Site icon Janayugom Online

കോഴിക്കോട് പുല്ലുവെട്ടുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

പുല്ലുവെട്ടുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് ചാത്തമംഗലം സൗത്ത് അരയങ്കോട് വളയംങ്കോട്ടുമ്മൽ ആമിനയ്ക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്. ആടിന് തീറ്റ ശേഖരിക്കുന്നതിന് തൊട്ടടുത്ത വയലിൽ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വയലിലെ വാഴത്തോട്ടത്തിൽ നിന്നും കുതിച്ചെത്തിയ കാട്ടുപന്നി ഇവരെ കുത്തിത്തെറിപ്പിക്കുകയായിരുന്നു. നെഞ്ചിനും വയറിനും ആണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ആമിനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ ചേർന്ന് ഇവരെ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പും ഇതേ വയലിൽ വച്ച് പകൽസമയം ആമിനക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ അന്ന് പരിക്ക് അത്ര ഗുരുതരമായിരുന്നില്ല.

കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ മേഖലയാണ് ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത്അരയങ്കോട് .പകൽ സമയങ്ങളിലും കാട്ടുപന്നി മനുഷ്യന് നേരെ ആക്രമണം നടത്താൻ തുടങ്ങിയതോടെ കുട്ടികൾ അടക്കമുള്ളവർ ഏറെ ഭീതിയോടെയാണ് വീടിന് പുറത്തിറങ്ങുന്നത്. കാട്ടുപന്നികൾ മനുഷ്യന് നേരെ തിരിഞ്ഞതോടെ
എത്രയും പെട്ടെന്ന് കാട്ടുപന്നി ശല്യം അവസാനിപ്പിക്കാൻ നടപടിയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആമിനയ്ക്ക് ആവശ്യമായ ചികിത്സാ സഹായം ലഭിക്കുന്നതിന് അപേക്ഷ കിട്ടുന്ന മുറയ്ക്ക് ശുപാർശ ചെയ്യുമെന്ന് പീടിക പാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.പ്രസന്നകുമാർ അറിയിച്ചു.

Eng­lish Sum­ma­ry: Wild boar attacked Kozhikode while cut­ting grass; House­wife seri­ous­ly injured

You may also like this video

Exit mobile version