ഓപ്പറേഷൻ സിന്ദൂരിൽ കുടുംബത്തിലെ ഒട്ടേറെപ്പേരെ നഷ്‌ടമായ മസൂദ് അസർ ആരാണ്?. കശ്‌മീർ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊടുംഭീകരനാണ് മസൂദ് അസർ. പാകിസ്ഥാനിലെ പഞ്ചാബിലെ ബഹാവൽപുർ ആസ്ഥാനമായ ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവാണ് ഈ അമ്പത്തിയാറുകാരൻ. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ (ജെഇഎം) സ്ഥാപകൻ. 2001‑ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, ഏഴ് സൈനികരുടെ ജീവനെടുത്ത 2016‑ലെ പത്താൻകോട്ട്, 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019‑ലെ പുൽവാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങൾക്കും നേതൃത്വം നൽകി.
2019 മേയ് ഒന്നിന് യുഎൻ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചു. 1968ൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുരിൽ ജനനം. 1993ൽ ഹർകത് ഉൽ അൻസാർ സ്ഥാപിച്ചു. 1998ൽ യുഎസിന്റെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം സംഘടന 1994–-1998 കാലത്ത് 13പേരെ തട്ടിക്കൊണ്ടുപോയതായി പറയുന്നു. 1994 ഫെബ്രുവരിയിൽ അനന്ത്‌നാഗിനടുത്തുള്ള ഖാനബാലിൽനിന്ന് ഇന്ത്യ ഇയാളെ അറസ്റ്റു ചെയ്‌ത് ജയിലിലടച്ചു. അസറിന്റെ മോചനത്തിന് 1995ൽ കശ്‌മീരിൽനിന്ന് ആറ് വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയി. 1999ൽ നേപ്പാളിലെ കാഠ്‌മണ്ഡുവിൽനിന്ന് ഡൽഹിക്ക് വരികയായിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ വിമാനം 155 യാത്രക്കാരുമായി തട്ടിക്കൊണ്ടുപോയി. എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ അസറിനെ വിട്ടുകൊടുത്താണ് യാത്രക്കാരെ മോചിപ്പിച്ചത്. അഫ്ഗാനിൽനിന്ന് പാകിസ്ഥാനിലേക്കുപോയ അസർ രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ജെയ്ഷെ മുഹമ്മദ് സ്ഥാപിച്ചു. പാക് അധിനിവേശ കശ്മീരിലും ജമ്മു-കശ്മീരിലും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ ജെയ്ഷെ മുഹമ്മദ് മുൻനിരക്കാരായി. പാക് ചാരസംഘടനയായ ഐഎസ്ഐ, അഫ്ഗാനിലെ താലിബാൻ, അൽഖായിദ സ്ഥാപകൻ ഒസാമ ബിൻലാദൻ എന്നിവരുടെ പിന്തുണ ജയ്ഷെ മുഹമ്മദ് സ്ഥാപിക്കാൻ അസറിനുണ്ടായിരുന്നു.
1999‑ൽ, ഹർക്കത്തുൽ അൻസാറിനെ അമേരിക്ക നിരോധിച്ചു. അതേത്തുടർന്ന് സംഘടന ഹർക്കത്തുൽ മുജാഹിദീൻ (എച്ച്‍യുഎം) എന്നു പേരുമാറ്റി.

