റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അത് ആവര്‍ത്തിച്ച് വൈറ്റ്ഹൗസ്. അമേരിക്കയുടെ വിവിധ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ നരേന്ദ്രമോഡി സമ്മതിച്ചതായും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു. പ്രസിഡന്റ് ട്രംപ് ഇന്ത്യയുമായി മഹത്തായ കരാറില്‍ ഏര്‍പ്പെട്ടു. പ്രധാനമന്ത്രി മോഡിയുമായി ട്രംപ് നേരിട്ട് സംസാരിച്ചു. വളരെ മികച്ച ബന്ധം പുലര്‍ത്തുന്നവരാണ് ഇരുവരും. ഇന്ത്യ ഇനി റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് മാത്രമല്ല യുഎസില്‍ നിന്നും ഒരുപക്ഷേ വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങിക്കും. ഇത് അമേരിക്കയ്ക്കും അമേരിക്കന്‍ ജനതയ്ക്കും നേരിട്ട് പ്രയോജനപ്പെടുമെന്നും അവര്‍ പറഞ്ഞു.
ഗതാഗതം, ഊര്‍ജം, കാര്‍ഷിക ഉല്പന്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി അമേരിക്കയില്‍ 500 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി സമ്മതിച്ചിട്ടുണ്ട്. ഇത് പ്രസിഡന്റ് ട്രംപിന്റെ മറ്റൊരു വിജയമാണെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ട്രംപും മോഡിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതായി ലാവിറ്റ് പറഞ്ഞത്. ഇതിന് പിന്നാലെ വ്യാപാര കരാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

