Site iconSite icon Janayugom Online

ഇടുക്കിയിലെ കാട്ടാനകൾ നിരീക്ഷണ വലയത്തിൽ

കാട്ടാനശല്യം അതിരൂക്ഷമായ ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ആക്രമണകാരികളായ കാട്ടാനകൾ നിരീക്ഷണ വലയത്തിൽ. വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് പരിശോധനകൾ തുടരുന്നത്. വയനാട്ടിൽ നിന്നുള്ള ദ്രുത കർമ്മ സേനയ്ക്കൊപ്പം ഇടുക്കിയിൽ നിന്നുള്ള സംഘവും നിരീക്ഷണ സംഘത്തിലുണ്ട്.
അരിക്കൊമ്പൻ, മൊട്ടവാലൻ, ചക്കക്കൊമ്പൻ എന്നീ ആനകൾ പ്രദേശത്ത് തുടർച്ചയായി ഭീതി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് വനംവകുപ്പ് വയനാട്ടിൽ നിന്നുള്ള സംഘത്തെ നിയോഗിച്ചത്. എന്നാൽ ഒരു വശത്ത് ഡാമും മറുവശത്ത് ജനവാസമുള്ള കുന്നുമായതിനാൽ ബുദ്ധിമുട്ടേറിയ ഭൂപ്രകൃതിയാണ് ഇവിടെ ഉള്ളതെന്ന് അരുൺ സക്കറിയ മാധ്യമങ്ങളോട് വ്യക്തമാക്കി. 

ആനകളെ കാട്ടിലേക്ക് ഓടിക്കുക, റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുക, ആക്രമണകാരികളെ മറ്റു സ്ഥലത്തേക്ക് മാറ്റുകയെന്ന മൂന്നു നിർദേശങ്ങളാണ് വനംവകുപ്പ് മുന്നോട്ട് വച്ചിരുന്നത്. ഇതിൽ ആദ്യത്തെ തീരുമാനം നടപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അരിക്കൊമ്പനാണ് പ്രദേശത്തെ ഏറ്റവും വലിയ അപകടകാരി. അതിനാൽ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനാണ് ആലോചന. എന്നാൽ പ്രദേശത്തെ ഭൂപ്രകൃതി അപ്പോഴും വലിയ വെല്ലുവിളിയാകും. ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിച്ച ശേഷം കുങ്കിയാനകളെ എത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ആലോചന. 

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാൻ വയനാട്, ഇടുക്കി ദ്രുതകർമ സേനകളുടെ നേതൃത്വത്തിൽ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കഴിഞ്ഞദിവസം പരിശോധനകൾ നടത്തിയിരുന്നു. കാട്ടാനകൾ നിൽക്കുന്ന സ്ഥലവും ഇവയുടെ സഞ്ചാരപാതയും എളുപ്പത്തിൽ കണ്ടെത്താനാണ് ഡ്രോൺ ഉപയോഗിക്കുന്നത്. 

Eng­lish Summary;Wild ele­phant in Iduk­ki under sur­veil­lance zone
You may also like this video

Exit mobile version