Site iconSite icon Janayugom Online

പാകിസ്ഥാനെ ചക്രവ്യൂഹത്തിലാക്കുന്ന ബലൂചിസ്ഥാൻ വിഘടനവാദികൾ ആരാണ്?

ഇന്ത്യ നൽകുന്ന തിരിച്ചടികൾക്കൊപ്പം പാകിസ്ഥാനെ ചക്രവ്യൂഹത്തിലാക്കി ബലൂചിസ്ഥാൻ വിഘടന വാദികളും സ്വന്തം രാജ്യത്തിനെതിരെ വാളെടുക്കുമ്പോൾ അതിന് പിന്നിലുള്ള കഥകളും നിരവധിയാണ്. പാകിസ്ഥാന്റെ തെക്കു പടിഞ്ഞാറുള്ള ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പാകിസ്ഥാനിലെ എണ്ണയും സ്വർണവും നിറഞ്ഞ സ്വപ്ന ഭൂമി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അപൂര്‍വം ധാതുക്കളുടെയും എണ്ണയുടെയും ശേഖരമുള്ള പ്രദേശം. എന്നാല്‍ ഇതൊന്നും ആ നാട്ടുകാരുടെ ജീവിതത്തില്‍ നേരിയ പുരോഗതി പോലും സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടില്ല. പാക്കിസ്ഥാന്റെ മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബലൂചിസ്ഥാന്‍ ഇന്നും വെറും ദരിദ്ര സമൂഹമാണ്. ഇതു തന്നെയാണ് അവിടെയുള്ളവരെ പാകിസ്ഥാൻ സർക്കാരിനെതിരെ പൊരുതാൻ പ്രേരിപ്പിച്ചതും. സ്വതന്ത്രരാഷ്‌ട്ര നീക്കം നടത്തി വിമോചന സമരത്തിന് നേതൃത്വം നൽകുന്ന സംഘടനയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ).

ഇന്ത്യൻ തിരിച്ചടിയിൽ പതറി നിൽക്കുന്ന പാകിസ്ഥാനേറ്റ മറ്റൊരു കൊടും പ്രഹരമാണ് ബിഎൽഎ. കഴിഞ്ഞ ദിവസം 14 പാക് സൈനികരെ കുഴിബോംബ് സ്ഫോടനത്തിൽ ഇവർ വധിച്ചിരുന്നു. പാകിസ്ഥാന്റെ കണ്ണ് ഇന്ത്യയുമായുള്ള സംഘർഷത്തിൽ കേന്ദ്രീകരിച്ച സമയം നോക്കി ബിഎൽഎ നീക്കങ്ങൾ ശക്തിപ്പെടുത്തുകയായിരുന്നു. രണ്ടു മാസം മുൻപ് ട്രെയിൻ തട്ടിയെടുത്ത് ബിഎൽഎ പാകിസ്ഥാനെ ഞെട്ടിച്ചിരുന്നു. പാകിസ്ഥാന്‍ ഭാഗത്തുള്ള പഞ്ചാബിലെ പ്രമാണികള്‍ തങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയാണെന്ന് ബലൂചിസ്ഥാനികള്‍ വിശ്വസിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കപ്പെട്ട ശേഷം കുറച്ചുനാള്‍ സ്വതന്ത്രരാജ്യമായി നിലനിന്നശേഷമാണ് ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്നത്. അന്നുമുതല്‍ ആ നാടിന്റെ പതനവും തുടങ്ങി. ഈ സംഘടന പാകിസ്ഥാന്‍ സൈന്യത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം വര്‍ധിച്ച അളവില്‍ ആരംഭിക്കുന്നത് 2000ത്തിന്റെ തുടക്കത്തിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബലൂചിസ്ഥാന്‍ പോരാളികള്‍ വലിയ തോതില്‍ ആയുധ, സാമ്പത്തിക ശക്തിയായെന്നത് സത്യമാണ്. പാക്കിസ്ഥാന്റെ പേടിയും ഇതുതന്നെയാണ്. സ്വന്തം രാജ്യത്തു നിന്നും ബലൂചിസ്ഥാന്‍ സ്വതന്ത്രമായാല്‍ പാക്കിസ്ഥാനെന്ന രാജ്യം ഏറെക്കുറെ നാമാവശേഷമാകും.

ജനസംഖ്യാപരമായി പാക് ജനസംഖ്യയുടെ ചെറിയൊരു ഭാഗം മാത്രമാണ് ബലൂചിസ്ഥാനിലുള്ളത്. എന്നാല്‍ ഭൂമിശാസ്ത്രപരമായി ഏറെ വലുതാണ് ഈ പ്രവിശ്യ. മാത്രമല്ല പാക്കിസ്ഥാന്റെ സാമ്പത്തിക കുതിപ്പിന് വളമേകാന്‍ പാകത്തിനുള്ള നിക്ഷേപം ബലൂചിസ്ഥാന്‍ മണ്ണില്‍ ഒളിഞ്ഞു കിടപ്പുണ്ട്. സ്വതന്ത്ര ബലൂചിസ്ഥാനായി പോരാട്ടം നടത്തുന്നതിന് ആവശ്യത്തിന് പണവും ആയുധങ്ങളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയാണ് ഇതിനു പിന്നിലെന്ന് പാകിസ്ഥാന്‍ പലപ്പോഴും ആരോപിക്കാറുണ്ട്.

Exit mobile version