Site iconSite icon Janayugom Online

ലക്ഷദ്വീപ് രാഷ്ട്രീയം എങ്ങോട്ട്

ക്ഷദ്വീപിൽ രാഷ്ട്രീയവ്യവസ്ഥിതി ഉടലെടുത്ത കാലം മുതൽക്കേ കോണ്‍ഗ്രസ് പാർട്ടിക്കായിരുന്നു ആധിപത്യം. പിന്നീട് കൽപേനി ദ്വീപുകാരനായ ഡോക്ടർ മുഹമ്മദ് കോയ എന്ന വ്യക്തിയിലൂടെ ജെഡിയു മത്സരരംഗത്തും പ്രതിപക്ഷത്തും മൂന്നര പതിറ്റാണ്ടോളം ശക്തമായ സാന്നിധ്യമായി നിലകൊണ്ടു. ഡോക്ടർ കോയയുടെ മരണത്തിന് ശേഷം ജെഡിയുവിന്റെ, അമിനി ദ്വീപുകാരനായ പുതിയ സാരഥി ഡോ. പി പി കോയയെ ലക്ഷദ്വീപുകാർ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തത് മറ്റാെരു ചരിത്രസംഭവമായിരുന്നു. പി എം സെയ്ദ് എന്ന രാഷ്ട്രീയകുലപതിയെന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയെയാണ് 2004ൽ പി പി കോയ തോല്പിച്ചത്. പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും ലക്ഷദ്വീപ് രാഷ്ട്രീയത്തിന്റെ ഗതിയും ചുവയും മാറിമാറി വന്നുകൊണ്ടിരുന്നെങ്കിലും അന്തരിച്ച പി എം സെയ്ദിലും ഡോക്ടർ കോയയിലും അധിഷ്ഠിതമായിത്തന്നെ ദ്വീപിലെ രാഷ്ട്രീയചക്രം ചലിച്ചു കൊണ്ടിരുന്നു. നീണ്ട 36 വർഷക്കാലം പാർലമെന്റിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച പി എം സെയ്ദിന്റെ വിയോഗത്തിന് ശേഷം കോൺഗ്രസ് പാർലമെന്റിലേക്ക് അയയ്ക്കാൻ കണ്ടെത്തിയത് അദ്ദേഹത്തിന്റെ മകൻ ഹംദുള്ള സെയ്ദിനെ ആയിരുന്നു. അതിനിടെ ദ്വീപിലെ ജെഡിയു മൊത്തമായി എന്‍സിപി എന്ന പാർട്ടിയിലേക്ക് ചേക്കേറിക്കഴിഞ്ഞിരുന്നു.


ഇതുകൂടി വായിക്കൂ: മേലാച്ചേരിയും ലക്ഷദ്വീപിലെ അടിസ്ഥാന വർഗ രാഷ്ട്രീയവും


2009ൽ ഹംദുള്ള സെയ്ദിനെ ലക്ഷദ്വീപിൽ മത്സരിപ്പിക്കുകയും പിതാവിനെ തോല്പിച്ച പി പി കോയയെ മകനിലൂടെ കോണ്‍ഗ്രസ് നിലംപരിശാക്കുകയും ചെയ്തു. പി എം സെയ്ദിന്റെ മകൻ എന്ന സഹതാപതരംഗം അല്ലാതെ മറ്റൊരു യോഗ്യതയും ഹംദുള്ള സെയ്ദിന് ഇല്ല എന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് പിന്നീട് വന്ന തെരഞ്ഞെടുപ്പുകളിൽ അറിഞ്ഞുകൊണ്ട് ഹംദുള്ളയെ നിര്‍ത്തി പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. 2009ൽ എന്‍സിപിക്കു വേണ്ടി മത്സരിച്ചു തോറ്റ പി പി കോയയെ പിന്നീട് മാറ്റിനിർത്തി. അതിനിടെ ദ്വീപ് രാഷ്ട്രീയത്തിൽ പിന്നെയും ചെറിയ വ്യതിചലനങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. രണ്ടേരണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാത്രമായിരുന്ന ദ്വീപിൽ ഇടതുപാർട്ടികള്‍ രൂപംകൊണ്ടു തുടങ്ങി. 2014ൽ ഹംദുള്ളയെ പരാജയപ്പെടുത്താൻ എന്‍‍സിപി ഉയർത്തിക്കാട്ടിയ മുഹമ്മദ് ഫൈസൽ വിജയിച്ചു. ഹംദുള്ളയും ഫൈസലും ആന്ത്രോത്ത് ദ്വീപുകാർ ആണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. 2019ലും എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികൾക്ക് മാറ്റമുണ്ടായിരുന്നില്ല.
എന്നാൽ ദ്വീപ് രാഷ്ട്രീയത്തിലേക്ക് തരംഗമായി വന്ന ഫൈസൽ എന്ന നേതാവ് 2023 ന്റെ ആദ്യ മാസംതന്നെ അയോഗ്യനാക്കപ്പെട്ടത് ലക്ഷദ്വീപ് രാഷ്ട്രീയത്തിന്റെ പഴയ കഥകള്‍ ഓർമ്മിക്കുവാൻ കാരണമാകുന്നു. 2009ൽ പി പി കോയ തോറ്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സ്വന്തം നാട്ടുകാരനായ ഒരാളെ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയ്യും ചെയ്ത കേസിൽ വിധി വന്നതോടുകൂടിയാണ് എംപിയായ ഫൈസൽ അയോഗ്യനാക്കപ്പെട്ടത്. അതോടെ പാർലമെന്റ് അംഗം ഇല്ലാത്ത ഒരു പ്രദേശമായി ലക്ഷദ്വീപ് മാറി.


