നേടി. 1928ല്‍ ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് ഈ വിജയദിനം ഭീമ കൊറേഗാവില്‍ അനുസ്മരിച്ചു തുടങ്ങി. 2018ജനുവരി ഒന്നിന് ഈ വിജയത്തിന്റെ 200-ാം വാര്‍ഷികാഘോഷ ചടങ്ങിനിടെ ദളിതുകള്‍ക്കെതിരെ ഉയര്‍ന്ന ജാതിക്കാര്‍ നടത്തിയ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തിന്റെ പേരിലാണ് സാമൂഹ്യ പ്രവര്‍ത്തകരും എന്തിന് റിട്ടയേര്‍ഡ് ജഡ്ജുമാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. 

ഇത്തരത്തില്‍ രാജ്യത്തെ പ്രമുഖ സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകരെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാരോപിച്ച് ജയിലിലാക്കുന്ന കാലത്തിന് മുമ്പുതന്നെ കല്‍ബുര്‍ഗിയും പന്‍സാരെയുമുള്‍പ്പെടെയുള്ളവരെ ഉന്മൂലനം ചെയ്തിരുന്നു. അതേകാലത്ത് 2014മെയ് ഒമ്പതിനാണ് പ്രൊഫ. ജി എന്‍ സായിബാബയെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് മഹാരാഷ്ട്രയില്‍ യുഎപിഎ ചുമത്തി ജയിലിലടയ്ക്കുന്നത്. അഞ്ചാം വയസില്‍ പോളിയോ ബാധിച്ച് രണ്ട് കാലുകളും നഷ്ടപ്പെട്ട ഒരു കുട്ടി. അന്നു മുതല്‍ വീല്‍ചെയറിലായ ആ മനുഷ്യന്‍ സ്വന്തം ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലെ കോളജില്‍ അധ്യാപകനായ പ്രതിഭാശാലി. ഇന്ത്യന്‍ സാഹിത്യത്തിലെ ദളിത് — ആദിവാസി പങ്കാളിത്തത്തെ കുറിച്ചുള്ള പ്രബന്ധത്തിന് ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ പുരസ്കാരം നേടി. അധഃസ്ഥിത വിഭാഗങ്ങളുടെ പൗരാവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി. ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട് എന്ന പേരില്‍ തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യുന്നതിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. 80ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന, മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്ന അദ്ദേഹത്തെ 2015ജൂലൈയില്‍ ആരോഗ്യകാരണങ്ങളാല്‍ ബോംബെ ഹൈക്കോടതി ജാമ്യമനുവദിച്ചു. ഡിസംബറില്‍ ജയിലിലേക്ക് തിരിച്ചയച്ചു. വീണ്ടും സുപ്രീം കോടതി 2016ഏപ്രിലില്‍ ജാമ്യം അനുവദിച്ചു. 2017മാര്‍ച്ചില്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രാജ്യത്തിനെതിരായി കലാപം നയിച്ചു എന്നതുള്‍പ്പെടെ അനേകം വകുപ്പുകളാണ് അഞ്ച് വയസു മുതല്‍ വീല്‍ ചെയറില്‍ ജീവിച്ച പ്രൊഫ. സായിബാബക്കുമേല്‍ മഹാരാഷ്ട്ര പൊലീസ് ചുമത്തിയത്. മഹേഷ് ടിര്‍ക്കി, പാണ്ഡു നരോട്ടെ, ഹേംമിശ്ര, പ്രശാന്ത് റാഹി, വിജയ് ടിര്‍ക്കി എന്നീ സാമൂഹ്യ പ്രവര്‍ത്തകരുടെ പേരിലും കേസെടുത്തു. ജയിലില്‍ പ്രൊഫ. സായിബാബയുടെ ആരോഗ്യം മോശമായി. 2020ഏപ്രില്‍ 30ന് യു എന്‍ മനുഷ്യാവകാശ കമ്മിഷന്‍ അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടന്‍ ജയിലില്‍ നിന്നും മോചിപ്പിക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ 2020ജൂലൈയില്‍ ബോംബെ ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ചികിത്സയ്ക്കായി 45ദിവസം ജാമ്യം നല്കുവാനുള്ള അപേക്ഷയെ എതിര്‍ത്തു. ക്യാന്‍സര്‍ ബാധിതയായി ആസന്ന മരണയായ അമ്മയെ സന്ദര്‍ശിക്കുവാന്‍ പോലും അനുമതി നിഷേധിക്കപ്പെട്ടു. 2021ഏപ്രിലില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് അദ്ദേഹത്ത പുറത്താക്കി. 

