Site iconSite icon Janayugom Online

കോവാക്സിന് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ഒടുവില്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം. 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ ഉപയോഗിക്കാനാണ് അനുമതി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും (ഐസിഎംആര്‍) സംയുക്തമായാണ് കോവാക്സിന്‍ വികസിപ്പിച്ചെടുത്തത്. കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രാപ്തിയും പുതിയ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയുമാണ് കോവാക്സിനുള്ളത്. ഇന്ത്യയുടെ ഏറെ നാളത്തെ ആവശ്യമാണ് ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് അംഗീകരിച്ചിരിക്കുന്നത്.

യുഎസ് വാക്സിനുകളായ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഓക്സ്ഫഡ്-അസ്ട്രസെനക വികസിപ്പിച്ച കോവിഷീല്‍ഡ്, വാക്സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്സിനുകള്‍ക്കൊപ്പം കോവാക്സിനും ചേരും. ഇതോടെ കോവാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോകുന്നതിനുള്ള തടസങ്ങള്‍ ഒഴിവാകും. കഴിഞ്ഞ ഏപ്രിലില്‍ ഭാരത് ബയോടെക് അംഗീകാരത്തിന് അപേക്ഷ നല്‍കിയെങ്കിലും ഡബ്ല്യുഎച്ച്ഒ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

പരീക്ഷണം അവസാനിക്കും മുമ്പേ കോവാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയത് നേരത്തെ വിവാദത്തിനിടയാക്കിയിരുന്നു. വാക്സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഭാരത് ബയോടെക് ഇന്നലെ അറിയിച്ചു. ഇതുവരെ രാജ്യത്ത് 12 കോടിയിലധികം പേര്‍ കോവാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമേ ഇറാന്‍, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാള്‍, പരാഗ്വേ, ഫിലിപ്പൈന്‍സ്, സിംബാബ്‌വെ എന്നീ രാജ്യങ്ങള്‍ കോവാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കിയിട്ടുണ്ട്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഒമാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും അംഗീകാരം നല്‍കിയിരുന്നു.

ENGLISH SUMMARY: who approved co vaccine

YOU MAY ALSO LIKE THIS VIDEO

Exit mobile version