Site iconSite icon Janayugom Online

അരവിന്ദ് കേജരിവാളിന്റെ പിൻഗാമി ആരാകും? ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കുന്നു

അരവിന്ദ് കേജരിവാളിന്റെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രണ്ട് ദിവസത്തിനകം രാജിവെക്കുമെന്ന് അരവിന്ദ് കേജരിവാൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാർട്ടിയ്ക്കുള്ളിൽ മൂന്ന് പേരുടെ പേരുകളാണ് പ്രധാനമായും ചർച്ചയാകുന്നത്. നിലവിൽ മന്ത്രിസഭാംഗങ്ങളായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ, മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ രണ്ടാമത്തെ കമാൻഡറുമായ മനീഷ് സിസോദിയ ചുമതലയേൽക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നെങ്കിലും കെജ്‌രിവാൾ തന്നെ ആ സാധ്യത തള്ളിയിരുന്നു. മാത്രമല്ല, കെജ്‌രിവാളിനൊപ്പം താനും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമെന്നും ജനങ്ങൾ ക്ലീൻ ചിറ്റ് നൽകുന്നത് വരെ ഒരുസ്ഥാനവും വഹിക്കില്ലെന്നും സിസോദിയ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിലവിലെ മന്ത്രിമാരും പാർട്ടിയിലെ മുതിർന്ന നേതാക്കളുമായ മൂന്ന് പേരെ ചുറ്റിതിരിഞ്ഞ് ചർച്ചകൾ ശക്തമായത്. 

നിലവിൽ ഡൽഹി മന്ത്രിസഭയിൽ ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. അടുത്തിടെ, സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പതാക ഉയർത്താൻ മുഖ്യമന്ത്രി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് സജീവമാകുന്നതിന് കാരണങ്ങൾ ഇവയൊക്കെയാണ്. പാർട്ടിയിലെ മുതിർന്ന അംഗവും ജനസമ്മിതിയുമാണ് കൈലാഷ് ഗഹ്‌ലോട്ടിന്റെ പേര് സജീവമായി ഉയർന്നുവരാൻ ഇടയാക്കിയത്. ആഭ്യന്തരം, ഗതാഗതം ഉൾപ്പടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തുള്ള ഭരണപരിചയും അദ്ദേഹത്തിന് അനുകൂല ഘടകമാണ്. പരിസ്ഥതി വകുപ്പ് ഉൾപ്പടെ കൈകാര്യം ചെയ്‌തിരുന്ന ഗോപാൽ റായുടെ ജനസമ്മിതിയാണ് അനുകൂല ഘടകമായി പാർട്ടി വൃത്തങ്ങൾ ഉയർത്തിക്കാട്ടുന്നത്. 

പുതിയൊരാൾ മുഖ്യമന്ത്രിയായി വരുന്നതോടെ സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന ഭരണസ്തഭനത്തിന് അറുതി ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായതോടെ സംസ്ഥാനത്ത് മാസങ്ങളായി ഭരണ പ്രതിസന്ധി തുടരുകയാണ്. പ്രധാനപ്പെട്ട ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണ്. മുഖ്യമന്ത്രി ജയിലിലായതോടെ പല വകുപ്പുകളിലും പ്രധാനപ്പെട്ട തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം, പരാതികൾ ഇവ പരിശോധിക്കുന്ന നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസസ് അതോറിറ്റിയുടെ യോഗം ചേർന്നിട്ട് തന്നെ ഒരു വർഷമാകുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് മുഖ്യമന്ത്രി അധ്യക്ഷനും ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും അംഗങ്ങളുമായ സമിതിയുടെ അവസാന യോഗം ചേർന്നത്. പുതിയ മുഖ്യമന്ത്രി വരുന്നതോടെ ഭരണതലത്തിലെ പ്രതിസന്ധികൾ മറിക്കടക്കാനുകുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

Exit mobile version