ഇതുകൂടി വായിക്കൂ: ലക്ഷദ്വീപിൽ വിദ്യാർത്ഥി സമരങ്ങള്‍ നിരോധിച്ചു


കുടുംബവും പാരമ്പര്യവും ജാതിയും വർഗവും അക്രമവും മതവും കൂട്ടിക്കലർത്തി ഉദ്യോഗസ്ഥരെ മേലാളന്മാരെപ്പോലെക്കരുതി അവരുടെ നിയന്ത്രണത്താൽ നീങ്ങുന്ന ഒരു രാഷ്ട്രീയമായിരുന്നു ദ്വീപിലെ ജെഡിയു, എന്‍സിപി, കോണ്‍ഗ്രസ് പാർട്ടികളുടേത്. എന്നാൽ സിപിഐ, സിപിഐ(എം) തുടങ്ങിയ ഇടതുപാര്‍ട്ടികള്‍ മുളപൊട്ടിത്തുടങ്ങിയതോടെ ഇത്തരം അയിത്തങ്ങളും വേർതിരിവുകളും മാഞ്ഞുതുടങ്ങി. മുമ്പ് രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിൽത്തല്ലും പാരവയ്പും വീടിന് തീവയ്ക്കലും പൊതുമുതൽ നശിപ്പിക്കലുമെല്ലാം കൊണ്ട് ചീഞ്ഞു നാറിയിരുന്നു ലക്ഷദ്വീപ് രാഷ്ട്രീയം എന്ന് ഓർമ്മപ്പെടുത്തുന്ന സംഭവം കൂടിയാണ് എം പിയുടെ തടവുശിക്ഷ.
കമ്മ്യൂണിസ്റ്റുപാർട്ടികൾ 2007 മുതൽ 2014 വരെ ലക്ഷദ്വീപിൽ നടത്തിയ വിപ്ലവകരമായ മുന്നേറ്റങ്ങളിലൂടെയും അഡ്മിനിസ്ട്രേഷന്‍ ഭരണത്തോടുള്ള നിരന്തര സമരങ്ങളിലൂടെയും ജനങ്ങൾക്ക് യഥാർത്ഥ രാഷ്ട്രീയം എന്താണെന്നുള്ള തിരിച്ചറിവ് രൂപപ്പെട്ടു വന്നുകൊണ്ടിരുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനപ്രതിനിധികൾക്ക് അധികാരം വേണമെന്നും അഡ്മിനിസ്ട്രേഷന്റെ തന്നിഷ്ടങ്ങൾ നടപ്പിലാക്കിക്കൊണ്ട് ലക്ഷദ്വീപിൽ ജനാധിപത്യത്തെ ഇല്ലാതാക്കരുതെന്നും കമ്മ്യൂണിസ്റ്റുകാർ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. എന്നാൽ അന്ന്, ദ്വീപിലെ പ്രധാന പാർട്ടികളായ എന്‍സിപിയും കോണ്‍ഗ്രസും അഡ്മിനിസ്ട്രേഷനോടും ഉദ്യോഗസ്ഥരോടും ചേർന്നുനിന്ന് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാനാണ് ശ്രമിച്ചത്. അവരുടെ രാഷ്ട്രീയ തട്ടകത്തിൽ വിള്ളലുണ്ടാക്കുന്ന വിഷയങ്ങൾ പറയുന്ന കമ്മ്യൂണിസ്റ്റുകാരെ അഡ്മിനിസ്ട്രേഷന്റെ ഉദ്യോഗസ്ഥരെ കൊണ്ട് ജയിലിൽ അടപ്പിച്ചു. കുടുംബവും പാരമ്പര്യവും ജാതിവ്യവസ്ഥകളും രഹസ്യഅറകളിൽ മാത്രം പറയേണ്ട സ്ഥിതിയിലേക്ക് മാറിത്തുടങ്ങിയപ്പോഴും അതിൽ നിന്നും പൂർണമായി മാറി നിന്നുകൊണ്ടുള്ള ഒരു രാഷ്ട്രീയവ്യവസ്ഥിതി സ്വപ്നംകാണാൻ എന്‍സിപിക്കും കോണ്‍ഗ്രസിനും കഴിഞ്ഞിരുന്നില്ല.


