എന്തിനാണ് തങ്ങള്‍ ക്രൂരമായി കൊല്ലപ്പെടുന്നതെന്നും ബലാത്സംഗത്തിനിരയാക്കപ്പെടുന്നതെന്നും ജന്മദേശത്തു നിന്ന് ആട്ടിയോടിക്കപ്പെടുന്നുവെന്നും അറിയാത്ത ജനങ്ങള്‍. ഏതു നിമിഷവും മരണം മുന്നിലെത്താമെന്ന ആശങ്കയില്‍ ദിവസം തള്ളിനീക്കപ്പെടുന്നവര്‍. കൊടും പട്ടിണിയും രോഗവും അലട്ടി തങ്ങളും മനുഷ്യരാണെന്ന ചിന്തപോലും നഷ്ടപ്പെട്ടവര്‍.
ആഭ്യന്തര യുദ്ധത്തില്‍ അക്ഷരാര്‍ഥത്തില്‍ കശാപ്പ് ശാലപോലെയായി മാറിപ്പോയ ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ ലോകത്തിന് മുന്നില്‍ വരച്ചിട്ട ചിത്രം ഇങ്ങനെയാണ്. അധികാര യുദ്ധത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടുപോയ സാധാരണക്കാര്‍ എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടുമ്പോള്‍ രണ്ടര വര്‍ഷത്തിനിടെ മാത്രം രാജ്യത്തുടനീളം ഒന്നരലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടുവെന്നും 1.2 കോടി ആളുകള്‍ ആട്ടിയോടിക്കപ്പെട്ടുവെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
1980 കളുടെ അവസാനത്തോടെ സുഡാന്‍ ഭരിച്ചിരുന്ന ഒമര്‍-അല്‍-ബഷീര്‍ രൂപം നല്‍കിയ ജന്‍ജാവീദ് സൈനിക വിഭാഗത്തിന്റെ ആധുനിക വിമത സൈനിക രൂപമാണ് ആര്‍എസ്എഫ് അല്ലെങ്കില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്. ക്രൂരതയുടെ ആള്‍രൂപമെന്ന് വിളിപ്പേര് കിട്ടിയിരുന്ന ജന്‍ജാവീദിന്റെ അതേ പാത ആര്‍എസ്എഫും തുടര്‍ന്നതോടെ ലോകം കണ്ട ഏറ്റവും വലിയ നരഹത്യയുടെ കേന്ദ്രമായും സുഡാന്‍ മാറി. സുഡാന്‍ സൈന്യമായ എസ്എഎഫും ആര്‍എസ്എഫും തമ്മിലുള്ള അധികാര തര്‍ക്കമാണ് ഇന്ന് കാണുന്ന കൂട്ടക്കൊലയിലേക്കും അടിച്ചമര്‍ത്തലിലേക്കും ജനങ്ങളെ തള്ളിവിട്ടത്.
2023 ഏപ്രില്‍ മാസത്തില്‍ എസ്എഫും ആര്‍എസ്എഫും തമ്മിലുള്ള അധികാര വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ രാജ്യം സമ്പൂര്‍ണ ആഭ്യന്തര കലാപത്തിലേക്ക് എത്തിപ്പെടുകയും ചെയ്തു. 18 മാസത്തെ ആഭ്യന്തര കലാപത്തിന് ശേഷം ഒക്ടോബര്‍ 27-ാം തീയതിയാണ് എസ്എഎഫിന്റെ നിയന്ത്രണത്തിലുള്ള ദാര്‍ഫുറിലെ എല്‍ ഫാഷര്‍ നഗരം തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍എസ്എഫ് അവകാശപ്പെട്ടത്. ഇതോടെ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇവരുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. എല്‍ ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചതോടെ കൂട്ടക്കൊലയുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും സുഡാനില്‍ നിന്ന് പുറത്ത് വരികയാണ്.
സുഡാനില്‍ ഇപ്പോള്‍ അരങ്ങേറുന്നത് അറബ് വംശജരല്ലാത്തവരെയും മസലിത് വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള സമ്പൂര്‍ണ വംശഹത്യയാണെന്നാണ് ഹ്യൂമന്‍ റൈറ്റ് വാച്ച് പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് ആര്‍എസ്എഫ് നേതൃത്വം നല്‍കുകയും ചെയ്യുന്നു. അറബ് വംശജരല്ലാത്തവരെ സുഡാന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് പറഞ്ഞായിരുന്നു 2003‑ല്‍ ഇവിടെ കലാപത്തിന് തുടക്കമാവുന്നത്. ഇതിനെ അടിച്ചമര്‍ത്താനായിരുന്നു ഒമര്‍-അല്‍-ബഷീര്‍ ഇപ്പോഴത്തെ ആര്‍എസ്എഫിന്റെ ആദ്യ രൂപമായ ജന്‍ജാവീദിന് തുടക്കമിടുന്നതും. ഇതേ പാതയാണ് ഇപ്പോള്‍ ആര്‍എസ്എഫും പിന്തുടരുന്നത്.
അറബ് വംശജരല്ലാത്തവരെയും മസലിത് വംശജരെയും പൂര്‍ണമായും തുടച്ചു മാറ്റാനാണ് ആര്‍എസ്എഫ് ശ്രമിക്കുന്നതെന്നും ഇതിനായി പുറത്ത് നിന്ന് ഇവര്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. ചില വിഭാഗങ്ങളെ ലക്ഷ്യമിട്ട് കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുകയാണ്. സ്ത്രീകളും കുട്ടികളും ബലാത്സംഗത്തിന് ഇരയാകുന്നു. രക്ഷപ്പെട്ട് ഓടുന്നവരെയും വെറുതെ വിടുന്നില്ല. ഭക്ഷണ ലഭ്യതയടക്കം തടഞ്ഞ് ജനജീവിതം നരകതുല്യമാക്കി മാറ്റുകയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണി ബ്ലിങ്കണ്‍ ചൂണ്ടിക്കാട്ടുന്നു. കലാപത്തിന് പണവും ആയുധവും നല്‍കി സഹായിക്കുന്നത് യുഎഇ ആണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍(ഐസിജെ)യില്‍ സുഡാന്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ അധികാര പരിധിയില്‍ പെടുന്നതല്ല എന്ന് പറഞ്ഞ് ഐസിജെ കേസ് കേള്‍ക്കാന്‍ തയ്യാറായിട്ടില്ല.
സുഡാനിലെ ആഭ്യന്തര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വെടിനിര്‍ത്തലിനായി സൗദി അറേബ്യയുടെയും ബഹറിന്‍റെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ പലതവണ ചര്‍ച്ചകള്‍ക്ക് ശ്രമം നടന്നുവെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ ലോകരാജ്യങ്ങള്‍ കാണിച്ച താല്‍പര്യം സുഡാന്റെ കാര്യത്തില്‍ കാണിക്കുന്നില്ലെന്നാണ് യുഎന്‍ ആരോഗ്യ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രൈസസ് ചൂണ്ടിക്കാട്ടുന്നത്. ഇതിന് കാരണം സംഘര്‍ഷത്തിന് പിന്നില്‍ യുഎഇ ആയതുകൊണ്ടാണെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.
നിലവില്‍ രാജ്യത്തെ 2.4 കോടി ജനങ്ങള്‍ ഭക്ഷണലഭ്യതാ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. രാജ്യത്തെ 80 ശതമാനം ഭക്ഷ്യ ലഭ്യതാ സംവിധാനവും അടച്ചുപൂട്ടപ്പെട്ടുവെന്ന് ബിബിസിയും വ്യക്തമാക്കുന്നു.

