മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വ്യാപക ഇന്ധന കള്ളക്കടത്ത്. മൂന്ന് ദിവസത്തിനിടെ 36,000 ലിറ്റര്‍ ഇന്ധനക്കടത്താണ് തലശ്ശേരി പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന് നികുതിയിനത്തില്‍ കോടികളുടെ നഷ്ടമാണ് ഡീസല്‍ക്കടത്ത് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ പമ്പുകള്‍ക്ക് വരുമാന നഷ്ടത്തിനും ഇടയാക്കുന്നതാണ് കടത്ത്. പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ടാങ്കറുകളില്‍ വന്‍ തോതില്‍ എണ്ണ കടത്തുന്നത്.
പെട്രോള്‍ ലിറ്ററിന് കേരളത്തില്‍ 105.84 രൂപയാണെങ്കില്‍ മാഹിയില്‍ 93.78 രൂപയാണ വില. 12.06 രൂപയാണ് വ്യത്യാസം. ഡീസലിന് കണ്ണൂരില്‍ 94.79 രൂപയും മാഹിയില്‍ 83.70 രൂപയാണ് വില. വിലയിലുള്ള ഈ അന്തരമാണ് എണ്ണ കടത്ത് സജീവമാകന്‍ കാരണം. കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചതിന് പിന്നാലെ പോണ്ടിച്ചേരി സര്‍ക്കാരും നികുതി ഇളവ് പ്രഖ്യാപിച്ചതോടെയാണ് മാഹിയില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഇടിഞ്ഞത്. പിന്നാലെയാണ് മാഹി കേന്ദ്രീകരിച്ചു എണ്ണ കടത്ത് സംഘങ്ങളും സജീവമായത്.
കടത്തിന് ഉപയോഗിക്കുന്ന ടാങ്കറുകളുടെ പരമാവധി സംഭരണശേഷി 12,000 ലിറ്ററാണ്. മാഹി പിന്നിട്ടാല്‍ ഒരു ടാങ്കര്‍ ഡീസലിന് ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം രൂപയാണ് ലാഭം. മാഹിയിലെ പമ്പുകളില്‍ ടാങ്കറെത്തിച്ച് ഇന്ധനം നിറയ്ക്കും. കേരളത്തിലെ വിവിധ ജില്ലകളിലേക്കാണ് കടത്ത്. പിന്നീട് വിപണി വിലയേക്കാള്‍ നേരിയ കുറവില്‍ വില്‍പന നടത്തും. സംസ്ഥാനത്തിന് പ്രതിമാസം കോടികളുടെ നികുതി നഷ്ടമെന്ന് ന്യൂ മാഹി എസ് ഐ അറിയിച്ചു.
English summary; Widespread fuel smuggling from Mahe to Kerala
You may also like this video;