Site iconSite icon Janayugom Online

കടല്‍ കോര്‍പറേറ്റ് കൊള്ളക്കാര്‍ക്ക് അടിയറവയ്ക്കുമ്പോള്‍

കൊല്ലം പരപ്പില്‍ മൂന്ന് ബ്ലോക്കുകളിലായി 242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടല്‍, കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കാന്‍ ഇന്ന് ധാരണയാവും. ഹിമാലയം മുതല്‍ ദണ്ഡകാരണ്യം വരെയുള്ള വനപ്രദേശങ്ങളിലെ അളവറ്റ ധാതുസമ്പത്ത് കുഴിച്ചെടുക്കുന്ന “വേദാന്ത“യടക്കമുള്ള കോര്‍പറേറ്റുകള്‍ ഫെബ്രുവരി 27നായി കാത്തിരിക്കുകയാണ്. മണിപ്പൂര്‍ എന്ന കൊച്ചുസംസ്ഥാനത്ത് 200ലധികം ജനങ്ങള്‍ക്ക് ജീവഹാനിയും പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് കിടപ്പാടവും നഷ്ടപ്പെട്ട കലാപത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മണിപ്പൂര്‍ മലനിരകളിലെ ഗോത്രവര്‍ഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റി വനഭൂമി ധാതുഖനനത്തിന് ലഭ്യമാക്കുക എന്നതാണെന്ന് ഒരു രഹസ്യമല്ല. കേരളത്തില്‍ നാല് മേഖലകളിലാണ് കടലില്‍ ഖനനം നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, ചാവക്കാട്, പൊന്നാനി. അതില്‍ ആദ്യഘട്ടത്തില്‍ കൊല്ലം പരപ്പിലാണ് ഇപ്പോള്‍ 242 ചതുരശ്ര കിലോമീറ്റര്‍ കടല്‍ വില്പനയ്ക്ക് കരാറാവുന്നത്. 30.24 കോടി ടണ്‍ മണല്‍ നിക്ഷേപമാണ് ഇവിടെയുള്ളത് എന്നാണ് കണക്കാക്കിയിട്ടുള്ളത്. തിരുവനന്തപുരം പട്ടണം 214.86 ചതുരശ്ര കിലോമീറ്റര്‍ മാത്രമേയുള്ളൂ എന്നുകൂടി നമ്മള്‍ അറിയേണ്ടതുണ്ട്.

ഇന്ത്യയില്‍ 1960കളില്‍ സമുദ്രപര്യവേഷണം നടത്തിയ ഇന്റോ-നോര്‍വീജിയന്‍ സംഘത്തിലെ കെയര്‍ ലാര്‍‍സനാണ് കൊല്ലം പരപ്പിനെക്കുറിച്ച് വിശദമായ പഠനം നടത്തിയത്. വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ 3,300 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഈ കടല്‍പ്രദേശം ഇന്ത്യയിലെ 22 മത്സ്യസങ്കേതങ്ങളില്‍ ഏറ്റവും വൈവിധ്യമുള്ള മത്സ്യസമ്പത്തുള്ളതാണ്. നമ്മള്‍ മലയാളികളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായ അയില, മത്തി, നത്തോലി, കിളിമീന്‍, വേളാപ്പാര തുടങ്ങിയ മത്സ്യങ്ങളും വിവിധയിനം കൊഞ്ചും ചെമ്മീനും ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ഇവിടെ നിന്നാണ്. ഈ മത്സ്യസമ്പത്തിന് പ്രധാനകാരണം കാലങ്ങളായി വിവിധ നദികളില്‍ നിന്നും അഷ്ടമുടിക്കായലില്‍ നിന്നും ഒഴുകിയെത്തിയ എക്കല്‍ മണ്ണില്‍ വളരുന്ന സമുദ്രസസ്യങ്ങളുടെ സാന്നിധ്യമാണ്.
മണല്‍ ഖനനം കടലിലെ ജൈവവൈവിധ്യത്തിനും മത്തി, അയല, നത്തോലി തുടങ്ങി മലയാളിയുടെ നിത്യഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമായ ഉപരിതല മത്സ്യവര്‍ഗങ്ങളുടെയും അന്ത്യം കുറിക്കും. കേരളത്തിലെ രണ്ടു ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികള്‍‍ പ്രധാനമായും മത്സ്യബന്ധനം നടത്തുന്നത് ഈ കടലിലാണ്. 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തുനിന്ന് 302.5 ദശലക്ഷം ടണ്‍ മണലൂറ്റാനാണ് ആദ്യഘട്ടത്തിലെ പദ്ധതി. ഏത് കമ്പനികളുടെ ടെന്‍ഡര്‍ സ്വീകരിച്ചാലും അഡാനി കമ്പനിയുടെ കപ്പലുകളും ഡ്രെഡ്ജറുകളും ഉപയോഗിച്ചായിരിക്കും ഖനനം നടത്തുക. കടലിലെ ഒന്ന് മുതല്‍ രണ്ട് മീറ്റര്‍ വരെ കനത്തിലുള്ള മണ്ണ് പൂര്‍ണമായും നീക്കം ചെയ്താണ് മണല്‍ ഖനനം നടത്തുക. മേല്‍ത്തട്ടിലെ മണ്ണും ചെളിയും നീക്കുന്നതോടെ അടിത്തട്ടിലെ ഖനലോഹങ്ങള്‍, വിഷാംശങ്ങള്‍ എല്ലാം കലങ്ങി സമുദ്രജലത്തില്‍ കലരും. വിവിധയിനം ഉപരിതല മത്സ്യങ്ങള്‍ മുട്ടയിട്ടുപെരുകുന്ന, അവയുടെ ഭക്ഷണമായ സമുദ്രസസ്യങ്ങള്‍ വളരുന്ന കടലിന്റെ മേല്‍ത്തട്ടിലെ മണ്ണും ചെളിയും ഇല്ലാതാവുന്നതോടെ മത്സ്യസമ്പത്തിന് അവസാനമാവും. ഇങ്ങനെ നീക്കം ചെയ്യുന്ന മണ്ണും ചെളിയും കരയിലാണ് നിക്ഷേപിക്കപ്പെടുക. അതോടെ കരയും കടലും ഒരുപോലെ മലിനമാകും. 

