Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കളംനിറഞ്ഞ് ഇഡി; വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡ്

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വ്യാപക നീക്കവുമായി വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളവും മഹാരാഷ്ട്രയും ബിഹാറും തമിഴ്നാടും പശ്ചിമബംഗാളുമടക്കം വിവിധ സംസ്ഥാനങ്ങളില്‍ സമന്‍സുകളും റെയ്ഡുകളുമായി ഇഡി കളംനിറഞ്ഞു. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അഴിമതിക്കേസിൽ എൻസിപി നേതാവ് ശരദ് പവാറിന്റെ കൊച്ചുമകനും എംഎൽഎയുമായ രോഹിത് പവാറിന് ഇഡി സമന്‍സ് നല്‍കി. 24ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. രോഹിത് പവാറിന്റെ ഉടമസ്ഥതയിലുള്ള ബരാമതി അഗ്രോയിൽ പരിശോധനയും നടത്തിയിരുന്നു.

കോവിഡ് കാലത്ത് മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ ബോഡി ബാഗുകള്‍ വാങ്ങിയതില്‍ അഴിമതി കാണിച്ചുവെന്ന കേസില്‍ ശിവസേന നേതാവും മുംബൈ മുന്‍ മേയറുമായ കിഷോരി പെട്നേക്കറിന് ഇഡി നോട്ടീസ് അയച്ചു. 25ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും കിഷോരി ഹാജരായിരുന്നില്ല. 6.37 കോടിയുടെ ഖിച്ച്ഡി അഴിമതിയുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയുടെ അനുയായിയും ശിവസേന (യുബിടി) പ്രവർത്തകനുമായ സൂരജ് ചവാനെ കഴിഞ്ഞദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ബംഗാളിലെ സ്കൂൾ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍‍ കൊൽക്കത്തയിലെ എട്ട് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി. കേസില്‍ അറസ്റ്റിലായ മുൻ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി, എംഎല്‍എ ജിബോണ്‍ സാഹ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പുതിയ സമന്‍സ് അയക്കുമെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. നേരത്തെ നാല് തവണ സമന്‍സയച്ചെങ്കിലും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേനെ ഇന്ന് ഇഡി ചോദ്യംചെയ്തേക്കും. സംസ്ഥാനത്ത് വലിയ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇഡി കത്തുനല്‍കി.

ലാലുവിനും തേജസ്വിക്കും നോട്ടീസ്

ന്യൂഡല്‍ഹി: ഭൂമിക്ക് പകരം ജോലി കേസില്‍ ആര്‍ജെ‍‍ഡി നേതാവ് ലാലു പ്രസാദ് യാദവിനും മകന്‍ തേജസ്വി യാദവിനും ഇഡി വീണ്ടും നോട്ടീസ് അയച്ചു. പട്ന ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.  ലാലു പ്രസാദ് യാദവ് ഈ മാസം 29നും തേജസ്വി 30നുമാണ് ഹാജരാകേണ്ടത്. ഇഡി ഉദ്യോഗസ്ഥര്‍ വസതിയിലെത്തി ലാലു പ്രസാദിന്റെ ഭാര്യയും ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്ക് നേരിട്ടാണ് നോട്ടീസ് കൈമാറിയത്. ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല.

 

Eng­lish Sum­ma­ry; When the elec­tion is near, the field is filled with ED; Raid in dif­fer­ent states

You may also like this video
<iframe width=“560” height=“315” src=“https://www.youtube.com/embed/Xk95G_lSwYs?si=npyLUu2_opkDSiz6” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture; web-share” allowfullscreen></iframe>

Exit mobile version