Site iconSite icon Janayugom Online

കോമാളി കൊട്ടാരം കയറിയാല്‍

ഒരു മുത്തശ്ശി തന്റെ പേരക്കിടാവിന് പഴഞ്ചൊല്ലുകള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ‘ഒരിക്കല്‍ ഒരു കോമാളി രാജകൊട്ടാരത്തിലെത്തി. പക്ഷേ കോമാളി രാജാവായില്ല. കോമാളി കൊട്ടാരത്തിലും കോമാളി തന്നെ. പക്ഷേ കൊട്ടാരം ഒരു സര്‍ക്കസ് കൂടാരമായി.’ മുത്തശ്ശി പറഞ്ഞ ടര്‍ക്കിഷ് പഴമൊഴി കേട്ട് കുട്ടി കൈകൊട്ടി ആര്‍ത്തുവിളിച്ചു. അതാരാണെന്ന് ഞാന്‍ പറയാം മുത്തശ്ശി. നമ്മുടെ ഗവര്‍ണര്‍ ആരിഫ് അപ്പൂപ്പന്‍! ഗവര്‍ണറെ അങ്ങനെയൊന്നും കളിയാക്കരുതു കുട്ടീ, ‘അരചനെ കെടുത്തൊന്നും പറഞ്ഞിടൊല്ല’ എന്നല്ലേ ചൊല്ല്. കുട്ടിയുണ്ടോ വിടുന്നു. അവന്‍ നീട്ടിപ്പാടി, ‘കനകസിംഹാസനത്തില്‍ കയറിയിരിപ്പവന്‍ ശുനകനോ വെറും ശുംഭനോ…’ മുത്തശ്ശി പേരക്കുട്ടിക്കു മുന്നില്‍ തോറ്റുതൊപ്പിയിട്ടു പിന്മാറി. ഈ കിടാവിനുപോലും നമ്മുടെ ഗവര്‍ണറുടെ ഓരോ വാക്കും നോക്കും പോലും നാവേല്‍പ്പാട്ടാണ്. നമുക്ക് എത്ര ഗവര്‍ണര്‍മാരുണ്ടായിരിക്കുന്നു. ആദ്യത്തെ ആക്ടിങ് ഗവര്‍ണറായിരുന്ന പി എസ് റാവു മുതല്‍ കേരളം പിറന്നപ്പോഴുള്ള പ്രഥമ ഗവര്‍ണര്‍ ബി രാമകൃഷ്ണറാവുവരെ ആക്ടിങും അധികച്ചുമതലക്കാരുമായി 22 ഗവര്‍ണര്‍മാര്‍. പിന്നീട് രാഷ്ട്രപതിയായ വി വി ഗിരിയും ഭഗവാന്‍ സഹായിയും എന്‍ എന്‍ വാഞ്ചുവും ജ്യോതിവെങ്കിടാചലവും രാംദുലാരി സിന്‍ഹയും ഷീലാദീക്ഷിതുമടക്കമുള്ള അതിപ്രഗത്ഭര്‍. ഒടുവിലിതാ തുര്‍ക്കി പഴഞ്ചൊല്ലിലെപ്പോലെ മുഹമ്മദ് ആരിഫ്ഖാന്‍. ഗവര്‍ണര്‍മാരില്‍ ഇത്രയധികം ജനപ്രീതി നേടിയ ആരുണ്ടെന്ന ചോദ്യത്തിനും പഴഞ്ചൊല്ലു പഠിച്ച കുഞ്ഞിന് ഉത്തരമുണ്ടാകുമായിരുന്നു. ഞങ്ങളുടെ കണിയാപുരത്ത് പണ്ട് ഒരു ചക്രപാണി ആശാനുണ്ടായിരുന്നു. പേരുകേട്ട മാന്ത്രികനായിരുന്ന വേലുകണിയാരുടെ മരുമകന്‍. ചക്രപാണി ആശാനെ ഒരു ദിവസം പുത്തന്‍തോപ്പിലെ മീന്‍പിടിത്തക്കാര്‍ കടപ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. തങ്ങളുടെ വള്ളത്തില്‍ ചാകരക്കോളിനു വേണ്ട മന്ത്രവാദം നടത്താന്‍.

 


ഇതുംകൂടി വായിക്കാം; ഗവര്‍ണര്‍ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം


 

ആശാന്‍ വള്ളത്തിനു മുന്നില്‍ അരയന്നത്തിന്റെ ഒരു ചെമ്പുരൂപം ഘടിപ്പിച്ചു. ഒരു ചുവന്ന തുണിയും ചുറ്റി. മന്ത്രവാദത്തോടു മന്ത്രവാദം. ആശാനു മൂക്കുമൂട്ടെ ചാരായവും കൈനിറയെ കാശും കിട്ടി. ഇനി ഈ വള്ളത്തിന്റെ ഐശ്വര്യം ഈ ചെമ്പുപ്രതിമയായിരിക്കുമെന്ന് പാവം മുക്കുവന്‍ കരുതി. പക്ഷേ കടല്‍ കരിഞ്ഞമട്ട്. ഒരു നെത്തോലിക്കുഞ്ഞുപോലും വലയില്‍ കുടുങ്ങുന്നില്ല. ഇതൊന്നുമറിയാതെ ചാകരയില്‍ ആറാടുന്ന മത്സ്യത്തൊഴിലാളികളെ കാണാന്‍ ചക്രപാണി ആശാന്‍ കടപ്പുറത്തെത്തുന്നു. പാവം മുക്കുവന്‍, ആശാനെ അരിശംപൂണ്ട് പൂഴിമണ്ണിലിട്ട് ചവിട്ടിക്കൂട്ടി ഇഞ്ചപ്പരുവമാക്കി! ആശാന്‍ ഘടിപ്പിച്ച അരയന്നരൂപമാണ് വള്ളത്തെ നയിക്കുന്നതെന്നും മീന്‍വാരുന്നതെന്നുമാണ് ആശാന്‍ ആ സാധുമുക്കുവരെ ധരിപ്പിച്ചത്. കൊത്തിവച്ച രൂപം ധരിക്കുന്നത് താനാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന്. നമ്മുടെ ഗവര്‍ണറെപ്പോലെ. ഇംഗ്ലീഷില്‍ ഫിഗര്‍ഹെഡ് എന്ന ഒരു വാക്കുണ്ട്. അതിന്റെ ആന്തരാര്‍ത്ഥം വെറും നോക്കുകുത്തിയായ അലങ്കാരരൂപമെന്നു മാത്രം. രാഷ്ട്രീയത്തിലാണെങ്കിലോ, പുറമേ നിന്നു നോക്കിയാല്‍ സര്‍വാധികാര്യക്കാരന്‍. അടുത്തുചെന്നാലോ വെറുമൊരു അലങ്കാരവസ്തു. ഗവര്‍ണര്‍ പദവി രാജ്ഭവനില്‍ കൊത്തിവച്ച ഒരു കോമാളിപ്പാവയാണെന്ന് ഗവര്‍ണര്‍ ആരിഫ് തങ്ങള്‍ക്ക് അറിയാത്തതല്ല. രാജ്ഭവനുകളെ വൃദ്ധസദനങ്ങളെന്നും ഗവര്‍ണര്‍മാരെ അലങ്കാരവസ്തുക്കളെന്നും വിളിക്കുന്നത് ഇതുകൊണ്ടാണ്. കാലുമാറ്റക്കാരേയും കുഴിയില്‍ കാല്‍നീട്ടിയിരിക്കുന്നവരേയും പാര്‍പ്പിക്കാനാണ് ഭരണഘടനയുടെ 153 ഖണ്ഡികപ്രകാരം ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. അങ്ങനെ നറുക്കുവീണു കിട്ടിയയാളാണ് നമ്മുടെ ഗവര്‍ണര്‍. ഇന്ത്യയില്‍ എത്ര രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോടൊന്നും ചോദിക്കേണ്ട. നമ്മുടെ പ്രിയഗവര്‍ണറോടു ചോദിച്ചാല്‍ മതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊഴികെ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും കയറിനിരങ്ങിയയാള്‍. ഭാരതീയ ക്രാന്തിദള്‍, കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്‌പി എന്നീ കക്ഷികളിലെല്ലാം കയറിയിറങ്ങി നാറ്റിച്ച ശേഷം ഒരു കോമാളി പദവിക്കുവേണ്ടി ബിജെപിയുടെ കുഴലൂത്തുകാരനായയാള്‍.

