Site iconSite icon Janayugom Online

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക അക്രമം

strikestrike

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണം. സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്. പലയിടങ്ങളിലും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. ബസുകള്‍ക്ക് വ്യാപക കേടുപാടുകള്‍ സംഭവിച്ചു. 170 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, രണ്ട് ലോറികള്‍ എന്നിവയുടെ ചില്ലുകള്‍ തകര്‍ത്തു. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.
കോഴിക്കോട് ജില്ലയില്‍ നാല് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. തൃശൂർ‑കണ്ണൂർ, കോഴിക്കോട്-ബംഗളുരു, കൽപ്പറ്റ‑കോഴിക്കോട്, കോഴിക്കോട് ‑ഗുരുവായൂർ, പൊന്നാനി റൂട്ടുകളിൽ സർവീസ് നടത്തിയ ബസുകൾക്ക് കല്ലേറില്‍ കേടുപാടുകളുണ്ടായി. കല്ലായി റോഡിൽ നിർത്തിയിട്ട ലോറിക്ക് നേരെയും ആക്രമണമുണ്ടായി. ഡ്രൈവർ കൊല്ലം സ്വദേശി ജിനു ഹബീബുള്ളയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു.
കോട്ടയം ജില്ലയിൽ നിരവധി കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർത്തു. കടകൾക്കും ലോട്ടറി തട്ടുകൾക്കും നേരെയും ആക്രമണം നടത്തി. തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു. ബാലരാമപുരത്ത് ബസുകള്‍ക്കു നേരെ വ്യാപകമായ കല്ലേറുണ്ടായി. പോത്തന്‍കോട് മഞ്ഞമലയില്‍ കടകള്‍ ബലമായി അടപ്പിച്ചു. കട അടിച്ചു തകര്‍ക്കുകയും ചെയ്തു.
കോട്ടയം ജില്ലയിലാണ് ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം പേര്‍ അറസ്റ്റിലായത്. 87 പ്രവര്‍ത്തകര്‍. കണ്ണൂര്‍ സിറ്റി പരിധിയില്‍ ആണ് ഏറ്റവുമധികം കേസുകള്‍ (28) രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തുടനീളം 368 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. മലപ്പുറം ജില്ലയില്‍ മാത്രം 118 പേരെ കസ്റ്റഡിയിലെടുത്തു.
ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഡല്‍ഹിയിലും ഹൈദരാബാദിലുമായി അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആകെ 45 പേര്‍ അറസ്റ്റിലായി.

മിന്നൽ ഹർത്താൽ നിയമവിരുദ്ധം: ഹൈക്കോടതി

കൊച്ചി: മിന്നൽ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആ­ഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ർക്കെതിരെയും നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു.
പോപ്പുല‍ർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹ‍ർത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു- സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണമെന്ന് കോടതി നി‍ർദ്ദേശിച്ചു. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും വിശദാംശങ്ങൾ അറിയിക്കണമെന്നും കോടതി കർശനമായി നിർദ്ദേശിച്ചു.
ആക്രമണങ്ങൾ തടയാനുള്ള നടപടികൾ വേണം. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നൽകണം. സമരങ്ങൾ നടത്തുന്നതിനെയല്ല കോടതി എതിർക്കുന്നതെന്നും ജയശങ്കരൻ നമ്പ്യാർ, നിയാസ് റഹ്‌മാൻ അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണമെന്നും വാദത്തിനിടെ വ്യക്തമാക്കി. അക്രമം തടയാൻ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും പൊലീസിനോട് കോടതി നിർദ്ദേശിച്ചു. 

70 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നു

തിരുവനന്തപുരം: ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് അക്രമികള്‍ തകര്‍ത്തത് 70 കെഎസ്ആര്‍ടിസി ബസുകള്‍. ഇന്നലെ 2439 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്.
രാവിലെ മുതല്‍ സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമമുണ്ടായി.
കല്ലേറിൽ 11 പേർക്ക് പരിക്കേറ്റു. സൗത്ത് സോണിൽ മൂന്ന് ഡ്രൈവർമാര്‍ക്കും രണ്ട് കണ്ടക്ടർമാര്‍ക്കും പരിക്കേറ്റു. സെൻട്രൽ സോണിൽ മൂന്ന് ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും കല്ലേറില്‍ പരിക്കേറ്റു. നോർത്ത് സോണിൽ രണ്ട് ഡ്രൈവർമാര്‍ക്കാണ് പരിക്കേറ്റത്.
സൗത്ത് സോണിൽ 1288, സെൻട്രൽ സോണിൽ 781, നോർത്ത് സോണിൽ 370 എന്നിങ്ങനെയാണ് ബസുകൾ സർവീസ് നടത്തിയത്. അതിൽ സൗത്ത് സോണിൽ 30, സെൻട്രൽ സോണിൽ 25, നോർത്ത് സോണിൽ 15 ബസുകളുമാണ് കല്ലേറിൽ തകർന്നത്. നാ​ശ​ന​ഷ്ടം 50 ല​​ക്ഷം രൂപയിൽ കൂ​ടു​മെ​ന്നാ​ണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തൽ. 

Eng­lish Sum­ma­ry: Wide­spread vio­lence in Pop­u­lar Front hartal

You may like this video also

Exit mobile version