Site icon Janayugom Online

കോൺഗ്രസ് അധ്യക്ഷസ്ഥാനം : അനിശ്ചിതത്വം തുടരുന്നു

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ഔദ്യോഗിക സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. രാഹുൽ തിരിച്ചെത്തുമോ, സോണിയ വീണ്ടും തുടരുമോ, ഗെലാേട്ടോ ശശി തരൂരോ മത്സരിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് പാർട്ടി അണികൾ തന്നെ ഉറ്റുനോക്കുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധിയുടെ മനസ് മാറ്റാനുള്ള ശ്രമമാണ് നെഹ്രു കുടുംബത്തിന്റെ ആരാധകർ നടത്തുന്നത്. തെരഞ്ഞെടുപ്പ് ദിവസം വരട്ടെ അപ്പോഴറിയാം അധ്യക്ഷൻ ആരാകുമെന്ന് എന്നാണ് ഏതാനും ദിവസം മുമ്പ് രാഹുൽ പറഞ്ഞത്. അദ്ദേഹം നിലപാട് മാറ്റിയില്ലെങ്കിൽ ആരെ സ്ഥാനാർത്ഥിയാക്കുമെന്നതിൽ അവ്യക്തത തുടരുകയാണ്.

അതേ കുടുംബത്തിൽ നിന്നാണെങ്കിലും പ്രിയങ്കയെ വേണ്ടെന്ന നിലപാടും ഭൂരിപക്ഷത്തിനുണ്ട്. ഓരോ പിസിസിയിലെയും വരണാധികാരികളോടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ള പിസിസി പ്രതിനിധികളുടെ യോഗം വിളിക്കാനും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് പുതിയ പിസിസി പ്രസിഡന്റുമാരെയും എഐസിസി പ്രതിനിധികളെയും നിയമിക്കാൻ അധികാരം നൽകാനുള്ള പ്രമേയങ്ങൾ പാസാക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രി നിർദ്ദേശം നല്കിയിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ഈ നടപടിക്ക് ഒരു ബന്ധവുമില്ലെന്നാണ് മധുസൂദൻ മിസ്ത്രി പറയുന്നത്. ‘പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ പാർട്ടിയുടെ സംസ്ഥാന മേധാവികളെയും അഖിലേന്ത്യാ എഐസിസി പ്രതിനിധികളെയും നിയമിക്കാൻ പുതിയ പാർട്ടി പ്രസിഡന്റിനെ അധികാരപ്പെടുത്തുന്ന പ്രമേയങ്ങൾ പാസാക്കും. ഇത് ഒരു സ്വതന്ത്ര പ്രക്രിയയായതിനാൽ ഈ പ്രമേയങ്ങൾ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല’- മിസ്ത്രി പറഞ്ഞു.

9,000ത്തിലധികം പിസിസി പ്രതിനിധികൾ ചേർന്നാണ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുക. പുതിയ പ്രസിഡന്റാണ് പുതിയ പിസിസി, സംസ്ഥാന യൂണിറ്റ് മേധാവികൾ, എഐസിസി പ്രതിനിധികൾ എന്നിവരെ നിയമിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായാണ് മുന്നോട്ടുപോകുന്നതെന്ന് മധുസൂദൻ മിസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 24 മുതൽ 30 വരെയാണ് പത്രികാസമർപ്പണത്തിനുള്ള സമയപരിധി. 10 പിസിസി പ്രതിനിധികളുടെ പിന്തുണയോടെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നവർക്ക് എഐസിസി ഓഫീസിൽ വോട്ടർപട്ടിക പരിശോധിക്കാം. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തശേഷം എഐസിസി സമ്മേളനം ചേരും. ഈ സമ്മേളനത്തിൽ പുതിയ 23 അംഗ പ്രവർത്തകസമിതിയെ തെരഞ്ഞെടുക്കും.

Eng­lish Sum­ma­ry: who will become con­gress president
You may also like this video

Exit mobile version