പന്ത്രണ്ട് മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നവര്‍ എന്തിന് ടോള്‍ നല്‍കണമെന്ന് സുപ്രീംകോടതി. ദേശീയപാതാ അതോറിറ്റി യാത്രക്കാര്‍ക്കാണ് വല്ലതും കൊടുക്കേണ്ടതെന്നും തൃശ്ശൂര്‍ പാലിയേക്കര ടോള്‍ കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. പാലിയേക്കരയിലെ വാഹനത്തിരക്കില്ലാത്ത ചിത്രം കാണിച്ച ദേശീയപാതാ അതോറിറ്റിയോട്, ഇത് വന്യജീവി ഫോട്ടോഗ്രാഫറെക്കൊണ്ട് എടുപ്പിച്ചതാണോയെന്ന് കോടതി ചോദിച്ചു. വന്യജീവികളുടെ ചിത്രത്തിനായി ഏറെ നേരം ക്ഷമയോടെ കാത്തിരിക്കേണ്ടിവരുന്നതാണ് സുപ്രീംകോടതി സൂചിപ്പിച്ചത്.
പാലിയേക്കരയില്‍ നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് വിലക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി വിധിപറയാന്‍ മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ, പാലിയേക്കരയില്‍ കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കുണ്ടായ വാര്‍ത്ത കണ്ടിരുന്നോയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് മലയാളികൂടിയായ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ ചോദിച്ചു. അത് ലോറി മറിഞ്ഞതുകൊണ്ടാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ലോറി തനിയെ മറിഞ്ഞതല്ലെന്നും കുഴിയില്‍ വീണതാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