കുഴിച്ചെടുക്കുന്ന വെള്ളമണലിലെ ഉപ്പുരസം കളയാന്‍ അത് ശുദ്ധജലത്തില്‍ കഴുകണം. ഇതിനുള്ള ശുദ്ധജലം അഷ്ടമുടിക്കായലില്‍ നിന്നും നദികളില്‍ നിന്നും ലഭ്യമാക്കണം. ഇത് ശുദ്ധജല ക്ഷാമം സൃഷ്ടിക്കുമെന്ന് മാത്രമല്ല കായലിലെയും നദികളിലെയും ശുദ്ധജലത്തില്‍ ഉപ്പുകലര്‍ന്ന് അവയിലെ മത്സ്യസമ്പത്തും ശുദ്ധജല വിതരണപദ്ധതികളും നശിക്കുകയും ചെയ്യും. തുടര്‍ഘട്ടങ്ങളില്‍ മണലൂറ്റല്‍ ആലപ്പുഴ, ചാവക്കാട്, പൊന്നാനി ഭാഗങ്ങളിലേക്കും കൂടി വ്യാപിക്കുന്നതോടെ കേരളം ഇന്നുവരെ നേരിട്ടതില്‍ ഏറ്റവും വലിയ പരിസ്ഥിതി നാശം സംഭവിക്കും. കോവിഡ് കാലത്ത് ശൈലേഷ് നായക് കമ്മിറ്റിയാണ് കേരളത്തില്‍ അ‍ഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം ടണ്‍ കടല്‍ മണല്‍ ഖനനം ചെയ്യാനുളള പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ “ബ്ലൂ ഇക്കണോമി” എന്ന രേഖയിലാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ഇത് സ്വകാര്യ മേഖലയില്‍ നടത്തണമെന്ന് നിര്‍ദേശിച്ചത്.
2002ലെ ഖനനനിയമപ്രകാരം കടല്‍ ഖനനം പൊതുമേഖലയ്ക്ക് മാത്രമായിരുന്നു. എന്നാല്‍ 2023ല്‍ മണിപ്പൂര്‍ കലാപത്തിന്റെ സാഹചര്യത്തില്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ലോക്‌സഭ ബഹിഷ്കരിച്ച സമയത്ത് സ്വകാര്യമേഖലയ്ക്കുകൂടി ഖനനത്തിന് അവകാശം കൊടുത്തുകൊണ്ട് കൊണ്ടുവന്ന ഭേദഗതിയാണ് കേരളത്തിലെ കടലിന്റെയും കടലിന്റെ മക്കളുടെയും അന്തകനാവുന്നത്.

കാലങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങളുളവാക്കുന്ന, മത്സ്യമേഖലയെ ആശ്രയിച്ചുജീവിക്കുന്ന കേരളത്തിലെ വലിയ വിഭാഗം ജനങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന, ശരാശരി 32കിലോ മത്സ്യം പ്രതിവര്‍ഷം ഉപയോഗിക്കുന്ന മലയാളിയുടെ ഭക്ഷണരീതിയെ ശൂന്യമാക്കുന്ന, തീരശോഷണവും കടലാക്രമണവും രൂക്ഷമാക്കുന്ന ക്രൂരമായ പദ്ധതിയാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും എതിര്‍പ്പ് തൃണവല്‍ഗണിച്ചുകൊണ്ട് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കോര്‍പറേറ്റുകളുടെ ആര്‍ത്തിയെ തൃപ്തിപ്പെടുത്തുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. 12,000 കോടി ഡോളര്‍ ആണത്രെ ഇങ്ങനെ ലഭിക്കുവാന്‍ പോവുന്നത്. ഇത് പത്ത് വെള്ളിക്കാശിന് യേശുദേവനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചെയ്തിപോലെ അധര്‍മ്മമാണ്.

Exit mobile version