ലബനനിൽ വ്യാപകമായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മരണം 560 ആയി. തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. 50 കുട്ടികളടക്കമാണ് മരിച്ചത്. ഏകദേശം 5,000 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നാലെയാണ് ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ടു ദിവസമായി നടക്കുന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 1835 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മുന്നൂറിലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ഗലീലിയിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടിരുന്നു. ലബനനിലെ ഇസ്രയേൽ വ്യോമാക്രമണം കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ പൂർണമായും യുദ്ധത്തിന്റെ വക്കിലാണ്. 1982 ലേതുപോലെ ലബനനിലേക്ക് കര വഴി ഇസ്രയേലി സൈനികനീക്കം ഉണ്ടായാൽ പൂർണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ വഴിമാറും. ഇതു മുൻകൂട്ടി കണ്ട അമേരിക്ക മേഖലയിൽ സൈനിക വിന്യാസം കൂട്ടുകയാണ്. ലബനനിലെ യുഎസ് പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്.