ഇതുകൂടി വായിക്കൂ: ലക്ഷദ്വീപില്‍ സ്കൂള്‍ യൂണിഫോം മാറ്റാന്‍ ഭരണകൂട നീക്കം


അഡ്മിനിസ്ട്രേഷന്‍ ഭരണത്തിന് പകരം ലക്ഷദ്വീപിന് സംസ്ഥാന പദവി വേണമെന്ന് 2014ലും 2019ലും തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിയ സിപിഐയെ കളിയാക്കിയും പരിഹസിച്ചുമായിരുന്നു എന്‍സിപിയും കോണ്‍ഗ്രസും പ്രസ്താവനകൾ ഇറക്കിയിരുന്നത്. ആ പരിഹാസത്തിന് ഒരു തിരിച്ചറിവ് ഉണ്ടാവാൻ അവരുടെ ചൊൽപ്പടിക്ക് നിൽക്കാത്ത ഒരു അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ വരേണ്ടിവന്നു. ഇന്നവർ അഡ്മിനിസ്ട്രേഷൻ ഭരണത്തിനെതിരെയായിരിക്കുന്നു. ഇന്നവർ കമ്മ്യൂണിസ്റ്റുകാരുടെ ആവശ്യം ഏറ്റെടുത്തിരിക്കുന്നു. ലക്ഷദ്വീപിന് സ്വയംഭരണം വേണമെന്ന് പറയേണ്ട അവസ്ഥയിലേക്ക് ദ്വീപിലെ എന്‍സിപിയും കോണ്‍ഗ്രസും എത്തിനിൽക്കുന്നു.
2004ൽ ജെഡിയു ആയി ജയിക്കുകയും 2009ൽ എന്‍സിപിയിൽ നിന്ന് പരാജയപ്പെടുകയും ചെയ്ത പി പി കോയയുടെ മകൻ അറഫ എന്ന വക്കീലിനെയാണ് എന്‍സിപി അടുത്ത സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. 2009ൽ പിതാവിനോടുള്ള സഹതാപംകൊണ്ട് മാത്രം വിജയിച്ച ഹംദുള്ളക്ക് രാഷ്ട്രീയ വിജ്ഞാനം കുറവെന്ന് ജനം 2014ലും 2019ലും വിധിയെഴുതി. അതുകൊണ്ട് കളം മാറ്റിപ്പിടിക്കാനാണ് കോണ്‍ഗ്രസും ശ്രമം നടത്തുന്നത്. ഫൈസലിന് ശിക്ഷ ലഭിച്ചത് 2009ൽ പടന്നാദ സാലിഹിനെ മര്‍ദിച്ച കേസിലാണ്. ഇതാേടെ ദ്വീപിൽ പടന്നാദ സലിഹിനുണ്ടായ സഹതാപതരംഗം മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് കരുതുന്നു. എന്‍സിപിയാവട്ടെ ഫൈസൽ ശിക്ഷിക്കപ്പെത് സഹതാപ തരംഗമാക്കി മാറ്റാൻ ശ്രമിക്കുന്നു.
ഇപ്പോഴും അഡ്മിനിസ്ട്രേഷൻ ഭരണം തുടരുന്ന ലക്ഷദ്വീപിലെ രാഷ്ട്രീയത്തിന് പക്വതയും കാര്യബോധവും നിലനില്പും ഉണ്ടാവണമെങ്കിൽ സ്ഥാനാർത്ഥികളും എംപിമാരും മാത്രമല്ല മാറേണ്ടത്. ഒളിഞ്ഞും തെളിഞ്ഞും നിലകൊള്ളുന്ന കുടുംബ‑സഹതാപ‑പാരമ്പര്യ‑അക്രമ രാഷ്ട്രീയമാണ് ആദ്യം മാറേണ്ടത്. സ്ഥാനാർത്ഥിയെയും നേതാവിനെയും മഹത്വവൽക്കരിക്കുന്നതും എതിർപാർട്ടിക്കാരെയും ചെറു പാർട്ടികളെയും അപഹസിക്കുന്ന വേദികളും ജാഥകളും മാറണം. ജനങ്ങൾക്ക് ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിക്കൊടുക്കുന്ന ബോധ വൽക്കരണങ്ങളാണ് ദ്വീപിലെ ജനങ്ങൾക്ക് ആദ്യം നൽകേണ്ടത്. ചരിത്രം ആവർത്തിക്കാതെ പുതിയ ചരിത്രങ്ങൾ രചിക്കാൻ ലക്ഷദ്വീപ് രാഷ്ട്രീയത്തിന് സാധിക്കട്ടെ.

Exit mobile version