സംസ്ഥാനത്ത് മൂന്നിടങ്ങളിൽ ഇന്ന് രാവിലെ കാട്ടാന ആക്രമണം. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, പത്തനംതിട്ടയിലെ കോന്നി, മലപ്പുറം ജില്ലയിലെ നാടുകാണി ചുരം എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ആനയുടെ ആക്രമണത്തിൽ അട്ടപ്പാടിയിലും കോമ്മിയിലുമായി രണ്ട് പേർക്ക് പരിക്കേറ്റു. മലപ്പുറത്ത് യുവാവിന് പരിക്ക് ഉണ്ടായില്ലെങ്കിലും ഇദ്ദേഹത്തിൻറെ വാഹനം ആന തകർത്തു.
അട്ടപ്പാടി തെക്കേ കടമ്പാറ സ്വദേശി സെന്തിൽ (35), കോന്നി കലഞ്ഞൂർ സ്വദേശി വിദ്യാധരൻ പിള്ള എന്നിവർക്കാണ് പരിക്കേറ്റത്. കാട്ടാന ആക്രമണത്തിൽ വാരിയെല്ലിന് പരിക്കേറ്റ സെന്തിലിനെ നെന്തിൽ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാധരൻ പിള്ളയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

