Site iconSite icon Janayugom Online

ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിന് ലോകാരോഗ്യ സംഘടനയുടെ സഹായം

കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ). സംസ്ഥാനതലത്തില്‍ ആദ്യമായി വികസിപ്പിക്കുന്ന ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിന് വേണ്ട സാങ്കേതിക സഹായം നല്‍കുമെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. 

ആദിവാസി മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികളുടെ ആരോഗ്യത്തിനായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെയെയും ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അഭിനന്ദിച്ചു. നവജാതശിശു മരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. ഇത് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതുമാണ്. കേരളം കുട്ടികളുടെ ആരോഗ്യത്തിന് നല്‍കുന്ന പ്രാധാന്യം മന്ത്രി വീണാ ജോര്‍ജ് വിവരിച്ചു. 

പ്രസവാശുപത്രികളെ മികച്ച സൗകര്യങ്ങളൊരുക്കി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി. രാജ്യത്ത് ആദ്യമായി മാതൃ-ശിശു സൗഹൃദ ഇനിഷ്യേറ്റീവ് നടപ്പിലാക്കി. പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തിവരുന്നു. 12 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കുഞ്ഞുങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിന് മൂന്ന് ആശുപത്രികള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരം ലഭിച്ചു. കുഞ്ഞുങ്ങളുടെ ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിന് വിപുലമായ സ്ക്രീനിങ് പ്രോഗ്രാം നടപ്പിലാക്കി. 

തിരുവനന്തപുരം എസ്എടിയില്‍ ആദ്യമായി ജനറ്റിക്സ് വിഭാഗവും ഫീറ്റല്‍ മെഡിസിന്‍ വിഭാഗവും ആരംഭിച്ചു. ഹൃദ്യം പദ്ധതിയിലൂടെ 7,900ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി കെയര്‍ പദ്ധതി ആദ്യമായി നടപ്പിലാക്കി. ഇത് കൂടാതെയാണ് ആദിവാസി മേഖലയ്ക്ക് മാത്രമായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡബ്ല്യുഎച്ച്ഒ ഹെല്‍ത്ത് സിംസ്റ്റം സ്ട്രെങ്തനിങ് ടീം ലീഡര്‍ ഡോ. ഹില്‍ഡെ ഡിഗ്രിവ്, ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സിസ്റ്റംസിലെ ഡോ. ദിലീപ് മെയ്‌രാംബം, ട്രൈബല്‍ ഹെല്‍ത്ത് നാഷണല്‍ ഓഫിസര്‍ ഡോ. പ്രദീഷ് സിബി, എന്‍എച്ച്എം ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. 

Exit mobile version