കോതമംഗലം കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കയത്തിൽപ്പെട്ട് അമ്മയും മകളും മരിച്ചു. കോഴിപ്പിള്ളി ആര്യപ്പിള്ളിൽ അബിയുടെ ഭാര്യ ജോമിനി(39), മകൾ മരിയ(15) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം. കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട മകളെ രക്ഷിക്കുന്നതിനിടെ അമ്മയും മുങ്ങിപ്പോകുകയായിരുന്നു. കരയിലുണ്ടായിരുന്ന ഇളയ മകൾ കരഞ്ഞ് ബഹളം വച്ചതോടെയാണ് സമീപ വാസികൾ സ്ഥലത്തേക്കെത്തിയത്.ഇവർ അറിയിച്ചതിനെത്തുടർന്ന് അഗ്നിശമനാ സേന സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിപ്പിള്ളിയിലെ ഒരു ടെക്സ്റ്റൈൽസിലെ ജീവനക്കാരിയായിരുന്നു ജോമിനി. മകൾ മരിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കയത്തിൽപ്പെട്ടു; കോതമംഗലത്ത് അമ്മക്കും മകൾക്കും ദാരുണാന്ത്യം