2022ഒക്ടോബറില്‍ സായിബാബയേയും മേല്‍പ്പറഞ്ഞ സഹപ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ജീവപര്യന്തം ശിക്ഷ റദ്ദാക്കി. സര്‍ക്കാര്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിന് ഗുജറാത്ത് സംസ്ഥാനത്തിന്റെ നിയമസെക്രട്ടറിയായി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് ബേല ത്രിവേദിയും ജസ്റ്റിസ് എം ആര്‍ ഷായുമുള്‍പ്പെട്ട ബെഞ്ച് സ്റ്റേ അനുവദിച്ചു. ഹൈക്കോടതി വിധി മറ്റൊരു ബെഞ്ച് പരിഗണിക്കുവാനായി നിര്‍ദേശിച്ച് ഉത്തരവാകുകയും ചെയ്തു. ഒടുവില്‍ 2024മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് പ്രൊഫ. സായിബാബയെയും മറ്റ് അഞ്ചുപേരെയും വീണ്ടും കുറ്റവിമുക്തരാക്കി. അതിനിടയില്‍ ഒരു പ്രതി ജയിലില്‍ വച്ച് പന്നിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഈ വിധിക്കെതിരെയും വിധി വരുന്നതിന് മുമ്പുതന്നെ സുപ്രീം കോടതി മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ സുപ്രീം കോടതി, പ്രൊഫ. സായിബാബയെയും മറ്റ് ‍അഞ്ചുപേരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ബോംബെ ഹൈക്കോടതിയുടെ രണ്ട് വ്യത്യസ്ത ബെഞ്ചുകള്‍ പ്രതികളെ വെറുതെവിട്ടുകൊണ്ട് വിധി പ്രസ്താവിച്ചിട്ടുണ്ട്. പ്രഥമദൃഷ്ടിയില്‍ ഞങ്ങള്‍ ഈ വിധിന്യായങ്ങള്‍ കാര്യകാരണ സഹിതമാണെന്ന് കാണുന്നു. എന്നാണ് ജസ്റ്റിസ് ബി ആര്‍ ഗവായി വാക്കാല്‍ പരാമര്‍ശിച്ചത്. അങ്ങനെ പത്തുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഹൈക്കോടതി നിരപരാധിയെന്ന് കണ്ടെത്തി 2024മാര്‍ച്ച് മാസത്തില്‍ മോചിപ്പിച്ച പ്രൊഫ. സായിബാബ ഏഴു മാസങ്ങള്‍ക്കിപ്പുറം 2024ഒക്ടോബര്‍ 12ന് ഹൈദരാബാദ് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. പ്രൊഫ. ജി എന്‍ സായിബാബയുടെയും ഫാ. സ്റ്റാന്‍സ്വാമിയുടെയും അതുപോലെ നിരപരാധികളായ അനേകം മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഭൂരഹിത കര്‍ഷകര്‍, സമൂഹത്തിലെ പാര്‍ശ്വല്‍ക്കരിക്കപ്പെട്ട് ജനവിഭാഗങ്ങള്‍, ഇവരുടെയെല്ലാം അവസാനിക്കാത്ത ജയില്‍വാസവും അവര്‍ക്കെതിരെ ചുമത്തപ്പെടുന്ന ഗുരുതരമായ വകുപ്പുകള്‍ വ്യാജമായി കെട്ടിച്ചമയ്ക്കുന്ന തെളിവുകളുമൊക്കെ വിരല്‍ചൂണ്ടുന്നത് ക്രമസമാധാനപാലനമെന്ന പേരില്‍ നടക്കുന്ന മനുഷ്യാവകാശങ്ങളുടെ അടിച്ചമര്‍ത്തലിലേക്കാണ്. സാമൂഹ്യ നന്മയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടിയ അനേകം രാജ്യസ്നേഹികളാണ് ഈയടുത്തകാലത്ത് കൊലയാളികളുടെ വെടിയുണ്ടയ്ക്കിരയായും കള്ളക്കേസുകള്‍ ചാര്‍ത്തി ജയിലുകളില്‍ നരകയാതന അനുഭവിച്ചും നമ്മെ വിട്ടുപിരിഞ്ഞത്. അവര്‍ ജീവിച്ചത് ഈ രാജ്യത്തെ മനുഷ്യര്‍ക്കുവേണ്ടിയായിരുന്നു, രാജ്യത്തിനുവേണ്ടിയായിരുന്നു എന്ന യഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോകരുത്. 

Exit mobile version