Site icon Janayugom Online

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകും

ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ)യുടെ അനുമതി ലഭിക്കാന്‍ വൈകിയേക്കുമെന്ന് സൂചന. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ യോഗം ഒക്‌ടോബര്‍ മാസം അഞ്ചിനാണ് നടക്കുക.

യോഗത്തിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍ഡ്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്‌സിനുകളിലൊന്നാണ് കോവാക്‌സിന്‍. ജൂലൈ ഒമ്ബതിന് തന്നെ കോവാക്‌സിന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നാണ് കേന്ദ്രസര്‍കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്.

ഫൈസര്‍-ബയോടെക്, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ, സിനോഫാം, ഓക്‌സ്‌ഫെഡ്-ആസ്ട്ര സെനിക തുടങ്ങിയ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ പല രാജ്യങ്ങളും വാക്‌സിനെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ട പ്രവാസികള്‍ ഉള്‍പെടെ ദുരിതത്തിലാണ്.

Eng­lish Sum­ma­ry : who approval for cov­ax­in will be delayed

You may also like this video :

Exit mobile version