തികഞ്ഞ മുസ്‌ലിം വിരോധി. വിവാഹമോചിതരാകുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാന്‍ രാജീവ്ഗാന്ധി നിയമം കൊണ്ടുവന്നപ്പോള്‍ അതില്‍ പ്രതിഷേധിച്ചു മന്ത്രിസഭയില്‍ നിന്നു രാജിവച്ച കിടിമന്നന്‍. ഹിജാബിനെതിരേ ആര്‍എസ്എസ് സുപ്രീം കമാന്‍ഡര്‍ മോഹന്‍ഭാഗവതിനെക്കാള്‍ വീറോടെ കൂറോടെ വാദിക്കുന്നയാള്‍. പക്ഷേ ഇതു കേരളമാണെന്ന് ആരിഫ് തങ്ങള്‍ അറിയാതെ പോയി. ‘സിപിയെ വെട്ടിയ നാടാണേ ഓര്‍ത്തുകളിച്ചോ’ എന്നൊന്നും പറയുന്നില്ല തല്ക്കാലം! സര്‍ക്കാരിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്ന ഇതിയാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവച്ചില്ലെങ്കില്‍ ‘പോണം മിസ്റ്റര്‍’ എന്ന് പ്രേംനസീര്‍ സ്റ്റൈലില്‍ സര്‍ക്കാര്‍ പറയുകയല്ലേ വേണ്ടിയിരുന്നത്. കാവി തനിക്കു കുളിരേകുന്ന നിറം എന്നു പറഞ്ഞ ഗവര്‍ണര്‍ പ്രസംഗത്തില്‍ ഒപ്പിട്ടില്ലായിരുന്നുവെങ്കില്‍ ഇവിടെ ഒരു ഭരണഘടനാപ്രതിസന്ധിയും ഉണ്ടാകുമായിരുന്നില്ല. അതിനെല്ലാം വഴങ്ങിയപ്പോള്‍ ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത് സര്‍ക്കാരിന്റെ ചെലവുകള്‍ നിയന്ത്രിച്ചുകളയുമെന്ന്. താനാരുകുവാ, ഇയാളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പറയാന്‍ എന്നു ചോദിക്കുന്നതിനു പകരം അതു പരിഗണിക്കാമെന്നല്ല പറയേണ്ടിയിരുന്നത്. എന്തായാലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒരു ചോദ്യമെറിഞ്ഞു. ഗവര്‍ണര്‍ മൂന്നാറിലും ലക്ഷദ്വീപിലും കുമരകത്തും സുഖവാസത്തിനുപോയ ചെലവുകള്‍ സര്‍ക്കാര്‍ ചോദിച്ചോ എന്ന്. ‘പാപി ചെല്ലുന്നേടം പാതാളം’ എന്ന ചൊല്ലുപോലെയായി നമ്മുടെ പ്രിയങ്കരി സ്വപ്നാസുരേഷിന്റെ അവസ്ഥ. സ്വര്‍ണകള്ളക്കടത്തു കേസില്‍ അകത്തായപ്പോള്‍ ‘ഗള്‍ഫ് ന്യൂസി‘ല്‍ ഒരു വാര്‍ത്തവന്നത് പണ്ട് അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയായ കോടീശ്വരനെ അടിച്ചുമാറ്റാന്‍ ശ്രമിച്ചുവെന്ന്. ആ വീട്ടില്‍ പിന്നെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പുകിലും പൂക്കാറും.

 


ഇതുംകൂടി വായിക്കാം;  ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്കുനിര്‍ത്തണം


 

