Site iconSite icon Janayugom Online

മനുഷ്യ‑വന്യജീവി സംഘർഷം: കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പുവച്ചു

വന്യജീവി ശല്യം തടയുന്നതിൽ കേരളവും കർണാടകയും തമ്മിൽ അന്തർസംസ്ഥാന സഹകരണ കരാർ ഒപ്പുവച്ചു. കരാറില്‍ ഒപ്പിട്ടില്ലെങ്കിലും തമിഴ‌്നാടും അതിന്റെ ഭാഗമായിരിക്കും. വന്യജീവി ശല്യം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ബന്ദിപ്പൂരിൽ ചേർന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ഇരുസംസ്ഥാനങ്ങളും കരാറിൽ ഒപ്പുവച്ചത്. വന്യജീവി-മനുഷ്യ സംഘര്‍ഷം തടയാന്‍ കേരള, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ കൂട്ടായ ഉത്തരവാദിത്തവും സഹകരണവും ഉറപ്പാക്കുന്നതാണ് ചാര്‍ട്ടര്‍. തമിഴ‌്നാട് വനം മന്ത്രി എം മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാലാണ് ഒപ്പിടാത്തത്. വിഭവ വിവര കൈമാറ്റങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ത്രികക്ഷി ഉടമ്പടി. പ്രശ്നക്കാരായ മൃഗങ്ങളെക്കുറിച്ച് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും വിവര കൈമാറ്റവും വന്യജീവി-മനുഷ്യ സംഘട്ടന സാഹചര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ ധാരണ ലഭ്യമാക്കും.

സംസ്ഥാനങ്ങളുടെ അധികാര പരിധി സംബന്ധിച്ചുള്ള പ്രശ്നങ്ങളില്‍ അതിവേഗം പരിഹാരമുണ്ടാക്കാനും ചാര്‍ട്ടര്‍ ലക്ഷ്യമിടുന്നു. മൂന്ന് സംസ്ഥാനങ്ങളുടെയും വനം, പൊലീസ്, എക്സൈസ് വകുപ്പുകൾ യോജിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. മൃഗ ഡോക്ടർമാരും മറ്റ് നിർണായക സേവനങ്ങളും ഇതോടൊപ്പം ചേര്‍ന്ന് സങ്കീർണമായ വന്യജീവി-മനുഷ്യ സംഘര്‍ഷ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ചാര്‍ട്ടര്‍ വിഭാവനം ചെയ്യുന്നു. അന്തര്‍സംസ്ഥാന കോ ഓര്‍‍ഡിനേഷന്‍ കമ്മിറ്റി(ഐസിസി)ക്ക് പുതുതായി ഒരു നോഡല്‍ ഓഫിസറെ നിയോഗിക്കും. കൺസർവേറ്റർ, ഫീല്‍ഡ് ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ജോയിന്റ് നോഡൽ ഓഫിസർമാരായി പ്രവര്‍ത്തിക്കും.

വന്യജീവി സംരക്ഷണം, പരിസ്ഥിതിശാസ്ത്രം, അനുബന്ധ മേഖലകൾ എന്നിവയിലെ വിദഗ്ധർ ഉള്‍പ്പെടുന്ന ഉപദേശക ബോർഡും ഐസിസിയെ സഹായിക്കാനുണ്ടാകും. 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമ ഭേദഗതി ആവശ്യത്തിന് തമി‌ഴ‌്നാടും കര്‍ണാടകയും പിന്തുണ നല്‍കി. വംശ വര്‍ധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേരളം ആവശ്യപ്പെട്ടു. അതേസമയം റെയില്‍ ഫെന്‍സിങ്ങിന് കേന്ദ്രം സഹായം നല്‍കുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ബി ഹണ്ടാരെ കുറ്റപ്പെടുത്തി.

Eng­lish Sum­ma­ry: wild ani­mals threat: Inter-state coop­er­a­tion agree­ment signed between Ker­ala and Karnataka
You may also like this video

Exit mobile version