Site iconSite icon Janayugom Online

കോതമംഗലത്ത് കാട്ടാന ആക്രമണം: രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്

കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. കോതമംഗലത്ത് കുളങ്ങാട്ടുകുഴി സ്വദേശി കല്ലുമുറിക്കൽ വീട്ടിൽ ഗോപി, ബന്ധുവായ പട്ടം മാറുകുടി അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ വന്ന ഇവരെ കണ്ട കാട്ടാനക്കൂട്ടം വാഹനത്തിന് നേരെ പാഞ്ഞടുത്തത്.

വാഹനം നിർത്തി ഇറങ്ങാൻ ശ്രമിച്ച ഗോപിയെ ആന തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. ചിന്നം വിളിച്ച് ഭീതി പരത്തിയ ആനകളെ ഫോറസ്റ്റ് വാച്ചർ എത്തിയാണ് ഓടിച്ചത്. ഏഴോളം ആനകൾ കൂട്ടത്തിൽ ഉണ്ടായിരുന്നതായി ഗോപി പറഞ്ഞു. പരിക്കേറ്റ ഇരുവരെയും കോതമംഗലം ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം, നേരത്തെ പനവല്ലിയില്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനു നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു. ഭിന്നശേഛിക്കാരനായ യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. കാട്ടില്‍ നിന്ന് ആന പാഞ്ഞിറങ്ങുന്നത് കണ്ട് വേഗം സ്കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് തൻ്റെ സ്കൂട്ടര്‍ ആന കൊമ്പുകൊണ്ട് കുത്തിമറിക്കുകയായിരുന്നു. 

Exit mobile version