പാപിചെന്ന് പാതാളമാക്കിയ ആ കുടുംബത്തില്‍ നിന്ന് സ്വപ്നയെ കുടിയിറക്കുംവരെ സംഗതികളെത്തി. പിന്നീട് തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്പോള്‍ മേലുദ്യോഗസ്ഥനെ കുടുക്കാന്‍ വ്യാജപരാതി. അതുകഴിഞ്ഞ് സ്വര്‍ണകള്ളക്കടത്ത്, ശിവശങ്കര സഹവാസം തുടങ്ങിയ യുദ്ധകാണ്ഡങ്ങള്‍. മൂന്നരവര്‍ഷം കൂടെപൊറുത്ത് ശിവശങ്കരന്‍ ഇപ്പോള്‍ പുസ്തകമെഴുതി ചോദിക്കുന്നു, ഏതു സ്വപ്ന, എന്തു സ്വപ്ന, എവിടത്തെ സ്വപ്ന. താനും പുസ്തകമെഴുതി നൊബേല്‍ പ്രൈസ് വാങ്ങുമെന്ന ഭീഷണിയോടെ ശിവശങ്കര്‍ പൂച്ചയെപ്പോലെ നാവടക്കി. പൂവന്‍കോഴി പിടക്കോഴിയായതുപോലെ മിണ്ടാട്ടമില്ല. ബിജെപിയുടെ ഒരു തരികിട സംഘടനയില്‍ ഇപ്പോള്‍ ഒരു ജോലി തരപ്പെടുത്തിയപ്പോള്‍ അതും വിവാദ ഉരുള്‍പൊട്ടലാവുന്നു. ചെന്നുകയറിയ സംഘടനയ്ക്കെതിരേ പോലും അഴിമതി ആരോപണ അന്വേഷണം. നേരത്തെ തരപ്പെടുത്തിയ ജോലിയുടെ ശമ്പളം ദശലക്ഷങ്ങളായി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി. ഈ ജോലിക്കു ഹാജരാക്കിയ വ്യാജഡിഗ്രിയുടെ പേരില്‍ കേസും വക്കാണവും, ഇതാണ് പണ്ടാരാണ്ടു പറഞ്ഞത് ‘കഷ്ടകാലം വന്നീടുകില്‍ കോണകവും പാമ്പായി വന്ന് കടിച്ചിടാം’ എന്ന്! തലസ്ഥാനത്ത് പബ്ലിക് ലൈബ്രറി വളപ്പില്‍ മലയാളത്തിലെ ആദ്യ ചരിത്രാഖ്യായികയായ മാര്‍ത്താണ്ഡവര്‍മ്മയടക്കം വിഖ്യാത കൃതികളെഴുതിയ സി വി രാമന്‍പിള്ളയുടെ പ്രതിമ വരാന്‍ പോകുന്നു. ചരിത്ര പുരുഷന്മാരെ ആദരിക്കാനല്ല ഇകഴ്ത്താനാണ് പ്രതിമാസ്ഥാപനങ്ങള്‍ എന്നു തെളിഞ്ഞിട്ടും പിന്നെയും നമുക്ക് പ്രതിമാസ്ഥാപനത്വര. ഈ വളപ്പില്‍ത്തന്നെയുള്ള ഉള്ളൂരിന്റെ പ്രതിമയിലെ കണ്ണ് ദ്രവിച്ച് പൊട്ടിയൊലിക്കുന്നത് മഹാകവിക്ക് കണ്ണുദീനം എന്ന തലക്കെട്ടില്‍ വാര്‍ത്തയായിരുന്നു. കിഴക്കേകോട്ടയിലെ ഗാന്ധിപ്രതിമ, അയ്യങ്കാളി ഹാളിനു മുന്നിലെ പട്ടം താണുപിള്ള പ്രതിമ, പാളയത്തെ ആര്‍ ശങ്കര്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഇഎംഎസ്, സുഭാഷ് ചന്ദ്രബോസ് പ്രതിമകള്‍, വിമന്‍സ് കോളജിനു മുന്നിലെ ആനിമസ്ക്രീന്‍, രാജ്ഭവനെ നോക്കി വിരല്‍ചൂണ്ടുന്ന അക്കാമ്മാ ചെറിയാന്‍, കവടിയാറിലെ അയ്യന്‍കാളി, സമീപത്തെ വയലാര്‍ രാമവര്‍മ്മ, കിഴക്കേകോട്ടയില്‍ ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച ശ്രീചിത്തിരതിരുനാള്‍, പാളയം സ്റ്റാച്യുവിലെ സര്‍ ടി മാധവരായര്‍, സെക്രട്ടേറിയറ്റ് വളപ്പിലെ വേലുത്തമ്പി ദളവ എന്നിങ്ങനെ തലസ്ഥാനം പ്രതിമാബഹുലം. എല്ലാ പ്രതിമകളും കാകപുരീക്ഷാഭിഷിക്തം. പ്രതിമാസ്ഥാപനത്തിനു പ്രക്ഷോഭം നടത്തുന്നവര്‍ പ്രതിമകളെല്ലാം കാക്കകളുടെ കക്കൂസുകളാക്കുമ്പോള്‍ നമുക്കെന്തേ ഈ പ്രതിമാ ആക്രാന്തത്തിന് വിരാമമുണ്ടാകാത്തത്! ഇതും ഒരുതരം രോഗമാണോ. പ്രതിമാമാനിയ!

Exit mobile version