Site iconSite icon Janayugom Online

കാട്ടാനയും കരടിയും പഴേരി നിവാസികളുടെ ഉറക്കം കെടുത്തുന്നു

വനത്തില്‍ നിന്ന് ഏറെ മാറിയാണ് പഴേരി ഗ്രാമം. പക്ഷേ ജനവാസ മേഖലയില്‍ കാട്ടാനയും കരടിയുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമാണ്. കൃഷിയിടത്തില്‍ മാത്രമായി നിലയുറപ്പിച്ചിരുന്ന ഈ വന്യമൃഗങ്ങള്‍ ഇപ്പോള്‍ വീട്ടുമുറ്റത്താണ് വാസം. മൃഗങ്ങളെ പേടിച്ച് രാത്രികാലങ്ങളില്‍ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതോടെ മേഖലയിലെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പഴേരിയില്‍ പ്രദേശവാസിയായ പുളിക്കല്‍ രാജന്റെ വീട്ടുമുറ്റത്താണ് കാട്ടാനയെത്തിയത് . വീടിനോട് ചേര്‍ന്ന് നിന്ന രണ്ട് തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. കാട്ടാനയെ ഭയന്ന് സന്ധ്യമയങ്ങിയാല്‍ വീടിനുപുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നും കര്‍ഷകര്‍. വേലിയടക്കം തകര്‍ത്താണ് കാട്ടുകൊമ്പന്‍ വിള നശിപ്പിച്ചത്. വാഴ, കാപ്പി, കമുക് എന്നിവയും സമീപത്തെ കണ്ടംപുലി ക്ഷേത്രവളപ്പിലെ വാഴ, മഞ്ഞമുളയും കാട്ടാന നശിപ്പിച്ചായിരുന്നു കാട്ടാനയുടെ സംഹാര താണ്ഡവം .

വനത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് കാട്ടാനയുടെയും കരടിയുള്‍പ്പെടെയുള്ള മറ്റ് വന്യമൃഗങ്ങളുടെയും ശല്യമുള്ള പ്രദേശം സ്ഥിതി ചെയ്യുന്നത്. ഫെന്‍സിംഗ് സംവിധാനമടക്കം കര്‍ഷകര്‍ കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കാട്ടാനയെ പ്രതിരോധിക്കാനാവുന്നില്ല. കാട്ടാന പന്നി, കാട്ടുപോത്ത്, മാന്‍ കുരങ്ങ് എന്നിവയയിരുന്നും ആദ്യം ശല്യക്കാരയിരുന്നതെങ്കില്‍ ഇപ്പോള്‍ മഴ പെയ്തതോടെ ചിതല്‍ തിന്നുന്നതിനും തേന്‍ കുടിക്കുന്നതിനുമായി കരടിയുടെ കടന്ന് വരവാണ്. കഴിഞ്ഞദിവസം ജനവാസകേന്ദ്രത്തിലിറങ്ങിയ കരടി കര്‍ഷകരുടെ കൃഷിയിടത്തില്‍ തന്നെ നിലയുറപ്പിച്ചത് ഭീതിയിലാക്കി. കൃഷിയിടങ്ങളിലടക്കം പോകാന്‍ കര്‍ഷകര്‍ ഭയക്കുകയാണ്. തേനീച്ച കൃഷി ചെയ്യുന്ന കര്‍ഷകരും കരടിഭീതിയിലാണ് ഇവിടെ കഴിയുന്നത്. കരടി യുടെ വരവോടെ
പഴേരിനിവാസികളുടെ ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ്. രാവിലെ സൊസൈറ്റികളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകരും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് വനംവകുപ്പ് പറയാറുണ്ടെങ്കിലും നടപടികള്‍ ഇല്ലെന്നാണ് ആരോപണം. പട്രോളിംഗ് അടക്കം ശക്തമാക്കി വന്യമൃഗശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് കര്‍ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Exit mobile version