പാകിസ്ഥാനുമായുള്ള സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോഴും ചിത്രത്തിലില്ലാതെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍. നിരീക്ഷണ സംവിധാനങ്ങളിലെയും ആക്രമണ ശേഷിയിലെയും അപര്യാപ്തത ഇത്തവണ തേജസ് വിമാനങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് വിവരങ്ങള്‍. ഇന്ത്യ ദീര്‍ഘനാളത്തെ പരീക്ഷണത്തിനൊടുവില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും പൂര്‍ണമായും പ്രത്യാക്രമണ കരുത്ത് ആര്‍ജിച്ചിട്ടില്ലെന്നാണ് ഇത് വെളിവാക്കുന്നത്. പ്രതിരോധ രംഗത്തെ ആത്മനിര്‍ഭര്‍ ഭാരതിനും ഇത് തിരിച്ചടിയായി മാറി.
സുലൂര്‍ വ്യോമത്താവളത്തില്‍ 16 പൂര്‍ണ സജ്ജമായ (എഫ്ഒസി), 15 പ്രാഥമികമായി സജ്ജമായ(ഐഒസി) തേജസ് വിമാനങ്ങളുണ്ട്. 1984ലാണ് ഇന്ത്യ തേജസ് യുദ്ധവിമാനങ്ങള്‍ക്ക് രൂപം നല്‍കിയത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഈ യുദ്ധവിമാനം പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ നാഴികക്കല്ലായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍.
ആക്രമണ ശേഷി കൈവരിക്കാന്‍ തേജസ് ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. താഴ്ന്നു പറക്കുന്ന ഡ്രോണുകളെ ലക്ഷ്യമിടുന്നതിനായി നൂതന സെന്‍സറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. രുദ്രം മിസൈലുകള്‍, സ്പൈസ്-2000 യുദ്ധസാമഗ്രികള്‍ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ തേജസിന് കൂടുതല്‍ ആക്രമണശേഷി നേടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ പ്രതികരണം.

