വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍കൂടി കൊല്ലപ്പെട്ടതോടെ വന്യജീവികളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന മുറവിളി വീണ്ടുമുയര്‍ന്നിരിക്കുകയാണ്. മാനന്തവാടി ചാലിഗദ്ദയിലെ പനച്ചിയില്‍ അജീഷാണ് കഴിഞ്ഞദിവസം മരിച്ചത്. കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട അജീഷ് രക്ഷപ്പെടുന്നതിന് അയല്‍വാസിയുടെ വീട് ലക്ഷ്യമാക്കി ഓടി മുറ്റത്തേക്ക് കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. വീട്ടുമതിലും ഗേറ്റും തകര്‍ത്ത് മുറ്റത്തേക്ക് കയറി അജീഷിനെ ആക്രമിക്കുവാന്‍ ശ്രമിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവം രണ്ടുദിവസമായി വന്‍ ജനകീയ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. രണ്ടുമാസം മുമ്പും വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കൂടല്ലൂരിലെ പ്രജീഷാണ് മരിച്ചത്. പ്രദേശത്ത് ഭീതി പടര്‍ത്തിയ ആളെക്കൊല്ലി കടുവയെ പിന്നീട് പിടികൂടുകയും തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുകയും ചെയ്തു. ശനിയാഴ്ചയുണ്ടായ സംഭവത്തിലെ ആക്രമണകാരിയായ ആനയെ കണ്ടെത്തി പിടികൂടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പും മറ്റും നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കണ്ണൂര്‍ ഉളിക്കലില്‍ ആനയിറങ്ങി ജനങ്ങള്‍ക്ക് ഭീതി പരത്തിയിരുന്നു. ആനയുടെ ആക്രമണത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം തൊട്ടടുത്ത ദിവസം കണ്ടെടുക്കുന്ന സാഹചര്യവുമുണ്ടായി. മൂന്ന് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് മനുഷ്യജീവനുകളായിരുന്നു. കഴിഞ്ഞ മാസമാദ്യം തിരുവനന്തപുരം പാലോട് ജനവാസ കേന്ദ്രങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന ഭീതി പരന്നിരുന്നു. പുലിയെ കണ്ടെത്താനായില്ലെങ്കിലും പരിസരത്തുനിന്ന് ഒരു പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു.
ഇതുകൂടി വായിക്കൂ; ആന ഒരു വന്യജീവിയാണ്
കുറച്ചുവര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെല്ലാം കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ജീവഹാനിയും പരിക്കും കൃഷിനാശവും ഉണ്ടാക്കുന്നു. ജനുവരി 31ന് വനം മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി അനുസരിച്ച് 2016 മുതല്‍ 23വരെ കാലയളവില്‍ 55,838 വന്യജീവി ആക്രമണങ്ങളുണ്ടായി. ഈ സംഭവങ്ങളിലെല്ലാമായി 909 ജീവനുകളാണ് നഷ്ടപ്പെട്ടതെങ്കില്‍ 7,492 പേര്‍ക്ക് പരിക്കേറ്റു. ഇതിന് പുറമേ വ്യാപകമായ കൃഷിനാശവും ഉണ്ടാക്കുന്നു. ഈ വര്‍ഷങ്ങളില്‍ 6,844 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായി എന്നാണ് കണക്കാക്കിയത്. ഇതെല്ലാം സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. വന്യജീവികള്‍ കാട് വിട്ട് നാട്ടിലേക്കിറങ്ങുന്നതിന് കാരണങ്ങള്‍ പലതാണ്. അതുസംബന്ധിച്ച നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. വനത്തിനകത്തെ ആവാസവ്യവസ്ഥയിലുണ്ടായ വ്യതിയാനം തന്നെയാണ് പ്രധാനകാരണമായി കണ്ടെത്തിയിട്ടുള്ളത്. അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ എന്ന നിലയില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് കുളങ്ങള്‍, ചെക്ക്ഡാമുകള്‍ എന്നിവയുടെ നിര്‍മ്മാണം, തീറ്റ ഉറപ്പാക്കുന്നതിനുള്ള വൃക്ഷങ്ങളും തീറ്റപ്പുല്ലും വച്ചുപിടിപ്പിക്കല്‍, കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നുവരുന്നുണ്ട്. ഇതിനുപുറമേ വനംവിട്ട് നാട്ടില്‍വരുന്ന ജീവികളെ തടയുന്നതിന് അതിര്‍ത്തികളില്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള വേലി നിര്‍മ്മാണവും നടക്കുന്നു. ഇതെല്ലാം വലിയ ചെലവ് വരുന്ന പ്രവര്‍ത്തനമായതിനാല്‍ ഉദ്ദേശിച്ച വേഗതയില്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നില്ലെന്ന പരിമിതിയുണ്ട്. കൂടാതെ സ്വീകരിക്കുന്ന മാര്‍ഗങ്ങളുടെ കാലപ്പഴക്കവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യജീവികളെ കാട്ടിലേക്കുതന്നെ തിരിച്ചയയ്ക്കുന്ന രീതിയാണ് അവലംബിക്കുന്നത്. അതിനു മാത്രമേ നിയമപരമായ സാധ്യതയുമുള്ളൂ. ഇങ്ങനെ കാട്ടിലേക്ക് തിരിച്ചയച്ചവ വീണ്ടുമിറങ്ങുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായി. വന്യമൃഗസാന്നിധ്യം അറിയിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍, മൃഗങ്ങളില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് അവയുടെ സഞ്ചാരം വീക്ഷിക്കുക എന്നിങ്ങനെയും സജ്ജീകരണങ്ങളുണ്ട്. ഇവയെല്ലാം എത്രയോ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതുമാണ്. പക്ഷേ ഇവയൊന്നും പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ഉപാധികളും ഫലപ്രദവുമാകുന്നില്ലെന്നതാണ് അനുഭവം. അതുകൊണ്ടുകൂടിയാണ് ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നത്.
ഇതുകൂടി വായിക്കൂ; വന്യജീവി ശല്യം രാഷ്ട്രീയവല്‍ക്കരിക്കരുത്
വയനാട്ടില്‍ ഇത്തവണ ജീവഹാനിക്കുകാരണമായ ആന റേഡിയോ കളര്‍ ഘടിപ്പിച്ചതാണെങ്കിലും അതിന്റെ സഞ്ചാരപഥങ്ങള്‍ മനസിലാക്കുന്നതിനോ മുന്നറിയിപ്പ് നല്‍കുന്നതിനോ സാധിച്ചില്ലെന്നതും ഈ പോരായ്മയാണ് വെളിപ്പെടുത്തുന്നത്. അതുതന്നെയാണ് അജീഷിന്റെ മരണത്തിനിടയാക്കിയത്. ഇവിടെ കാലവിളംബവും ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായെന്ന ആരോപണവുമുണ്ട്. അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സുരക്ഷയൊരുക്കുന്നതിനുള്ള സമഗ്രമായ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ക്രൂരസ്വഭാവമുള്ളതെന്ന് തിരിച്ചറിയുന്ന വന്യജീവികളെ കാട്ടിലേക്ക് തിരിച്ചയച്ച് വീണ്ടും നാട്ടിലിറങ്ങി അപകടം വരുത്തുന്നത് തടയുന്നതിന് അവയെ കൊല്ലുന്നതുള്‍പ്പെടെ നിയമപരമായ നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിന്റെ സാധ്യതകള്‍ പരിശോധിക്കപ്പെടണം. അത് കേന്ദ്രത്തിന്റെ ചുമതലയാണ്. വിഷയത്തെ രാഷ്ട്രീയ പ്രശ്നമാക്കാതെ, സാമൂഹ്യപ്രശ്നമാണെന്ന് കണ്ട് നിലപാടെടുക്കുന്നതിന് എല്ലാവരും തയ്യാറാകുകയും വേണം.